ഹരിദ്വാര്‍: അസുരനായ ഹിരണ്യകശിപുവിന്റെ കുടുംബമാണ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടേതെന്ന് ബി.ജെ.പി എം.പി സാക്ഷി മഹാരാജ്. ജയ് ശ്രീറാം വിളിക്കുന്ന എല്ലാവര്‍ക്കുമെതിരേ മമത ഗൂഢാലോചന നടത്തുന്നുണ്ടെന്നും ഉന്നാവ് മണ്ഡലത്തിലെ എം.പിയായ സാക്ഷി മഹാരാജ് ആരോപിച്ചു.
ദൈവത്തില്‍ വിശ്വസിച്ചതിന് മകന്‍ പ്രഹ്ലാദനെ തുറങ്കില്‍ അടച്ച വ്യക്തിയാണു പുരാണത്തില്‍ ഹിരണ്യകശിപു. അതു ചൂണ്ടാക്കാട്ടിയായിരുന്നു സാക്ഷി ഇക്കാര്യം പറഞ്ഞത്. ‘ഇവിടെയൊരു രാക്ഷസനുണ്ടായിരുന്നു. പേര് ഹിരണ്യകശിപു. ജയ് ശ്രീറാമെന്നു വിളിച്ചതിനാണ് അയാളുടെ മകനായ പ്രഹ്ലാദനെ തുറങ്കില്‍ അടച്ചത്. ഇതുതന്നെയാണ് ബംഗാളില്‍ ആവര്‍ത്തിക്കുന്നത്. അതു കണ്ടിട്ടു തോന്നുന്നത് മമത ജനിച്ചത് ഹിരണ്യകശിപുവിന്റെ കുടുംബത്തിലാണെന്നാണ്.’- വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടു സംസാരിക്കവെയാണ് സാക്ഷി ഇക്കാര്യം പറഞ്ഞത്.
ബി.ജെ.പി ‘ജയ് ശ്രീറാം’ ഉപയോഗിക്കുന്നത് പാര്‍ട്ടി മുദ്രാവാക്യമായിട്ടാണെന്ന ആരോപണവുമായി നേരത്തേ മമത രംഗത്തെത്തിയിരുന്നു. ‘ചില ബി.ജെ.പി അനുകൂലികള്‍ ബി.ജെ.പി അക്കൗണ്ടുകളിലൂടെയും വ്യാജ വീഡിയോകളിലൂടെയും വ്യാജ വാര്‍ത്തകളിലൂടെയും തെറ്റിദ്ധാരണയുണ്ടാക്കുന്ന വിവരങ്ങളിലൂടെയും വിദ്വേഷത്തിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. സത്യവും യാഥാര്‍ഥ്യവും അടിച്ചമര്‍ത്താനും ആശയക്കുഴപ്പമുണ്ടാക്കാനും വേണ്ടിയാണിത്.’- മമത കുറ്റപ്പെടുത്തി.
മമതയ്ക്ക് ജയ് ശ്രീറാം എന്നെഴുതിയ 10 ലക്ഷം പോസ്റ്റ് കാര്‍ഡുകള്‍ അയക്കണമെന്ന് ബി.ജെ.പി എം.പി അര്‍ജുന്‍ സിങ് ഇന്നു രാവിലെ ആഹ്വാനം ചെയ്തിരുന്നു. ഈ 10 ലക്ഷം പേരെ അറസ്റ്റ് ചെയ്യാന്‍ അര്‍ജുന്‍ മമതയെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.
ഓരോ രാഷ്ട്രീയപ്പാര്‍ട്ടിക്കും ഓരോ മുദ്രാവാക്യമുണ്ട്. എന്റെ പാര്‍ട്ടിയുടേത് ജയ് ഹിന്ദെന്നും വന്ദേ മാതരമെന്നുമാണ്. ഇടതിന്റേത് ഇങ്ക്വിലാബ് സിന്ദാബാദ് എന്നാണ്. മറ്റുള്ളവര്‍ക്കും വ്യത്യസ്ത മുദ്രാവാക്യങ്ങളുണ്ട്. നമ്മള്‍ പരസ്പരം ബഹുമാനിക്കണം. ജയ് സീതാ റാം, ജയ് റാം ജീ കീ, റാം നാം സത്യ ഹേ തുടങ്ങിയവയൊക്കെ മതപരമായ കാര്യങ്ങളാണ്. ആ വികാരങ്ങളെയും നമ്മള്‍ മാനിക്കണം.
പക്ഷേ ബി.ജെ.പി മതപരമായ മുദ്രാവാക്യങ്ങളെ ഉപയോഗിക്കുന്നത് പാര്‍ട്ടി മുദ്രാവാക്യമായാണ്. മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്തുകയാണ് അവര്‍ ചെയ്യുന്നത്. ആര്‍.എസ്.എസിന്റെ പേരില്‍ ഇത്തരത്തില്‍ നിര്‍ബന്ധിതമായി മുദ്രാവാക്യങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിനെ ബംഗാള്‍ ഒരിക്കലും സ്വീകരിക്കില്ല. അക്രമത്തിലൂടെ വിദ്വേഷം പ്രചരിപ്പിക്കാനുള്ള ഗൂഢശ്രമമാണ് അവര്‍ നടത്തുന്നത്. ചിലയാളുകളെ ഒരാള്‍ക്ക് ചിലപ്പോഴൊക്കെ പറ്റിക്കാം. പക്ഷേ എല്ലാവരെയും എല്ലാക്കാലവും പറ്റിക്കാനാവില്ലെന്നും മമത പറഞ്ഞു.
സാധാരണ ജീവിതത്തെ ബാധിക്കുന്ന തരത്തില്‍ പ്രവര്‍ത്തനം നടത്തുന്നവരെയും അക്രമം അഴിച്ചുവിടുന്നവരെയും നിയന്ത്രിക്കുന്നതിനും അവര്‍ക്കെതിരേ നടപടിയെടുക്കുന്നതിനുമുള്ള സമയം അതിക്രമിച്ചിരിക്കുകയാണ്. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ഇത്തരം പ്രവൃത്തികളെ നിയന്ത്രിച്ചില്ലെങ്കില്‍ സമൂഹാന്തരീക്ഷം മലിനമാകും.
രാജ്യത്തിന്റെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും ബഹുമാനിക്കാനും വിദ്വേഷം പ്രചരിപ്പിക്കുന്ന രാഷ്ട്രീയത്തിനു മറുപടി നല്‍കുന്നതിനും രാജ്യത്തെയും സംസ്ഥാനത്തെയും ജനങ്ങള്‍ തയ്യാറാകണമെന്നും മമത ആവശ്യപ്പെട്ടു.
തൃണമൂല്‍ നേതാവും അഗ്‌നിശമന വകുപ്പ് മന്ത്രിയുമായ സുജിത് ബോസിന്റെ വീടിനു മുന്നില്‍ മെയ് 30-ന് ഒരുസംഘമാളുകള്‍ നടത്തിയ ജയ് ശ്രീറാം മുദ്രാവാക്യം വിളികളുമായെത്തിയതു വിവാദമായിരുന്നു.