തിരുവനന്തപുരത്ത്: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് എം.പി ശശി തരൂരും ബി.ജെ.പി നേതാവ് സുരേഷ് ഗോപിയും. നടി ശോഭന തിരുവനന്തപുരം മണ്ഡലത്തില്‍ മത്സരിക്കുമെന്ന ഊഹാപോഹങ്ങളില്‍ പ്രതികരിക്കുകയായിരുന്നു ഇരുവരും.
ശോഭന ഭാവിയിലെ രാഷ്ട്രീയക്കാരിയാണെന്നും തിരുവനന്തപുരത്ത് മത്സരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം കോണ്‍ഗ്രസ് നേതാവായ ശശി തരൂര്‍ തിരുവനന്തപുരത്ത് ശോഭന മത്സരിക്കുകയില്ല എന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ശോഭന നല്‍കിയ മറുപടി കേള്‍ക്കുമ്പോള്‍ മനസിലാക്കന്‍ സാധിക്കുന്നത് ഭാവിയിലെ ഒരു രാഷ്ട്രീയക്കാരിയാണ് അവരെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. ശോഭനയെ മത്സരിപ്പിക്കാന്‍ ആവുന്ന വിധത്തില്‍ ശ്രമിക്കുന്നുണ്ടെന്നും അതിനായുള്ള തന്റെ പ്രവര്‍ത്തനം ശ്രമങ്ങള്‍ മാത്രമാണെന്നും സുരേഷ് ഗോപി പറഞ്ഞു.
എന്നാല്‍ തിരുവനന്തപുരത്ത് മത്സരിക്കില്ലെന്ന് ഫോണില്‍ സംസാരിക്കുന്നതിനിടയ്ക്ക് തന്നോട് ശോഭന പറഞ്ഞതായി ശശി തരൂരും അറിയിച്ചു. ശോഭന തന്റെ നല്ല സുഹൃത്താണെന്നും അവര്‍ക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യാതൊരു വിധത്തിലുള്ള താത്പര്യമില്ലെന്നും അറിയിച്ചതായി കോണ്‍ഗ്രസ് എം.പി പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ചൊവ്വാഴ്ച സി.പി.ഐ.എം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയുണ്ടായി. പതിനഞ്ചാംഗ സ്ഥാനാര്‍ത്ഥി പട്ടികയാണ് സി.പി.ഐ.എം പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം സി.പി.ഐയും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്‍.ഡി.എഫ് നേതൃത്വം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയിട്ടുള്ളത്. കോണ്‍ഗ്രസും മുസ്ലിം ലീഗും വരും ദിവസങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ശക്തമാക്കുമെന്ന് അറിയിച്ചു.
Content Highlight: BJP leader Suresh Gopi said that he wants Sobana to contest in Thiruvananthapuram in the Lok Sabha elections