'എന്നെ കൂടുതല്‍ സ്‌നേഹിച്ചു കൊല്ലരുത്'; പാലക്കാടേക്ക് ഇനിയില്ലെന്ന് സന്ദീപ് വാര്യര്‍
Kerala News
'എന്നെ കൂടുതല്‍ സ്‌നേഹിച്ചു കൊല്ലരുത്'; പാലക്കാടേക്ക് ഇനിയില്ലെന്ന് സന്ദീപ് വാര്യര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th November 2024, 11:49 am

പാലക്കാട്: നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തിലേക്ക് ഇനി ഇല്ലെന്ന് ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍. അപമാനം നേരിട്ട സ്ഥലത്ത് വീണ്ടും എത്താന്‍ ആത്മാഭിമാനം അനുവദിക്കുന്നില്ലെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് പ്രതികരണം.

കഴിഞ്ഞ കുറേ ദിവസമായി മാനസികമായി കടുത്ത സമ്മര്‍ദത്തിലാണ്. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കാനില്ലെന്ന് പറഞ്ഞിട്ടും വിടാതെ പിന്തുടരുന്നുവെന്നും അതിനവരെ കുറ്റപ്പെടുത്തുന്നില്ലെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. അത് മാധ്യമങ്ങളുടെ ധര്‍മമാണെന്നും സന്ദീപ് വാര്യര്‍ പ്രതികരിച്ചു.

സ്‌നേഹിക്കുന്നവരുടെ വികാരങ്ങള്‍ പൂര്‍ണമായി ഉള്‍ക്കൊള്ളുന്നുണ്ട്. അവരുടെ സ്‌നേഹത്തിന് മുന്നില്‍ ഞാന്‍ നമസ്‌കരിക്കുകയാണെന്നും സന്ദീപ് വാര്യര്‍ കുറിച്ചു.

കണ്‍വെന്‍ഷന്‍ വേദിയില്‍ ഒരു സീറ്റ് കിട്ടാത്തതിനാല്‍ പിണങ്ങിപോകുന്നവനല്ല താനെന്ന് തന്നെ സ്‌നേഹിക്കുന്ന തന്നെ അറിയുന്ന മുഴുവന്‍ ആളുകള്‍ക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഇന്നും കൊടി പിടിക്കുകയും മുദ്രാവാക്യം വിളിക്കുകയും പോസ്റ്റര്‍ ഒട്ടിക്കുകയും ചെയ്യുന്ന ഒരു എളിയ ബി.ജെ.പി പ്രവര്‍ത്തകന്‍ മാത്രമാണ് താനെന്നും സന്ദീപ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു.

തന്റെ ‘അമ്മ മരിച്ചപ്പോള്‍ പോലും ബി.ജെ.പി തിരിഞ്ഞു നോക്കിയില്ലെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. എന്നാല്‍ ഇപ്പോഴത്തെ ഇടതുസ്ഥാനാര്‍ത്ഥിയായ പി. സരിന്‍, ആനത്തലവട്ടം ആനന്ദന്‍, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, എ.എ. റഹീം, ബി.ആര്‍.എം. ഷഫീര്‍, വി.ടി. ബല്‍റാം, മുകേഷ് എം.എല്‍.എ തുടങ്ങിയ നേതാക്കള്‍ നേരിട്ടും അല്ലാതെയും അനുശോചനം അറിയിച്ചെന്നും സന്ദീപ് വാര്യര്‍ കുറിച്ചു.

തന്റെ അമ്മയുടെ മൃതദേഹത്തില്‍ ബി.ജെ.പി സംസ്ഥാന കമ്മിറ്റിയുടെ ഒരു റീത്ത് പോലും നിങ്ങള്‍ ആരും വെച്ചില്ല എന്നത് മറന്നുപോകരുതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

എന്നാൽ സി. കൃഷ്ണകുമാറിന് വിജയാശംസകള്‍ നേരുന്നുവെന്നും ബി.ജെ.പി ജയിക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുവെന്നും സന്ദീപ് പറയുന്നു.

കഴിഞ്ഞ തിങ്കളാഴ്ച നടന്ന എന്‍.ഡി.എ കണ്‍വെന്‍ഷനില്‍ വേദിയില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് സന്ദീപ് വാര്യര്‍ പാര്‍ട്ടിവിടുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇക്കാര്യം സന്ദീപ് വാര്യര്‍ നിലവിലെ ഫേസ്ബുക്ക് കുറിപ്പില്‍ നിഷേധിച്ചിട്ടുണ്ട്.

Content Highlight: BJP leader Sandeep varier said that he is no longer in the Palakkad constituency