|

ദളിത് കോണ്‍ഗ്രസ് നേതാവിന്റെ സന്ദർശനത്തിന് പിന്നാലെ രാമക്ഷേത്രത്തില്‍ ഗംഗാജലം തളിച്ച് ബി.ജെ.പി നേതാവ്; രാജസ്ഥാനിൽ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: രാജസ്ഥാനിൽ ദളിത് കോണ്‍ഗ്രസ് നേതാവിന്റെ സന്ദർശനത്തിന് പിന്നാലെ രാമക്ഷേത്രത്തില്‍ ഗംഗാജലം തളിച്ച് ബി.ജെ.പി നേതാവ്. രാജസ്ഥാന്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവ് ടികാറാം ജുല്ലിയുടെ സന്ദര്‍ശനത്തിന് പിന്നാലെ ബി.ജെ.പി നേതാവും മുന്‍ എം.എല്‍.എയുമായ ഗ്യാന്‍ദേവ് അഹൂജ ക്ഷേത്രത്തില്‍ ഗംഗാജലം തളിക്കുകയായിരുന്നു. ഞായറാഴ്ച ആല്‍വാറിലെ ഒരു രാമക്ഷേത്രത്തില്‍ നടന്ന പ്രാണ്‍ പ്രതിഷ്ഠ മഹോത്സവത്തില്‍ ജൂലി പങ്കെടുത്തതിന് ശേഷമാണ് സംഭവം ഉണ്ടായത്.

ജൂലി ക്ഷേത്രത്തിൽ പ്രവേശിച്ചതിൽ കടുത്ത എതിർപ്പ് പ്രകടിപ്പിച്ച അഹൂജ, ജൂലി സനാതന വിരുദ്ധനും ഹിന്ദുത്വ വിരുദ്ധനുമാണെന്ന് ആരോപിച്ചു. ‘അയാൾ ലജ്ജിക്കണം. അയാൾ മൂക്ക് മുറിച്ച് ഒരു പാത്രത്തിലെ വെള്ളത്തിൽ മുക്കണം. ബഹിഷ്കരണം എന്ന വാക്ക് ഞാൻ ഉപയോഗിക്കില്ല, കാരണം അത് ഭഗവാൻ ശ്രീരാമന്റെ ക്ഷേത്രമാണ്, പക്ഷേ ഞാൻ അവിടെ പോയി അയാളുടെ ‘അശുദ്ധമായ’ പാദങ്ങളും കൈകളും സ്പർശിച്ച എല്ലായിടത്തും ഗംഗാജലം തളിക്കും,’ അഹൂജ പറഞ്ഞു.

പിന്നാലെ അഹൂജ ക്ഷേത്രത്തിലെത്തുകയും ഞായറാഴ്ച നടന്ന പ്രാണ്‍ പ്രതിഷ്ഠ മഹോത്സവത്തില്‍ ചില പ്രശ്നങ്ങളുണ്ടായെന്നും ശ്രീ രാമന്റെ അസ്തിത്വത്തെ വെല്ലുവിളിച്ച ചിലർ ക്ഷേത്രത്തിൽ കയറിയെന്നും ആരോപിച്ചു. തുടർന്ന് അഹൂജ ക്ഷേത്രപരിസരത്ത് ഗംഗാജലം തളിക്കുകയായിരുന്നു. ഒപ്പം പരിപാടിക്കായി ക്ഷേത്രത്തിലെത്തിയ കോൺഗ്രസ് നേതാക്കൾ പാപികളും പിശാചുക്കളാണെന്നും അഹൂജ ആരോപിച്ചു.

ബി.ജെ.പി നേതാവിന്റെ നടപടി ദളിതരോടുള്ള പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കുന്നതാണെന്ന് ടികാറാം ജൂലി വിമർശിച്ചു. ‘മുതിർന്ന ബി.ജെ.പി നേതാവ് ഗ്യാന്‍ദേവ് അഹൂജയുടെ പ്രസ്താവന ദളിതരോടുള്ള ബി.ജെ.പിയുടെ മനോഭാവത്തെയാണ് വെളിപ്പെടുത്തുന്നത്. ഞാന്‍ നിയമസഭയില്‍ നിരന്തരം ദളിതർക്ക് വേണ്ടി ശബ്ദം ഉയര്‍ത്തുകയും തൊട്ടുകൂടായ്മക്കെതിരെ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഒരു ദളിതനായ ഞാന്‍ അത് സന്ദര്‍ശിച്ചു എന്നതുകൊണ്ട് മാത്രം ഗംഗാജലം ഉപയോഗിച്ച് ക്ഷേത്രം കഴുകാന്‍ അവര്‍ ആഗ്രഹിക്കുന്ന മനസ്ഥിതിയാണ് ബി.ജെ.പിക്കുള്ളത്. ഇവിടെ നടന്നത് എന്റെ വ്യക്തിപരമായ വിശ്വാസത്തിനെതിരായ ആക്രമണം മാത്രമല്ല, തൊട്ടുകൂടായ്മ പോലുള്ള മനുഷ്യത്വരഹിതവും നിയമവിരുദ്ധവുമായ നീതികേടിനെ അംഗീകരിക്കുക കൂടിയാണ്.

ബി.ജെ.പി ദളിതരെ ഇത്രയധികം വെറുക്കുന്നുേണ്ടാ, അവര്‍ക്ക് ഞങ്ങള്‍ പൂജ നടത്തുന്നത് സഹിക്കുന്നില്ലേ? ദൈവം ബി.ജെ.പി നേതാക്കളുടെ സ്വകാര്യ സ്വത്തായി മാറിയോ? ദളിതർ ക്ഷേത്രങ്ങളില്‍ പോകുമ്പോള്‍ നടക്കുന്ന ഇത്തരം ജാതീയ പെരുമാറ്റത്തെ പിന്തുണയ്ക്കുന്നുേണ്ടാ എന്ന് മുഖ്യമന്ത്രിയും ബി.ജെ.പി സംസ്ഥാന പ്രസിഡന്റും വ്യക്തമാക്കണം, ‘അദ്ദേഹം എക്‌സിൽ കുറിച്ചു.

അതേസമയം ശ്രീരാമന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യുകയും അദ്ദേഹത്തെ സാങ്കല്‍പ്പികമെന്ന് വിളിക്കുകയും ചെയ്ത ആളുകളെയാണ് സംഘാടകര്‍ ക്ഷണിച്ചതെന്ന് അവകാശപ്പെട്ടുകൊണ്ട് ഗ്യാന്‍ദേവ് അഹൂജ തന്റെ നിലപാടിനെ ന്യായീകരിച്ചു. സംഭവത്തിൽ കോൺഗ്രസ് ചൊവ്വാഴ്ച എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധ പ്രകടനം പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlight: BJP leader sprinkles Gangajal in Rajasthan temple after Opposition leader Tikaram Jully’s visit, slammed for ‘mentality towards Dalits’

Latest Stories

Video Stories