സി.എ.എ പ്രകാരം പൗരത്വം നല്‍കണമെങ്കില്‍ പുരുഷന്മാരില്‍ സുന്നത്ത് പരിശോധന നടത്തണം: വിദ്വേഷ പരാമര്‍ശവുമായി ബി.ജെ.പി നേതാവ്
national news
സി.എ.എ പ്രകാരം പൗരത്വം നല്‍കണമെങ്കില്‍ പുരുഷന്മാരില്‍ സുന്നത്ത് പരിശോധന നടത്തണം: വിദ്വേഷ പരാമര്‍ശവുമായി ബി.ജെ.പി നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 19th March 2024, 10:47 pm

കൊല്‍ക്കത്ത: വിദ്വേഷ പരാമര്‍ശവുമായി പശ്ചിമ ബംഗാള്‍ മുന്‍ ബി.ജെ.പി അധ്യക്ഷനായ തഥാഗത റോയ്. പൗരത്വ ഭേദഗതി നിയമപ്രകാരം അപേക്ഷ നല്‍കുന്ന പുരുഷമാരുടെ മതം നിര്‍ണയിക്കാന്‍ സുന്നത്ത് പരിശോധന നടത്തണമെന്നാണ് മേഘാലയ മുന്‍ ഗവര്‍ണര്‍ കൂടിയായിരുന്ന റോയ് പറഞ്ഞത്.

സി.എ.എ പ്രകാരം മുസ്ലിങ്ങള്‍ക്ക് പൗരത്വം നല്‍കുകയില്ലെന്നും അപേക്ഷകരുടെ മതം നിര്‍ണയിക്കാന്‍ സുന്നത്ത് പരിശോധന നടത്താവുന്നതുമാണെന്നും തഥാഗത റോയ് പറഞ്ഞു. വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് ബി.ജെ.പി നേതാവിനെതിരെ സമൂഹ മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്.

‘വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്‍ഞ്ചിനിനീയറിങ് കോളജുകളില്‍ പ്രവേശനം നേടുമ്പോള്‍ ഞാനടക്കമുള്ള എല്ലാ പുരുഷന്മാരും മെഡിക്കല്‍ ടെസ്റ്റിന് വിധേയരായിരുന്നു. ഒരു പുരുഷ ഡോക്ടറുടെ മുമ്പില്‍ ഞങ്ങള്‍ വിവസ്ത്രനായി നിന്നിട്ടുണ്ട്. അന്ന് ആരും അതിനെ എതിര്‍ത്തിട്ടില്ല. ഇപ്പോള്‍ എന്തുകൊണ്ട് എതിര്‍ക്കുന്നു,’ എന്നും റോയ് എക്സില്‍ കുറിച്ചു.

അതേസമയം റോയിയുടെ പരാമര്‍ശം മനുഷ്യത്വരഹിതമാണെന്ന് രാജ്യസഭാ എം.പി മമതാ താക്കൂര്‍ ചൂണ്ടിക്കാട്ടി. ബി.ജെ.പി വളര്‍ത്തിയെടുക്കുന്ന പിന്തിരിപ്പന്‍ മനോഭാവത്തെയും വിഷ സംസ്‌കാരത്തെയും ഇത് ഉദാഹരിക്കുന്നുവെന്നും എം.പി പറഞ്ഞു. തഥാഗത റോയ് മതപരമായ വിവേചനം നിലനിര്‍ത്തുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കുനാല്‍ ഘോഷ് വിഷയത്തില്‍ പ്രതികരിച്ചു.

അതേസമയം പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്ത കേന്ദ്ര സര്‍ക്കാരിന്റെ നീക്കം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി താത്കാലികമായി തള്ളിയിരുന്നു. ഹരജികളില്‍ വിശദീകരണം നല്‍കുന്നതിനായി കേന്ദ്രത്തിന് കോടതി മൂന്നാഴ്ച്ച സമയം നല്‍കി. ഏപ്രില്‍ ഒമ്പതിന് ഹരജികള്‍ വീണ്ടും പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.

Content Highlight: BJP leader says that men should be tested for circumcision if citizenship is to be granted under CAA