| Monday, 24th October 2022, 2:56 pm

ആര്‍.എസ്.എസ് ചാപ്പകുത്താനുള്ള നീക്കം വിലപ്പോവില്ല, ഗവര്‍ണര്‍ക്കെതിരെ കലാപ ആഹ്വാനം നടത്തുന്നത് വിചിത്രം: വി. മുരളീധരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണറെ വെല്ലുവിളിക്കുന്നത് വഴി ഭരണഘടനാ മൂല്യങ്ങളേയും സുപ്രീം കോടതി വിധിയേയും അവഹേളിക്കുകയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് സംസ്ഥാന ഭരണത്തിന്റെ അധിപനെതിരെ കലാപ ആഹ്വാനം നടത്തുന്നത് വിചിത്രമാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ സമരങ്ങള്‍ ജനാധിപത്യത്തിന്റെ ഭാഗമാണ്. ഭരണഘടനയുടെ അന്തസത്തയെ ബഹുമാനിക്കുന്നവര്‍ക്ക് ചേര്‍ന്ന സമീപനമല്ല കേരളത്തിലെ ഭരണകൂടം ചെയ്യുന്നതെന്നും വി. മുരളീധരന്‍ പറഞ്ഞു.

സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയത് സുപ്രീം കോടതിയാണ്. വിധിയുടെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ നിറവേറ്റുന്നത് ഭരണഘടനാപരമായ കര്‍ത്തവ്യമാണ്. അതിനെ ആര്‍.എസ്.എസ് അജണ്ടയാക്കി ചിത്രീകരിക്കുന്നത് രാജ്യത്തെ ഭരണഘടനയേയും പരമോന്നത കോടതിയേയും ആക്ഷേപിക്കുന്നതിന് തുല്യമാണെന്ന് വി. മുരളീധരന്‍ ആരോപിച്ചു.

ആര്‍.എസ്.എസ് ചട്ടുകമെന്ന് ഗവര്‍ണറെയും ജഡ്ജിമാരേയും ചാപ്പകുത്തി ഇഷ്ടക്കാരെ ചട്ടം ലംഘിച്ച് തിരുകികയറ്റാനാണ് മുഖ്യമന്ത്രിയും കൂട്ടരും ശ്രമിക്കുന്നത്. യു.ജി.സി ചട്ടപ്രകാരമല്ലാത്ത നിയമനത്തിന് ഗവര്‍ണര്‍ വഴങ്ങിക്കൊടുക്കണമോ എന്നും വി. മുരളീധരന്‍ ചോദിച്ചു.

വിലകെടുത്തിയും വിരട്ടിയും സ്വജനപക്ഷപാത നയം തുടരാമെന്നത് മുഖ്യമന്ത്രിയുടെ വ്യാമോഹം മാത്രമെന്നും വി. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഒമ്പത് സര്‍വകലാശാലകളിലെയും വൈസ് ചാന്‍സലര്‍മാര്‍ രാജി വെക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മന്ത്രിമാരുടെ പൊതുവിജ്ഞാനത്തിന് മാര്‍ക്കിടാന്‍ ഗവര്‍ണര്‍ വരേണ്ടെന്നും പെട്ടെന്നൊരു ദിവസം വന്ന് വി.സിമാരോട് ‘ഇറങ്ങിപ്പോ’ എന്ന് പറഞ്ഞാല്‍ ആത്മാഭിമാനമുള്ളവര്‍ക്ക് അത് പറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിങ്കളാഴ്ച രാവിലെ 11.30നകം വി.സിമാര്‍ രാജിവെക്കണമെന്നായിരുന്നു ഗവര്‍ണര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. യു.ജി.സി ചട്ടങ്ങള്‍ പാലിക്കാതെ നടന്ന വി.സി നിയമനങ്ങള്‍ക്ക് എതിരായ കോടതി വിധിയുടെ മറപിടിച്ചാണ് ഗവര്‍ണര്‍ അസാധാരാണമായ നടപടിക്ക് നിര്‍ദേശം നല്‍കിയത്.

എന്നാല്‍ സര്‍വകലാശാല വി.സിമാര്‍ ആരും തന്നെ ഗവര്‍ണര്‍ നിര്‍ദേശിച്ച സമയത്തിനുള്ളില്‍ രാജിവെക്കാന്‍ തയ്യാറായില്ല. ഗവര്‍ണറുടെ നടപടിക്കെതിരെ വി.സിമാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. വിഷയത്തില്‍ തിങ്കളാഴ്ച നാല് മണിക്ക് പ്രത്യേക ബെഞ്ച് വി.സിമാരുടെ ഹരജി പരിഗണിക്കും.

Content Highlight: BJP Leader V Muraleedhran Slams CM Pinarayi Vijayan over Anti Governor Remarks

We use cookies to give you the best possible experience. Learn more