ഭോപാല്‍: മധ്യപ്രദേശ് മന്ത്രിസഭാ രൂപീകരണത്തില്‍ പരിഗണിക്കാത്തതില്‍ കടുത്ത വിയോജിപ്പറിയിച്ച് മുതിര്‍ന്ന ബി.ജെ.പി നേതാവ് ഉമ ഭാരതി. മന്ത്രി സഭാ വികസനത്തില്‍ ജാതി സമവാക്യങ്ങള്‍ പരിഗണിച്ചില്ലെന്നും ഉമാ ഭാരതി പറഞ്ഞു.
‘ജാതി സമവാക്യങ്ങളില്‍ തുല്യത വരുത്താത്തതില്‍ എനിക്ക് വിയോജിപ്പുണ്ട്. ജ്യോതിരാദിത്യ സിന്ധ്യ തന്റെ സഹപ്രവര്‍ത്തകരോടൊപ്പം കൂറുമാറി ബി.ജെ.പിയില്‍ ചേര്‍ന്നതിലും കോണ്‍ഗ്രസ് തകര്‍ക്കപ്പെട്ടതിലും എനിക്ക് സന്തോഷമാണ്. എന്നാല്‍ മന്ത്രിസഭാ വികസനത്തില്‍ എന്റെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും അവഗണിച്ചത് എന്നെയും ഞാനുമായി ബന്ധപ്പെട്ടുള്ളവരെയും അപമാനിക്കുന്നതാണ്. പട്ടികയില്‍ മാറ്റങ്ങള്‍ വരുത്താന്‍ ആവശ്യപ്പെട്ട് പാര്‍ട്ടി നേതൃത്വത്തോട് ഞാന്‍ സംസാരിക്കും’, ഉമ ഭാരതി പറഞ്ഞു.
ഏറെ നാളത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തില്‍ ഇന്ന് 28 അംഗങ്ങളെക്കൂടി ഉള്‍പ്പെടുത്തി മന്ത്രി സഭ രൂപീകരിച്ചത്. കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് കമല്‍നാഥ് സര്‍ക്കാരിനെ താഴെയിറക്കിയ ജ്യോതിരാദിത്യ സിന്ധ്യയ്ക്കൊപ്പമുള്ള 12 പേര്‍ മന്ത്രിമാരാകുമെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ രൂപീകരിച്ച് മൂന്ന് മാസത്തിന് ശേഷമാണ് മന്ത്രിസഭാ വികസനം നടക്കുന്നത്.
സംസ്ഥാനത്തെ പല മുതിര്‍ന്ന ബി.ജെ.പി നേതാക്കളെയും തഴഞ്ഞാണ് സിന്ധ്യ ക്യാംപിലുള്ളവര്‍ക്ക് മന്ത്രി സ്ഥാനം നല്‍കിയത് എന്നതിനാല്‍ നേതാക്കള്‍ അതൃപ്തിയിലാണ്. ഗോപാല്‍ ഭാര്‍ഗവിനെപ്പോലുള്ള നേതാക്കള്‍ അതൃപ്തി പരസ്യമാക്കി രംഗത്തെത്തിയിട്ടുമുണ്ട്.
ഗവര്‍ണര്‍ ലാല്‍ജി ടണ്ടന്‍ ആരോഗ്യസ്ഥിതി മോശമായതിനെ ആശുപത്രിയിലായതിനാല്‍ തുടര്‍ന്ന് ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന് മധ്യപ്രദേശിന്റെ അധിക ചുമതല നല്‍കിയിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ