പാലക്കാട്: എല്ലായ്‌പ്പോഴും സ്ത്രീ ഇരയും പുരുഷന്‍ വേട്ടക്കാരനും എന്ന പൊതുബോധത്തിനേറ്റ പ്രഹരമാണ് ഷാരോണിന്റെ കൊലപാതകമെന്ന് ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍.
കപടലോകത്തില്‍ ആത്മാര്‍ത്ഥമായൊരു ഹൃദയമുണ്ടായതാണെന്‍ പരാജയം എന്ന് ചങ്ങമ്പുഴയെഴുതിയത് ഷാരോണിനെ പോലുള്ള നിഷ്‌കളങ്കരെക്കുറിച്ചാണോ? എന്നും സന്ദീപ് വാര്യര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.
വേഷം മാറുന്നത് പോലെ പ്രണയം മാറാനും, കൂടുതല്‍ മെച്ചപ്പെട്ട ബന്ധങ്ങളിലേക്ക് പോകുന്നതിനെ ‘നോ’ എന്ന് പറയാനുള്ള അവളുടെ സ്വാതന്ത്ര്യമായി വ്യാഖ്യാനിക്കാനും കഴിയുന്നവരുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഇടക്കെങ്കിലും നമുക്ക് ‘അവനോടൊപ്പം’ ഹാഷ്ടാഗുമാവാമെന്നും സന്ദീപ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, പാറശ്ശാല ഷാരോണ്‍ രാജ് കൊലപാതകത്തിലെ പ്രതി ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചതായി സ്ഥിരീകരിച്ചു. പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിലുണ്ടായിരുന്ന അണുനാശിനിയായ ലൈസോള്‍ കുടിച്ചാണ് ഗ്രീഷ്മ ആത്മഹത്യാ ശ്രമം നടത്തിയത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഛര്‍ദ്ദിക്കുകയും ചെയ്തതിനെ തുടര്‍ന്ന് മെഡിക്കല്‍ കൊളേജ് ആശുപതിയിലേക്ക് കൊണ്ടുപോയി.
ഇന്നലെ രാത്രി ഒന്നേകാലോടെയാണ് ഗ്രീഷ്മയെ നെടുമങ്ങാട് ഡി.വൈ.എസ്.പി ഓഫീസില്‍ എത്തിച്ചത്. ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. തെളിവെടുപ്പും തുടര്‍നടപടികളും പിന്നീട് തീരുമാനിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് യുവാവിന്റെ കൊലപാതകത്തില്‍ പ്രതി ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത്. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോള്‍ ഷാരോണിനെ ഒഴിവാക്കാന്‍ തീരുമാനിച്ചുവെന്നും കഷായത്തില്‍ വിഷം കലര്‍ത്തുകയായിരുന്നുവെന്നും പെണ്‍കുട്ടി പൊലീസിനോട് സമ്മതിച്ചു. എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത്.
സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് കുറിപ്പ്:
കപടലോകത്തില്‍ ആത്മാര്‍ഥമായൊരു ഹൃദയമുണ്ടായതാണെന്‍ പരാജയം എന്ന് ചങ്ങമ്പുഴയെഴുതിയത് ഷാരോണിനെ പോലുള്ള നിഷ്‌കളങ്കരെക്കുറിച്ചാണോ?
എല്ലായ്‌പ്പോഴും സ്ത്രീ ഇരയും പുരുഷന്‍ വേട്ടക്കാരനും എന്ന പൊതുബോധത്തിനേറ്റ പ്രഹരമാണ് ഷാരോണിന്റെ കൊലപാതകം.
വേഷം മാറുന്നത് പോലെ പ്രണയം മാറാനും സാമ്പത്തികമായും സാമൂഹികമായും കൂടുതല്‍ മെച്ചപ്പെട്ട ബന്ധങ്ങളിലേക്ക് പോകുന്നതിനെ ‘നോ’ എന്ന് പറയാനുള്ള അവളുടെ സ്വാതന്ത്ര്യമായി വ്യാഖ്യാനിക്കാനും കഴിയുന്നവരുണ്ട്. വിഷം കലര്‍ത്തിയ ജ്യൂസിനോട് പോലും നോ എന്ന് പറയാതെ, അവസാന നിമിഷവും കാമുകി ചതിക്കില്ല എന്ന് വിശ്വസിച്ച ഷാരോണ്‍, നീ ഒരു വേദനയാണ്.
ഇടക്കെങ്കിലും നമുക്ക് #അവനോടൊപ്പം ഹാഷ്ടാഗുമാവാം.