ന്യൂദല്‍ഹി: ശബരിമല പ്രവേശനത്തിനായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായി കോണ്‍ഗ്രസുകാരിയാണെന്ന് ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യ. 2012 ഫെബ്രുവരിയില്‍ ബാലാജി നഗറിലെ 38ാം വാര്‍ഡില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി തൃപ്തി മത്സരിച്ചിരുന്നുവെന്ന് അമിത് മാളവ്യ ട്വീറ്റ് ചെയ്തു.
തൃപ്തി ദേശായി പഴയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണെന്നും പിന്നീട് അവര്‍ ബി.ജെ.പിയുമായി സഖ്യമായെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോ ബി.ജെ.പി അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയോ പറഞ്ഞാല്‍ അവര്‍ കൊച്ചിയില്‍ നിന്നും മടങ്ങിപ്പോയ്ക്കോളുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു.
തൃപ്തി ഇടതുപക്ഷക്കാരിയല്ലല്ലോ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായിരുന്നല്ലോ ബി.ജെ.പിയുമായല്ലേ അവരുടെ ഇപ്പോഴത്തെ സഖ്യം. ഫട്നാവിസുമായുള്ള തൃപ്തിയുടെ ബന്ധം ആര്‍ക്കാണ് അറിയാത്തത്. കാവിക്കൊടി പിടിച്ചല്ലേ അവര്‍ നടക്കുന്നത്. അവരുടെ വരവ് ഗൂഢാലോചനയാണെന്ന് പറയുന്നില്ല. എങ്കിലും ആരുടേയും സഞ്ചാര സ്വാതന്ത്ര്യം തടയാന്‍ ആര്‍ക്കും അവകാശമില്ല. കടകംപള്ളി പറഞ്ഞു.
വിധി പുനപരിശോധിക്കണെന്ന് പറഞ്ഞ് സുപ്രീം കോടതിയെ സമീപിച്ചവരോട് കോടതി വിധി അനുസരിക്കണമെന്നാണ് സുപ്രീം കോടതി വീണ്ടും ഉത്തരവിട്ടത്. ഒരുഭാഗത്ത് കോടതി വിധി. മറുഭാഗത്ത് ബി.ജെ.പിയുടെ രാഷ്ട്രീയ നാടകം. ശ്രീധരന്‍പിള്ള തന്നെ ലോകത്തിന് മുന്നില്‍ പറഞ്ഞത് സുവര്‍ണാവസരമാണ് അത് ഉപയോഗപ്പെടുത്തണമെന്നാണ്. അതുകൊണ്ട് തന്നെ അവരുടെ ഇരട്ടമുഖം വിശ്വാസികള്‍ തിരിച്ചറിയണമെന്നും കടകംപള്ളി പറഞ്ഞു.