ന്യൂദല്‍ഹി: അന്തരീക്ഷ മലിനീകരണം തടയുന്നതിനായി ദല്‍ഹിയില്‍ ഒറ്റ അക്ക നമ്പര്‍ വാഹനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ദല്‍ഹി സര്‍ക്കാരിന്റെ ഈ നിര്‍ദേശത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി നേതാവ് വിജയ് ഗോയല്‍ ഒറ്റ അക്ക നമ്പറുള്ള കാറില്‍ നഗരത്തിലൂടെ സഞ്ചരിക്കുകയും ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പിഴ ചുമത്തുകയും ചെയ്തു.
അരവിന്ദ് കെജ്‌രിവാള്‍ അഞ്ച് വര്‍ഷത്തിനിടയില്‍ മലിനീകരണത്തിനെതിരെ ഒന്നും ചെയ്തിട്ടില്ലെന്നും അതിനാല്‍ താന്‍ പിഴയടക്കാന്‍ തയ്യാറാണെന്നുമായിരുന്നു ഗോയലിന്റെ പ്രതികരണം. എന്നാല്‍ ബി.ജെ.പി സര്‍ക്കാര്‍ മലിനീകരണത്തിനെതിരെ സ്വീകരിച്ച നടപടികള്‍ എന്താണെന്ന ചോദ്യത്തിന് വിജയ് ഗോയല്‍ മറുപടി പറയാന്‍ തയ്യാറായില്ല.
അതേസമയം ദല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം തടയുന്നതിനായി കര്‍ശന നിര്‍ദേശങ്ങളാണ് സുപ്രീംകോടതി മുന്നോട്ട വെച്ചത്.
ദല്‍ഹിയിലെ എല്ലാ തരത്തിലുമുള്ള നിര്‍മ്മാണങ്ങളും നിര്‍ത്തിവെക്കണമെന്നും ആവശ്യമുള്ളവ ഒഴിച്ചുള്ള വ്യവസായ ശാലകളുടെ പ്രവര്‍ത്തനം നിര്‍ത്തണം, ഒറ്റ ഇരട്ട അക്ക വാഹന നിയന്ത്രണത്തിന്റെ വിവരങ്ങള്‍ വെള്ളിയാഴ്ച്ച സമര്‍പ്പിക്കണം. മാലിന്യം കത്തിക്കുന്ന പക്ഷം 5000 രൂപ പിഴ, വിളകളുടെ അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് നിര്‍ത്തണം തുടങ്ങിയ നിര്‍ദേശങ്ങളുമാണ് സുപ്രീം കോടതി മുന്നോട്ട് വെച്ചത്.
അന്തരീക്ഷ മലിനീകരണം രൂക്ഷമാവുന്ന സാഹചര്യത്തില്‍ ഞായറാഴ്ച്ച
പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി അടിയന്തിരയോഗം വിളിച്ചു ചേര്‍ത്തിരുന്നു. ദല്‍ഹി, പഞ്ചാബ്, ഹരിയാന, എന്നീ സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരെ വീഡിയോ കോണ്‍ഫറന്‍സ് സംവിധാനത്തിലൂടെയാണ് ബന്ധപ്പെടുത്തിയത്. ഇന്നലെ ആദ്യമായാണ് അന്തരീക്ഷ മലിനീകരണം ഉയര്‍ന്നതിനെത്തുടര്‍ന്ന് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും ഇടപെടല്‍ ഉണ്ടാവുന്നത്.