ഭഗവാന്‍ ജഗന്നാഥന്‍ നരേന്ദ്ര മോദിയുടെ ഭക്തനാണെന്ന പരാമര്‍ശം; പ്രായശ്ചിത്തമായി മൂന്ന് ദിവസം വ്രതമെടുക്കാമെന്ന് സംബിത് പത്ര
national news
ഭഗവാന്‍ ജഗന്നാഥന്‍ നരേന്ദ്ര മോദിയുടെ ഭക്തനാണെന്ന പരാമര്‍ശം; പ്രായശ്ചിത്തമായി മൂന്ന് ദിവസം വ്രതമെടുക്കാമെന്ന് സംബിത് പത്ര
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st May 2024, 3:23 pm

ന്യൂദല്‍ഹി: ഭഗവാന്‍ ജഗന്നാഥന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭക്തനാണെന്ന പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ബി.ജെ.പി ദേശീയ വക്താവ് സംബിത് പത്ര. വിവിധ കോണുകളില്‍ നിന്ന് പരാമര്‍ശത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നുവന്ന പശ്ചാത്തലത്തിലാണ് മാപ്പ് പറഞ്ഞുകൊണ്ട് സംബിത് പത്ര
രംഗത്തെത്തിയത്.

തിങ്കളാഴ്ചയാണ് ഭഗവാന്‍ ജഗന്നാഥന്‍ നരേന്ദ്ര മോദിയുടെ ഭക്തനാണെന്ന് മാധ്യമങ്ങളോട് സംബിത് പത്ര പറഞ്ഞത്. പ്രസ്താവന അബദ്ധത്തില്‍ പറ്റിയതാണെന്നാണ് സംബിത് പത്ര അവകാശപ്പെട്ടത്.

‘എനിക്ക് അബദ്ധം പറ്റിയതാണ്. ഞാന്‍ ഉദ്ദേശിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭഗവാന്‍ ജഗന്നാഥന്റെ വലിയ ഭക്തനാണെന്നാണെന്നാണ്. എന്റെ പ്രസ്താവന ലക്ഷക്കണക്കിന് ഭക്തരെ വേദനിപ്പിച്ചതായി മനസിലാക്കുന്നു. ഭഗവാന്‍ ജഗന്നാഥനോടുള്ള പ്രായശ്ചിത്തമായി മൂന്ന് ദിവസം വ്രതമെടുക്കും,’സംബിത് പത്ര പറഞ്ഞു.

മുഖ്യമന്ത്രി ആയിരുന്നപ്പോഴും അതിന് മുമ്പുമെല്ലാം അഹ്‌മ്മദാബാദിലെ ജഗന്നാഥ ക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചിരുന്നു എന്നാണ് എല്ലാ മാധ്യമങ്ങളോടും താന്‍ പറഞ്ഞത്. മോദി ഭഗവാന്‍ ജഗന്നാഥന്റെ വലിയ ഭക്തനാണെന്ന് പറയുന്നതിന് പകരം ഭഗവാന്‍ ജഗന്നാഥന്‍ മോദിയുടെ ഭക്തനാണെന്ന് പറഞ്ഞ് പോയി. വലിയ ആള്‍ക്കൂട്ടത്തിന് നടുവില്‍ നിന്ന് പറഞ്ഞതിനാല്‍ ഉദ്ദേശിച്ചത് മാറിപ്പോഴതാണെന്നും സംബിത് പത്ര കൂട്ടിച്ചേര്‍ത്തു.

ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ഉള്‍പ്പടെയുള്ളവര്‍ സംബിത് പത്രയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

‘പ്രപഞ്ചനാഥനായ ഭഗവാന്‍ ജഗന്നാഥനെ ഒരു മനുഷ്യന്റെ ഭക്തനെന്ന് വിളിക്കുന്നത് തികച്ചും അപലപനീയമാണ്. ഇത് ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ജഗന്നാഥ ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തുകയും വിശ്വാസത്തെ അവഹേളിക്കുകയും ചെയ്തു,’ നവീന്‍ പട്‌നായിക് എക്‌സില്‍ കുറിച്ചു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പത്രയ്‌ക്കെതിരെ രംഗത്തെത്തി. അധികാരത്തിന്റെ ലഹരിയില്‍ ബി.ജെ.പി ദൈവങ്ങളെ പോലും വെറുതെ വിടുന്നില്ലെന്നാണ് ഖാര്‍ഗെ എക്‌സില്‍ കുറിച്ചത്. ജൂണ്‍ നാലിന് രാജ്യത്തെ ജനങ്ങള്‍ ഇതിനെല്ലാം മറുപടി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, പുരി ലോക്‌സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജയനാരായണ പട്‌നായിക്ക് പത്രയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Content Highlight: BJP leader Sambit Patra to fast for 3 days over his remarks on Lord Jagannath