| Friday, 30th June 2023, 12:01 pm

'ഏക സിവില്‍ കോഡ് ഓഗസ്റ്റ് അഞ്ചിന് നടപ്പാക്കും, ജയ് ശ്രീറാം'; വിവാദ ട്വീറ്റുമായി ബി.ജെ.പി നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഏക സിവില്‍ കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച് വിവാദ ട്വീറ്റുമായി ബി.ജെ.പി നേതാവ് കപില്‍ മിശ്ര രംഗത്ത്. ബി.ജെ.പി സര്‍ക്കാര്‍ രാജ്യത്ത് ഏക സിവില്‍ കോഡ് ഓഗസ്റ്റ് അഞ്ചിന് നടപ്പാക്കുമെന്ന സൂചനയാണ് കപില്‍ മിശ്ര തന്റെ പോസ്റ്റില്‍ പങ്കുവെച്ചിട്ടുള്ളത്.

‘രാമക്ഷേത്ര നിര്‍മാണ തീരുമാനമെടുത്തത് ഓഗസ്റ്റ് അഞ്ചിനായിരുന്നു. കശ്മീര്‍ പുനസംഘടന തീരുമാനം വന്നതും മറ്റൊരു ഓഗസ്റ്റ് 5 അഞ്ചിനാണ്. ഏക സിവില്‍ കോഡും ഓഗസ്റ്റ് അഞ്ചിന് വരുന്നു. ജയ് ശ്രീറാം,’ എന്നാണ് കപില്‍ മിശ്ര കുറിച്ചത്.

അതേസമയം, പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ആദ്യ നിയമനിര്‍മാണമായിരിക്കും ഏക സിവില്‍ കോഡെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും സമൂഹ മാധ്യമങ്ങളില്‍ ബി.ജെ.പി അണികള്‍ പ്രചരിപ്പിക്കുന്നുണ്ട്. നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഏക സിവില്‍ കോഡ് വിഷയം ഉയര്‍ത്തിക്കൊണ്ട് വന്നത്.

ഏക സിവില്‍ കോഡ് ഭരണഘടന വിഭാവനം ചെയ്തിട്ടുള്ളതാണെന്നും ഒരു കുടുംബത്തിലെ ഓരോരുത്തര്‍ക്കും വ്യത്യസ്ത നിയമം ശരിയാണോയെന്നും മോദി ചോദിച്ചിരുന്നു. ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുള്ളതാണെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

ഏക സിവില്‍ കോഡ് സമൂഹത്തെ വിഭജിക്കാനുള്ള സംഘപരിവാര്‍ നീക്കമാണെന്ന് ചൂണ്ടിക്കാട്ടി പാര്‍ലമെന്റിനകത്തും പുറത്തും നീക്കത്തെ ശക്തമായി എതിര്‍ക്കാനാണ് കോണ്‍ഗ്രസ്, സി.പി.ഐ.എം, സി.പി.ഐ, സമാജ് വാദി പാര്‍ട്ടി, ഡി.എം.കെ, തൃണമൂല്‍ കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് തുടങ്ങിയ കക്ഷികളുടെ തീരുമാനം. ഇതിന് വീപരീതമായി ഏക സിവില്‍ കോഡ് വിഭാവനം ചെയ്യുന്ന ഭരണഘടനയിലെ 44ാം വകുപ്പ് പ്രകാരം ആദ്മി പാര്‍ട്ടി നീക്കത്തെ പിന്തുണച്ചിരുന്നു.

മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡും അടിയന്തര യോഗം ചേര്‍ന്ന് ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. നിലപാട് സംബന്ധിച്ച വിശദമായ രേഖ നിയമ കമ്മീഷന് സമര്‍പ്പിക്കും.

ജൂലൈ 14 വരെയാണ് നിയമ കമ്മീഷന്‍ പൊതുജനങ്ങളുടെയും സംഘടനകളുടെയും അഭിപ്രായം കേള്‍ക്കുന്നത്. സംഘടനകളില്‍ നിന്നും വ്യക്തികളില്‍ നിന്നുമായി ഇതുവരെ എട്ടര ലക്ഷത്തോളം പ്രതികരണങ്ങള്‍ കിട്ടിയതായി നിയമ കമ്മീഷന്‍ അധ്യക്ഷന്‍ ഋതുരാജ് അവസ്തി അറിയിച്ചു. വിപുലമായ കൂടിയാലോചനകള്‍ക്കാണ് ശ്രമമെന്ന് നിയമ കമ്മീഷന്‍ പ്രതികരിച്ചു.

Content Highlights: bjp leader says uniform civil code will be implemented in august 5

We use cookies to give you the best possible experience. Learn more