പാലക്കാട്: ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്കെന്ന് റിപ്പോര്‍ട്ട്. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനടക്കം പങ്കെടുത്ത സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് സന്ദീപ് വാര്യര്‍ ബി.ജെ.പിയില്‍ നിന്നും കോണ്‍ഗ്രസിലേക്ക് എന്ന കാര്യം വ്യക്തമാക്കിയത്.
പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയതായെന്ന വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് സ്ഥിരീകരണം.
സന്ദീപ് വാര്യരും ബി.ജെ.പിയും തമ്മിലുണ്ടായിരുന്ന പ്രശ്‌നങ്ങളെ തുടര്‍ന്ന് സന്ദീപ് വാര്യര്‍ സി.പി.ഐ.എമ്മിലേക്ക് പോവുമെന്ന് അഭ്യൂഹങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ അഭ്യൂഹങ്ങള്‍ക്കെല്ലാം അറുതി വരുത്തിക്കൊണ്ടാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സ്ഥിരീകരണം.
സന്ദീപ് വാര്യരെ നെഞ്ചോട് ചേര്‍ത്ത് സ്വാഗതം ചെയ്യുന്നുവെന്ന് കെ. സുധാകരനും ഐക്യജനാധിപത്യ മുന്നണിക്കുവേണ്ടി സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവും പറഞ്ഞു.
സന്ദീപ് വെറുപ്പിന്റെയും വര്‍ഗീയതയുടെയും രാഷ്ട്രീയം വിട്ട് സ്‌നേഹത്തിന്റെയും ചേര്‍ത്തുനിര്‍ത്തലിന്റെയും രാഷ്ട്രീയം സ്വീകരിച്ചുവെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
വ്യക്തിപരമായ അഭിപ്രായം പറയാന്‍ സമ്മതിക്കാതിരുന്ന പാര്‍ട്ടിയില്‍ നിന്നാണ് താന്‍ വരുന്നതെന്നും തന്റെ പാര്‍ട്ടിയെ സംരക്ഷിക്കാന്‍ ശ്രമിക്കുകയും പ്രതികരിക്കുകയും ചെയ്തിട്ടും ബി.ജെ.പിയില്‍ നിന്ന് തനിക്ക് കിട്ടിയത് അവഗണനയും വേട്ടയാടലുമാണെന്നും സന്ദീപ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു.
കെ.സുരേന്ദ്രനും സംഘവും കാരണമാണ് താന്‍ കോണ്‍ഗ്രസില്‍ വന്നിരിക്കുന്നതെന്നും അതിനാലാണ് സ്‌നേഹത്തിന്റെ കടയില്‍ മെമ്പര്‍ഷിപ്പെടുത്തതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
ബലിദാനിയുടെ ഫോട്ടോ വെച്ച് വോട്ട് തേടുന്ന സംഘടനയായി ബി.ജെ.പി മാറിയെന്നും സംഘടനയെ വിശ്വസിക്കുന്നവരെല്ലാം തെറ്റിദ്ധാരണയിലകപ്പെട്ടുവെന്നും സന്ദീപ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: BJP leader Sandeep Warrier to Congress