അഗര്‍ത്തല: അധികാരത്തിലെത്തിയതിനു പിന്നാലെ ബി.ജെ.പി പ്രവര്‍ത്തകര്‍ തകര്‍ത്ത ലെനിന്റെ പ്രതിമ പുനസ്ഥാപിക്കില്ലെന്ന് ബി.ജെ.പി നേതാവ് സുനില്‍ ഡിയോധര്‍. പാര്‍ട്ടി പ്രതിമ നിര്‍മ്മിക്കുന്നതില്‍ വിശ്വസിക്കുന്നില്ലെന്ന വാദം പറഞ്ഞാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്നാല്‍ ത്രിപുരയിലെ അവസാനത്തെ രാജാവിന്റെ പ്രതിമ ബി.ജെ.പി സര്‍ക്കാര്‍ സ്ഥാപിക്കുമെന്നും ഇതേ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
“ജീവിച്ചിരിക്കുന്നവരുടെ കാര്യത്തിലാണ് ബി.ജെ.പി കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. ത്രിപുരയുടെ വികസന അജണ്ടയാണ് പ്രോത്സാഹിപ്പിക്കുക” എന്നായിരുന്നു ലെനിന്‍ പ്രതിമ പുനസ്ഥാപിക്കുമോയെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്യുന്നു.
എന്നാല്‍ തൊട്ടുപിന്നാലെ തന്നെ ത്രിപുരയില്‍ രാജാവിന്റെ പ്രതിമ സ്ഥാപിക്കാനുള്ള തീരുമാനവും അദ്ദേഹം അറിയിച്ചു. “ത്രിപുരയില്‍ ഞങ്ങള്‍ ഒരേയൊരു പ്രതിമ സ്ഥാപിക്കും. അത് ബിര്‍ ബിക്രം കിഷോര്‍ മാണിക്യ ബഹദൂര്‍ രാജാവിന്റേതായിരിക്കും. അഗര്‍ത്തല എയര്‍പോര്‍ട്ടിലാണ് ഇത് സ്ഥാപിക്കുക” എന്നാണ് അദ്ദേഹം പറഞ്ഞത്.
ത്രിപുരയില്‍ പുതിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മെമ്പര്‍ഷിപ്പ് നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു. ക്രിമിനല്‍ റെക്കോര്‍ഡുള്ളവര്‍ ബി.ജെ.പിയിലേക്കു വരുന്നത് തടയാനാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
” വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ വഴി നിരവധി കമ്മ്യൂണിസ്റ്റ് നേതാക്കള്‍ പണം അപഹരിച്ചിട്ടുണ്ട്. ഭരണമാറ്റത്തിനുശേഷം ഇത്തരം പ്രവര്‍ത്തനങ്ങള്‍ നില്‍ക്കും. അധികാരമില്ലാതെ അതിജീവിക്കാന്‍ കഴിയാതെ വരുമ്പോള്‍ അവര്‍ ബി.ജെ.പിയില്‍ ചേരും. അതുകൊണ്ട് അടുത്ത ആറുമാസത്തേക്ക് പുതിയ മെമ്പര്‍ഷിപ്പ് നല്‍കേണ്ട എന്നാണ് ഞങ്ങളുടെ തീരുമാനം” എന്നാണ് അദ്ദേഹം പറഞ്ഞത്.
Must Watch: അവസാനിക്കാത്ത അടിമത്തം: ഡൂള്‍ന്യൂസ് വീഡിയോ സ്‌റ്റോറി കാണാം