കൊല്‍ക്കത്ത: നന്ദിഗ്രാമില്‍ മമത ബാനര്‍ജിയെ തോല്‍പ്പിച്ച സുവേന്തു അധികാരി ബംഗാളിന്റെ പുതിയ പ്രതിപക്ഷ നേതാവാകും. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് സുവേന്തുവിനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തതായി പ്രഖ്യാപിച്ചു.
തൃണമൂലില്‍ നിന്നപ്പോള്‍ മമതയുടെ വലം കൈയ്യായിരുന്ന സുവേന്തു അധികാരിയാണ് പ്രതിപക്ഷത്ത് മമതക്കെതിരെ ഇനി മുഖ്യ എതിരാളിയായി വരുന്നത്. പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടിയെങ്കിലും നന്ദിഗ്രാമില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കേറ്റ പരാജയം തൃണമൂല്‍ കോണ്‍ഗ്രസിന് തിരിച്ചടിയായിരുന്നു.
മമത ബാനര്‍ജിയുടെ വിശ്വസ്തനും തൃണമൂലിന്റെ ഉന്നത നേതാക്കളിലൊരാളുമായിരുന്ന സുവേന്തു അധികാരി തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബി.ജെ.പിയില്‍ ചേരുന്നത്. ഇതിന് പിന്നാലെ സുവേന്തു വര്‍ഷങ്ങളായി മത്സരിക്കുന്ന നന്ദിഗ്രാമില്‍ നിന്നും അദ്ദേഹത്തിനെതിരെ മത്സരിക്കുമെന്ന് മമത പ്രഖ്യാപിക്കുകയായിരുന്നു.
ഇതുവരെ മത്സരിച്ചിരുന്ന മണ്ഡലം വിട്ട് സുവേന്തുവിനെതിരെ നന്ദിഗ്രാമില്‍ മത്സരത്തിനിറങ്ങിയ മമത ബാനര്‍ജി 1956 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.