| Saturday, 6th October 2018, 10:24 am

എന്തിനാ സ്ത്രീകളെ നിങ്ങള്‍ പ്രതിഷേധിക്കുന്നത്; ദൈവത്തിന് എന്താണ് വേണ്ടതെന്ന് ആര്‍ക്കറിയാം: പരിഹാസവുമായി സുബ്രഹ്മണ്യന്‍ സ്വാമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ ബി.ജെ.പി ഉള്‍പ്പെടെയുള്ള സംഘടനകള്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ട്വിറ്ററിലൂടെയാണ് സുബ്രഹ്മണ്യന്‍ സ്വാമി പ്രതിഷേധം അറിയിച്ചിരിക്കുന്നത്.

ശബരിമല കേസ് വിധിയില്‍ കേരളത്തിലെ സ്ത്രീകള്‍ പ്രതിഷേധിക്കുന്നത് എന്തിനെന്ന് സുബ്രഹ്മണ്യന്‍ സ്വാമി ചോദിക്കുന്നു. “ആ അഞ്ചു ദിവസങ്ങളില്‍ ക്ഷേത്രത്തില്‍ പോകാന്‍ സ്ത്രീകളെ വിധി നിര്‍ബന്ധിക്കുന്നില്ല. സ്വന്തം നിലയില്‍ സ്ത്രീകളാണ് ശബരിമലയില്‍ പോകണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്. പോകണമെന്ന് നിര്‍ബന്ധിക്കാത്തത് കൊണ്ട് പോകാന്‍ ആഗ്രഹിക്കുന്നവരെ തടയാന്‍ ആകില്ല. ദൈവത്തിന് എന്താണ് വേണ്ടതെന്ന് ആര്‍ക്കറിയാമെന്നും” സുബ്രഹ്മണ്യന്‍ സ്വാമി ചോദിക്കുന്നു.


ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുള്ള കോടതി വിധി വന്നതിനു ശേഷം ബി.ജെ.പിയും ഹിന്ദു സംഘടനകളും വിവിധ പ്രതിഷേധങ്ങളുമായി രംഗത്തെത്തിയിരുന്നു. ആദ്യം വിധിയെ അനുകൂലിച്ച ബി.ജെ.പി പിന്നീട് എതിര്‍ക്കുകയായിരുന്നു.

കൂടാതെ തിരുവിതാംകൂര്‍ മുന്‍ രാജകുടുംബവും പന്തളം കൊട്ടാരം നിര്‍വാഹക സംഘവും പ്രതിഷേധങ്ങളുമായി രംഗത്തുണ്ട്. അതേസമയം, സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് റിവ്യൂ ഹര്‍ജി നല്‍കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. കൂടാതെ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാനുള്ള സംവിധാനങ്ങളും സര്‍ക്കാര്‍ ഒരുക്കുന്നുണ്ട്.

We use cookies to give you the best possible experience. Learn more