| Monday, 6th June 2022, 12:05 pm

പ്രവാചക നിന്ദ; 'മോദിയുടെ ഭരണത്തില്‍ ഭാരതാംബയ്ക്ക് തലകുനിക്കേണ്ടി വന്നു': സുബ്രഹ്മണ്യന്‍ സ്വാമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രവാചകനെതിരായ വിദ്വേഷ പരാമര്‍ശത്തില്‍ പാര്‍ട്ടിക്കകത്തും നിന്നും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി ബി.ജെ.പി. മോദി സര്‍ക്കാരിന്റെ എട്ട് വര്‍ഷത്തെ ഭരണത്തില്‍ ഭാരതമാതാവിന് ലജ്ജ കൊണ്ട് ലോകത്തിന് മുന്‍പില്‍ തലകുനിക്കേണ്ടി വന്നെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

‘ലഡാക്കില്‍ ചൈനക്കാരുടെ മുന്‍പില്‍ ഇഴഞ്ഞു നീങ്ങിയതും റഷ്യക്കാര്‍ക്ക് മുന്‍പില്‍ മുട്ടുകുത്തിയതും പോരാതെ ക്വാഡില്‍ അമേരിക്കയുടെ മുന്‍പിലും പതുങ്ങിയിരുന്നു.

ഇതൊന്നും പോരാതെയാണ് ഇപ്പോള്‍ ചെറു രാജ്യമായ ഖത്തറിന് മുന്‍പിലും ഇന്ത്യ മുട്ടുമടക്കിയിരിക്കുന്നു. ഇത് വിദേശനയത്തിന്റെ പിഴവാണ്,’ സുബ്രഹ്മണ്യന്‍ സ്വാമി ട്വിറ്ററില്‍ കുറിച്ചു.

രാജ്യത്തെ ജനങ്ങള്‍ക്ക് ലജ്ജിച്ച് തലകുനിക്കേണ്ടി വന്നിട്ടില്ലെന്ന് മോദി നേരത്തെ പറഞ്ഞിരുന്നു.
രാജ്യത്തെ ജനങ്ങള്‍ക്ക് ലജ്ജിച്ച് തലകുനിക്കേണ്ട അവസ്ഥ ഉണ്ടായിട്ടില്ലെന്നും, അത്തരം അവസരം ഇല്ലാതിരിക്കാന്‍ തന്നെക്കൊണ്ട് കഴിയുന്ന വിധം പ്രവര്‍ത്തിക്കുന്നുണ്ടെന്നുമായിരുന്നു മോദിയുടെ പ്രസ്താവന.

പ്രതിഷേധങ്ങള്‍ വ്യാപകമായതോടെ മോദിയുടെ വാക്കുകളെ ട്രോളിക്കൊണ്ട് സമൂഹമാധ്യമങ്ങളും എത്തിയിരുന്നു.

ടൈംസ് നൗവില്‍ ഗ്യാന്‍വാപിയുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയില്‍ ബി.ജെ.പി വക്താവായിരുന്ന നുപുര്‍ ശര്‍മ നടത്തിയ പ്രവാചകനെതിരായ പരാമര്‍ശം വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

സംഭവത്തില്‍ അതൃപ്തിയറിയിച്ച് ഖത്തറും, ഇറാനും കുവൈത്തും സൗദിയും രംഗത്തെത്തിയിരുന്നു. ഇന്ത്യ പരസ്യമായി മാപ്പ് പറയണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടിരുന്നു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ സൗദി സന്ദര്‍ശന വേളയിലായിരുന്നു ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അതൃപ്തി രേഖപ്പെടുത്തിയത്.

പ്രതിഷേധങ്ങള്‍ വ്യാപകമായതിന് പിന്നാലെ നുപുര്‍ ശര്‍മയെ പാര്‍ട്ടി പുറത്താക്കിയിരുന്നു.

Content Highlight: BJP leader subramanian swami against modi rule in India

We use cookies to give you the best possible experience. Learn more