ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച ബി.ജെ.പി നേതാവ് പിടിയില്‍
national news
ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച ബി.ജെ.പി നേതാവ് പിടിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th July 2023, 9:29 am

 

ഭോപ്പാല്‍: മധ്യപ്രദേശിലെ സിദ്ധിയില്‍ ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച ബി.ജെ.പി നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാജ്യരക്ഷാ നിയമം, പട്ടികവര്‍ഗ സംരക്ഷണ നിയമം എന്നിവയടക്കം ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ബി.ജെ.പി എം.എല്‍.എ കേദാര്‍നാഥ് ശുക്ലയുടെ അടുത്ത സഹായിയായ പ്രവേഷ് ശുക്ലയാണ് പിടിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് എ.എസ്.പി അഞ്ജുലത പട്‌ലെ പറഞ്ഞു.

മധ്യപ്രദേശിലെ സിദ്ധി ജില്ലയിലാണ് സംഭവം. ബി.ജെ.പി നേതാവ് ഒരു ചവിട്ടുപടിയില്‍ ഇരിക്കുകയായിരുന്ന ആദിവാസി യുവാവിന് അടുത്തെത്തി സിഗരറ്റ് വലിച്ച് യുവാവിന്റെ ശരീരത്തിലേക്ക് മൂത്രമൊഴിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്.

രാജ്യവ്യാപകമായി വലിയ പ്രതിഷേധമാണ് ബി.ജെ.പി നേതാവിനെതിരെ ഉയര്‍ന്നത്. ബി.ജെ.പി നേതാവിനെതിരെ എന്തുകൊണ്ട് നടപടി ഉണ്ടാകുന്നില്ലെന്നും ഇതാണോ ആദിവാസി, ഗോത്ര വര്‍ഗങ്ങളോടുള്ള ബി.ജെ.പിയുടെ മനോഭാവമെന്നും കോണ്‍ഗ്രസ് വക്താവ് അബ്ബാസ് ഹഫീസ് ചോദിച്ചു.

‘പൃഥ്വിരാജ് ചൗഹാന്‍, ഇതാണോ നിങ്ങളുടെ ആദിവാസികളോടുള്ള സ്നേഹം? ഇതിനെ ജംഗിള്‍ രാജ് എന്നാണോ വിളിക്കേണ്ടത്? എന്തുകൊണ്ടാണ് ബി.ജെ.പി നേതാവിനെ അറസ്റ്റ് ചെയ്യാത്തത്?,’ അബ്ബാസ് ട്വീറ്റ് ചെയ്തു.

മധ്യപ്രദേശ് മുഖ്യമന്ത്രിക്ക് അല്‍പമെങ്കിലും നാണവും മനുഷ്യത്വവും ബാക്കിയുണ്ടെങ്കില്‍ പാവങ്ങള്‍ക്ക് മേല്‍ ഉപയോഗിക്കുന്ന ബുള്‍ഡോസര്‍ ഈ ബി.ജെ.പിക്കാരനെതിരെയും ഉപയോഗിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി. ശ്രീനിവാസ് പറഞ്ഞു. ഈ വീഡിയോ കണ്ട് കഴിഞ്ഞപ്പോള്‍ തോന്നിയ ദേഷ്യം എത്ര മാത്രമാണെന്ന് പറഞ്ഞറിയിക്കാന്‍ സാധിക്കില്ലെന്നും ശ്രീനിവാസ് വിമര്‍ശിച്ചു.

ദല്‍ഹിയിലെ ആം ആദ്മി എം.എല്‍.എ നരേഷ് ബല്‍യാനും വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ‘ഈ വീഡിയോ മധ്യപ്രദേശിലാണെന്നാണ് പറയപ്പെടുന്നത്. ഈ വ്യക്തി ബി.ജെ.പി എം.എല്‍.എയുമായി നല്ല ബന്ധമുള്ളയാളാണെന്നാണ് ലഭിക്കുന്ന വിവരം.

ബഹുമാനപ്പെട്ട പൃഥ്വിരാജ് ചൗഹാന്‍ ഈ രാക്ഷസന്‍ ഇത് ചെയ്യുന്നത് ആ പാവത്തിന്റെ മുഖത്തല്ല, മറിച്ച് നിങ്ങളുടെ വ്യവസ്ഥയ്ക്ക് നേരെയാണ്. ആ പാവം വ്യക്തിയെ ആരും ബുദ്ധിമുട്ടിക്കാതെ നോക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്,’ അദ്ദേഹം പറഞ്ഞു.

 

Content Highlights: bjp leader urinating on adivasi youth arrested