national news
ആമിര്‍ഖാനെപ്പോലുള്ളവര്‍ കാരണമാണ് ജനസംഖ്യ കൂടുന്നത്; വിചിത്രവാദവുമായി ബി.ജെ.പി. എം.പി.
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jul 12, 12:26 pm
Monday, 12th July 2021, 5:56 pm

ന്യൂദല്‍ഹി: രാജ്യത്തെ ജനസംഖ്യാ വര്‍ധനവിന് കാരണം ആമിര്‍ഖാനെ പോലുള്ളവരാണെന്ന് ബി.ജെ.പി. എം.പി. സുധിര്‍ ഗുപ്ത. ആമിര്‍ഖാനും കിരണ്‍ റാവുമായുള്ള വിവാഹമോചനത്തിന് പിന്നാലെയായിരുന്നു സുധിറിന്റെ പ്രതികരണം.

‘ആദ്യ ഭാര്യയായ റീനയില്‍ ആമിറിന് രണ്ട് കുട്ടികള്‍, രണ്ടാം ഭാര്യയായ കിരണ്‍ റാവുവില്‍ ഒരു കുട്ടി. ഇനി മൂന്നാം ഭാര്യയെ കണ്ടെത്താന്‍ ശ്രമിക്കുകയാണോ?’ സുധിര്‍ ചോദിച്ചു.

ഇതാണോ ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ സന്ദേശമായി കാണിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു. ആമിറിനെപ്പോലുള്ളവര്‍ ജനസംഖ്യാ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നതില്‍ നിരാശയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ ജനസംഖ്യ 140 കോടിയിലേക്ക് അടുക്കുമ്പോള്‍ ഇന്ത്യയുടെ ഭൂപ്രകൃതി ഒരിഞ്ച് പോലും വര്‍ധിക്കുന്നില്ലെന്നും ഇത് അത്ര നല്ല വാര്‍ത്ത അല്ലെന്നും സുധിര്‍ പറഞ്ഞു.

അടുത്തിടെയാണ് ആമിര്‍ ഖാനും കിരണ്‍ റാവുവും വിവാഹ മോചിതരാകുന്നുവെന്ന് അറിയിച്ചത്. പതിനഞ്ച് വര്‍ഷത്തെ വിവാഹജീവിതത്തിനൊടുവിലാണ് ആമിറും കിരണും വേര്‍ പിരിഞ്ഞത്.

റീന ദത്തയുമായുള്ള 16 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചാണ് ആമിര്‍ കിരണ്‍ റാവുവിനെ വിവാഹം കഴിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: BJP leader targets Aamir Khan over population growth