| Saturday, 30th December 2017, 11:15 am

പാക് ഹൈക്കമ്മീഷന് ഒരു ജോഡി ചെരിപ്പ് അയച്ച് ബി.ജെ.പി നേതാവിന്റെ പ്രതിഷേധം; ഒരു മണിക്കൂറിനുള്ളില്‍ അയച്ചത് നൂറ് ജോഡി ചെരിപ്പുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പാക് തടവില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവിനെ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തെ അപമാനിക്കുകയും കുല്‍ഭൂഷന്റെ ഭാര്യയുടെ ചെരിപ്പ് ഊരി വാങ്ങി ഫോറന്‍സിക് പരിശോധനയക്ക് അയക്കുകയും ചെയ്ത പാക് നടപടിയില്‍ വ്യത്യസ്ത പ്രതിഷേധവുമായി ദല്‍ഹിയിലെ ബി.ജെ.പി നേതാവ്.

ഓണ്‍ലൈനില്‍ ഒരു ജോഡി ചെരിപ്പ് ബുക്ക് ചെയ്ത് പാക്ക് ഹൈക്കമ്മീഷന്റെ മേല്‍വിലാസത്തില്‍ അയച്ചുകൊടുക്കുകയായിരുന്നു ദല്‍ഹിയിലെ ബി.ജെ.പി വക്താവായ തജീന്ദര്‍ പാല്‍ സിങ് ബഗ്ഗ. ഓണ്‍ലൈനില്‍ ചെരിപ്പ് ബുക്ക് ചെയ്ത് അത് എത്തിക്കാനുള്ള അഡ്രസിന്റെ സ്ഥാനത്ത് പാക് ഹൈക്കമ്മീഷണറുടെ പേരും അഡ്രസും വെക്കുകയായിരുന്നു ഇദ്ദേഹം.

“പാക്കിസ്ഥാന് നമ്മുടെ ചെരിപ്പ് വേണം. അതുകൊണ്ട് അവര്‍ക്ക് അത് തന്നെ നല്‍കാം. ഞാന്‍ ആമസോണില്‍ ഓണ്‍ലൈനായി ഒരു ജോഡി ചെരിപ്പ് ബുക്ക് ചെയ്യുകയും അത് പാക് ഹൈക്കമ്മീഷന് അയച്ചുകൊടുക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ ഇന്ത്യയിലെ ഓരോരുത്തരും ഒരോ ചെരിപ്പ് ഓര്‍ഡര്‍ ചെയ്ത് പാക്കിസ്ഥാന് അയച്ചുകൊടുക്കുകയും വേണം-അദ്ദേഹം ട്വീറ്റ് ചെയ്തു. ഇത്തരത്തില്‍ ഒരു ഓണ്‍ലൈന്‍ കാമ്പയിന്‍ തന്നെ നടത്താന്‍ അദ്ദേഹം ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.

താന്‍ ചെരിപ്പ് ഓര്‍ഡര്‍ ചെയ്തതിന് ഒരു മണിക്കൂറിനുള്ളില്‍ തന്നെ നൂറ് കണക്കിന് ചെരിപ്പുകളാണ് ഇത്തരത്തില്‍ ഹൈക്കമീഷന്റെ അഡ്രസില്‍ എത്തിയതെന്നും ഇദ്ദേഹം അവകാശപ്പെട്ടു.

ആമസോണില്‍ ചെരിപ്പ് ബുക്ക് ചെയ്തതിന്റെ വിവരങ്ങള്‍ ഉള്‍പ്പെടെ ഷെയര്‍ ചെയ്താണ് ഇദ്ദേഹം തന്നെ നിലപാട് വ്യക്തമാക്കിയത്.

കുല്‍ഭൂഷന്റെ കുടുംബത്തെ പാക്കിസ്ഥാന്‍ അപമാനിച്ചുവെന്ന് കഴിഞ്ഞ ദിവസം സുഷ്മസ്വരാജ് ലോക്‌സഭയില്‍ പ്രസ്താവന നടത്തിയിരുന്നു.

കുല്‍ഭൂഷന്റെ കുടുംബത്തോട് പാക്കിസ്ഥാന്‍ പെരുമാറിയത് തികച്ചും മനുഷത്യ രഹിതമായാണെന്നും സാരി മാത്രം ധരിക്കുന്ന ജാദവിന്റെ അമ്മയെ സല്‍വാര്‍ കമ്മീസ് ധരിക്കാന് അവര്‍ നിര്‍ബന്ധിച്ചെന്നും സുഷ്മ പറഞ്ഞു. അവരെ മറാഠിയില്‍ സംസാരിക്കാന്‍ അനുവദിച്ചില്ല. സമീപത്തുണ്ടായിരുന്ന രണ്ട് പാക് ഉദ്യോഗസ്ഥര്‍ അവരെ തടഞ്ഞു. എന്നാല്‍ അവര്‍ വീണ്ടും മറാഠിയില്‍ സംസാരിച്ചപ്പോള്‍ ഇന്റര്‍കോം ഓഫാക്കി.

മാനുഷിക പരിഗണന എന്നത് ഇവര്‍ക്ക് ലഭിച്ചില്ലെന്നും സുഷമ കുറ്റപ്പെടുത്തിയിരുന്നു. കുല്‍ഭൂഷനെ സന്ദര്‍ശിക്കാനെത്തിയ ഭാര്യയുടേയും അമ്മയുടേയും താലിമാലയും വളകളും ചെരിപ്പും ഊരിവാങ്ങിയ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷന്‍ കുല്‍ഭൂഷന്റെ ഭാര്യയുടെ ചെരിപ്പില്‍ ചിപ്പ് ഘടിപ്പിച്ചതായി സംശയം ആരോപിച്ച് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുകയായിരുന്നു.

We use cookies to give you the best possible experience. Learn more