വിജയപുര: കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് അധികകാലം തുടരാന്‍ ബി.എസ് യെദിയൂരപ്പക്ക് കഴിയില്ലെന്ന് ബി.ജെ.പി നേതാവ് ബസാനഗൗഡ പാട്ടീല്‍ യത്‌നാല്‍. കഴിഞ്ഞ ദിവസം രാത്രി ഒരു ക്ഷേത്രത്തില്‍ നടന്ന പരിപാടിയിലായിരുന്നു ബി.ജെ.പി നേതാവിന്റെ പരാമര്‍ശം.
ബി.ജെ.പി നേതാവ് യെദിയൂരപ്പക്കെതിരെ പറയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണിപ്പോള്‍.
‘ബി. എസ് യെദിയൂരപ്പയെക്കൊണ്ട് പാര്‍ട്ടി ഹൈക്കമാന്‍ഡ് പൊറുതി മുട്ടിയിരിക്കുകയാണ്. അത് കൊണ്ട് തന്നെ സംസ്ഥാനത്ത് ഉടന്‍ തന്നെ ഒരു പുതിയ മുഖ്യമന്ത്രിയുണ്ടാകും,’ ബി.ജെ.പി നേതാവ് പറഞ്ഞു.
യെദിയൂരപ്പ പ്രവര്‍ത്തിക്കുന്നത് ശിവമോഗ ജില്ലയുടെ മാത്രം മുഖ്യമന്ത്രിയെ പോലെയാണെന്നും യത്‌നാല്‍ പറഞ്ഞു.
‘യെദിയൂരപ്പ ഉത്തര കര്‍ണാടകയെ പൂര്‍ണമായും അവഗണിക്കുകയാണ്. ഉത്തര കര്‍ണാടകയില്‍ നിന്ന് മാത്രം 100 എം.എല്‍.എമാര്‍ വന്നത് കൊണ്ടാണ് ബി.ജെ.പിക്ക് സംസ്ഥാനത്ത് അധികാരം നേടാനായത്. എന്നിട്ടും വെറും 15 എം.എല്‍.എമാര്‍ മാത്രമുള്ള ദക്ഷിണ കര്‍ണാടകയില്‍ നിന്നാണ് മുഖ്യമന്ത്രിയെ ബി.ജെ.പി തെരഞ്ഞെടുത്തത്,’ ബി.ജെ.പി നേതാവ് പറഞ്ഞു.
പാര്‍ട്ടി ഹൈക്കമാന്‍ഡ് കാര്യങ്ങള്‍ വിശദമായി പരിശോധിച്ചിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മോദി ഉത്തര കര്‍ണാടകയില്‍ നിന്നും പുതിയ ഒരു പേര് കണ്ടു വെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യെദിയൂരപ്പയെ മുഖ്യമന്ത്രി പദത്തില്‍ നീക്കാനുള്ള ശ്രമം ചില ബി.ജെ.പി നേതാക്കള്‍ നടത്തുന്നതായി കോണ്‍ഗ്രസ് നേതാവും കര്‍ണാടക പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യയും പറഞ്ഞിരുന്നു.
‘ഞങ്ങള്‍ ബി.ജെ.പി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കില്ല. അവര്‍ സ്വയം അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. ഞങ്ങള്‍ ഒരു തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാണ്,’ യത്‌നാലിന്റെ പ്രസ്താവനയില്‍ പ്രതികരിച്ച് സിദ്ധരാമയ്യ പറഞ്ഞു.
അതേസമയം കര്‍ണാടക മുന്‍ മന്ത്രിയും ബി.ജെ.പി നേതാവുമായ ഉമേഷ് കാട്ടിയും അടുത്തിടെ ഇതേ കാര്യം പറഞ്ഞിരുന്നു. ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി സി. ടി രവി യത്‌നാലിന്റെ വാദത്തെ തള്ളിക്കൊണ്ട് രംഗത്തെത്തി. യത്‌നാല്‍ ഇത്തരം വിചിത്ര പ്രസ്താവനകള്‍ നടത്തുന്നതില്‍ പ്രശസ്തനാണെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക