| Saturday, 18th July 2020, 8:21 am

'ജനങ്ങള്‍ ചിലപ്പോള്‍ മാസ്‌ക് വലിച്ചെറിയും, പുറത്തിറങ്ങും' : ബി.ജെ.പി നേതാവിന്റെ പരാമര്‍ശത്തിനുമുന്നില്‍ അരുതേയെന്ന് കൈ കൂപ്പി അഭ്യര്‍ഥിച്ച് ഡോക്ടര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രധാന രോഗ പ്രതിരോധമായ മാസ്‌കിനെതിരെ പ്രചാരണവുമായി ബി.ജെ.പി നേതാവ്. കഴിഞ്ഞ ദിവസം നടന്ന ഒരു ചാനല്‍ ചര്‍ച്ചയിലാണ് ബി.ജെ.പി നേതാവായ ശിവശങ്കരന്‍ ഇത്തരത്തില്‍ സംസാരിച്ചത്. രാഷ്ട്രീയ കാരണങ്ങളാല്‍ ജനങ്ങള്‍ക്ക് മാസ്‌ക് വലിച്ചെറിയേണ്ടി വരുമെന്നായിരുന്നു ബി.ജെ.പി നേതാവിന്റെ വാദം.

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് നടന്ന വിവാദങ്ങളില്‍ മുഖ്യമന്ത്രിയുള്‍പ്പടെയുള്ളവര്‍ ആരോപണവിധേയരാണെന്നും അത്തരത്തിലുള്ള സംവിധാനത്തില്‍ ജനങ്ങള്‍ ചിലപ്പോള്‍ പുറത്തേക്കിറങ്ങുമെന്നും മാസ്‌ക് വലിച്ചെറിയുമെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘കൊവിഡിന്റെ കാലഘട്ടത്തിലും സംസ്ഥാനത്തെ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും ഇവിടെ കള്ളക്കടത്തു നടത്തുകയാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്വന്തം ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാതെ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അവര്‍ ചിലപ്പോള്‍ പുറത്തേക്ക് ഇറങ്ങും, മാസ്‌കുകള്‍ വലിച്ചെറിയും’-എന്നാണ് ശിവങ്കരന്‍ പറഞ്ഞത്.

എന്നാല്‍ ബി.ജെ.പി നേതാവിന്റെ ഈ പരാമര്‍ശത്തിനെതിരെ കൈകൂപ്പി അഭ്യര്‍ഥിച്ചുകൊണ്ടാണ് ചര്‍ച്ചയില്‍ പങ്കെടുത്ത ഡോക്ടര്‍ മോഹന്‍ റോയ് മറുപടി നല്‍കിയത്.

‘സര്‍, ഞാന്‍ നിങ്ങളോട് കൈകൂപ്പി അഭ്യര്‍ഥിക്കുകയാണ്.മാസ്‌ക് വലിച്ചെറിഞ്ഞ് കൊണ്ട് ഒന്നും ചെയ്യരുതെ. സാറിന്റെ അണികളോ മറ്റ് രാഷ്ട്രീയ പാര്‍ട്ടിയിലെ അംഗങ്ങളോ മാസ്‌ക് വലിച്ചെറിഞ്ഞുള്ള ഒരു പ്രവൃത്തിയും ചെയ്യരുതെന്ന് കൈകൂപ്പി അപേക്ഷിക്കുകയാണ്. അമേരിക്കയില്‍ ക്വയര്‍ പ്രാക്ടീസിനിടെയാണ് രോഗം പകര്‍ന്നത്.

രാഷ്ട്രമാണ് സര്‍ ആദ്യം വേണ്ടത്. ജനങ്ങളാണ് അതിന് വേണ്ടത്. നിങ്ങളൊക്കെ നമുക്ക് വേണം. പ്രതിഷേധിക്കാനുള്ള ഒരു മാര്‍ഗ്ഗത്തെയും ഞങ്ങള്‍ എതിര്‍ക്കുന്നില്ല. ഒരു രോഗത്തിനും ഇത്ര വലിയ രീതിയില്‍ മാധ്യമങ്ങളടക്കം ചേര്‍ന്നുള്ള പ്രചരണമുണ്ടായിട്ടില്ല. എന്നിട്ടും നമ്മള്‍ പിറകോട്ട് പോകുകയാണ്. എല്ലാ രാഷ്ട്രീയ നേതാക്കളോടും പറയാനുള്ളത് നിങ്ങളുടെയെല്ലാം പ്രായം പൊതുസമൂഹത്തിന് അറിയാം.

അതീവ അപകടാവസ്ഥയാണിത്. ഇത് തീക്കളിയാണ് സര്‍. കൊവിഡ് പോയ്ക്കഴിഞ്ഞും നിങ്ങളൊക്കെ ഉണ്ടാകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. ഒരു ഡോക്ടറെന്ന നിലയില്‍ കൊവിഡിനെ പ്രതിരോധിച്ച് കഴിയുമ്പോഴേക്കും ഞാന്‍ ഉണ്ടാകുമോ എന്നറിയില്ല.

എന്നാല്‍ നിങ്ങളെല്ലാവരും ഇവിടെയുണ്ടാകണമെന്നാണ് എന്റെ ആഗ്രഹം. ദയവായി ഇത്തരത്തില്‍ പ്രവര്‍ത്തിക്കരുത് സര്‍’- എന്നാണ് ഡോക്ടര്‍ മോഹന്‍ റോയ് നേതാവിന് നല്‍കിയ മറുപടി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more