മതപരിവര്‍ത്തനം തടയണമെന്ന് ബി.ജെ.പി നേതാവ്; കേട്ടുകേള്‍വിയുമായി കോടതിയെ സമീപിക്കരുതെന്ന് ദല്‍ഹി ഹൈക്കോടതി
ന്യൂദല്‍ഹി: നിര്‍ബന്ധിത മതപരിവര്‍ത്തനം തടയണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യായ ദല്‍ഹി ഹൈക്കോടതിയില്‍.
കണ്‍കെട്ടുവിദ്യയും അത്ഭുത പ്രവൃത്തിയും മറയാക്കിയും നിര്‍ബന്ധിച്ചും മതംമാറ്റുന്നത് തടയാന്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്നായിരുന്നു അശ്വിനി കുമാര്‍ ഉപാധ്യായയുടെ ആവശ്യം.
എന്നാല്‍ പൊതുതാല്‍പര്യമെന്ന നിലയില്‍ നല്‍കിയിരിക്കുന്ന ഹരജി പരിഗണിക്കണമെങ്കില്‍ അതിനുതക്ക തെളിവ് വേണമെന്നും കേട്ടുകേള്‍വിയുമായി കോടതിയെ സമീപിക്കരുതെന്നും ദല്‍ഹി ഹൈക്കോടതി പറഞ്ഞു.
ഏതു മതം തിരഞ്ഞെടുക്കാനും അതില്‍ വിശ്വസിക്കാനും വ്യക്തിക്ക് ഭരണഘടനാപരമായി അവകാശമുണ്ട്.
ഓരോ മതത്തിനും ഓരോ വിശ്വാസമുണ്ട്. നിര്‍ബന്ധിച്ചാണ് മതം മാറ്റുന്നതെങ്കില്‍, അത് വേറെ വിഷയം. പക്ഷേ, മതം മാറുന്നത് വ്യക്തിയുടെ ഇഷ്ടമാണെന്നും കോടതി വ്യക്തമാക്കി.
‘വാട്‌സ്ആപ്പിലും മറ്റു സമൂഹമാധ്യമങ്ങളിലും വന്ന വിവരങ്ങള്‍വെച്ചാണ് ഹരജി. സോഷ്യല്‍ മീഡിയയിലെ വിവരങ്ങളെല്ലാം ആധികാരികമല്ല. നേരും നുണയും ഒരുപോലെ അവിടെ വിതരണം ചെയ്യുന്നുണ്ട്. മതംമാറ്റത്തിന്റെ കാര്യമെടുത്താല്‍, അത് നിരോധിച്ചിട്ടൊന്നുമില്ല,’ കോടതി പറഞ്ഞു.
ആധികാരിക വിവരങ്ങളില്ലാതെ ഹരജി പരിഗണിക്കാനാവില്ലെന്നും രേഖകളുമായി വന്നാല്‍ വേനലവധി കഴിഞ്ഞ് പരിഗണിക്കാമെന്നും സ്റ്റിസുമാരായ സഞ്ജീവ് സച്‌ദേവ, തുഷാര്‍ റാവു ഗഡേല എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.
നിര്‍ബന്ധിത മതപരിവര്‍ത്തനത്തെക്കുറിച്ചുള്ള ഹരജി സുപ്രധാന വിഷയങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാറിനെ പ്രതിനിധാനംചെയ്യുന്ന അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ചേതന്‍ ശര്‍മ അഭിപ്രായപ്പെട്ടു. കോടതിക്ക് ഒരു നിലപാട് എടുക്കാന്‍ പാകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ സമാഹരിച്ച് ഹരജി ശക്തമാക്കാന്‍ ഉപാധ്യായക്ക് കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. താല്‍പര്യമുണ്ടെങ്കില്‍ സര്‍ക്കാറിന് നടപടിയെടുക്കാം എന്ന പരാമര്‍ശത്തോടെയാണ് കോടതി കേസ് മാറ്റിവെച്ചത്.
Content Highlights: BJP leader urges ban on conversion; The Delhi High Court has directed the court not to approach the court with a hearing