ഭോപ്പാല്‍: മധ്യപ്രദേശില്‍ ബി.ജെ.പി നേതാവ് ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രം ഒഴിച്ചതിനെ വിമര്‍ശിച്ച ഗായിക നേഹ സിങ് റതോരക്കെതിരെ കേസെടുത്ത് ഭോപ്പാല്‍ പൊലീസ്. ബി.ജെ.പി പ്രവര്‍ത്തകന്‍ സൂരജ് ഖരെ ഭോപ്പാലിലെ ഹബിബ്ഗഞ്ച് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്.
സാമൂഹ്യ മാധ്യമങ്ങളിലൂടെ നേഹ സിങ് ആര്‍.എസ്.എസിനെ ലക്ഷ്യം വെക്കുന്നുവെന്ന പരാതിയില്‍ ഐ.പി.സി സെഷന്‍ 153 എ (മതം, വംശം മുതലായവയുടെ അടിസ്ഥാനത്തില്‍ വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുക) പ്രകാരമാണ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
എന്നാല്‍ കേസിനെക്കുറിച്ച് നേഹ സിങ് തന്നെ ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.
‘മധ്യപ്രദേശിലെ സിദ്ധി ജില്ലയില്‍ ബി.ജെ.പി നേതാവ് ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രം ഒഴിച്ചു. ഈ വിഷയത്തെ വിമര്‍ശിച്ചതിന് എന്റെ പേരില്‍ എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയിരിക്കുകയാണ്,’ അവര്‍ പറഞ്ഞു.
मध्य प्रदेश के सीधी जिले में भाजपा नेता ने आदिवासी व्यक्ति के सिर पर पेशाब की. इस घटना की आलोचना करने पर मेरे विरुद्ध FIR दर्ज करवा दी गई है. pic.twitter.com/zozH1A3Sie
— Neha Singh Rathore (@nehafolksinger) July 7, 2023
ബി.ജെ.പിയുടെ എസ്.സി മോര്‍ച്ചയാണ് കേസ് കൊടുത്തതെന്നും ഗോത്രവിഭാഗങ്ങളോടുള്ള അവരുടെ സ്‌നേഹം കാണുമ്പോള്‍ അത്ഭുതം തോന്നുന്നുവെന്നും മറ്റൊരു ട്വീറ്റിലൂടെ നേഹ പറഞ്ഞു.’
അര്‍ധ നഗ്നനായ ഒരാള്‍ മറ്റൊരാളുടെ മുഖത്ത് മൂത്രം ഒഴിക്കുന്ന കാരിക്കേച്ചറാണ് നേഹ പങ്കുവെച്ചത്. മൂത്രം ഒഴിക്കുന്ന ആള്‍ വെള്ള കുപ്പായവും കറുത്ത തൊപ്പിയും ധരിച്ചയാളാണ്. അയാളുടെ കാക്കി ഷോര്‍ട്‌സ് സമീപത്ത് കിടക്കുന്നുണ്ട്. ഈ രീതിയിലുള്ള കാരിക്കേച്ചറാണ് അവര്‍ പങ്കുവെച്ചത്. എന്താണ് മധ്യപ്രദേശില്‍ നടക്കുന്നതെന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചത്.
— Neha Singh Rathore (@nehafolksinger) July 6, 2023
‘ചിലയാളുകള്‍ എന്നെ കോണ്‍ഗ്രസിന്റെ ഏജന്റായിട്ടാണ് കാണുന്നത്. ചിലര്‍ സമാജ്‌വാദിയായിട്ടും, ചിലര്‍ ആം ആദ്മിയായും കാണുന്നു. ഏത് സംസ്ഥാനത്തും ആരാണോ പ്രതിപക്ഷം ഞാന്‍ അവരോടൊപ്പമാണ്. പ്രതിപക്ഷ പാര്‍ട്ടി അധികാരത്തില്‍ വരുമ്പോള്‍ ഞാന്‍ അവരെ എതിര്‍ക്കുന്നതായി തോന്നാറുണ്ട്.
ഏത് പാര്‍ട്ടിയാണോ കേന്ദ്രത്തില്‍ പ്രതിപക്ഷത്തിരിക്കുന്നത് ഞാന്‍ അവരോടൊപ്പമാണ്. സര്‍ക്കാര്‍ മാറും. എന്നാലും ഞാന്‍ എപ്പോഴും പ്രതിപക്ഷത്തിനൊപ്പമാണ്. സമൂഹത്തിനൊപ്പം നിന്ന് കൊണ്ട് സര്‍ക്കാരിനെ ചോദ്യം ചെയ്യുകയാണ് ഒരു നാടന്‍ കലാകാരി ചെയ്യേണ്ടത്. ഞാന്‍ ജനാധിപത്യത്തിനൊപ്പമാണ്,’ എന്നാണ് പോസ്റ്റ് ഷെയര്‍ ചെയ്തതിന് ശേഷം നേഹ പറഞ്ഞത്.
ഫെബ്രുവരിയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ തന്റെ ഗാനത്തിലൂടെ വിമര്‍ശിച്ചതിനും നേഹക്ക് നോട്ടീസ് നല്‍കിയിരുന്നു. കുടിയൊപ്പിക്കുന്നതിനിടയില്‍ അമ്മയും മകളും മരിച്ച സംഭവത്തെയായിരുന്നു നേഹ അന്ന് വിമര്‍ശിച്ചത്.
സിദ്ധി ബി.ജെ.പി എം.എല്‍എ കേദാര്‍ നാഥിന്റെ അടുത്ത അനുയായിയായ പര്‍വേശ് ശുക്ലയാണ് ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രം ഒഴിച്ചത്. മാസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവം വീഡിയോ പുറത്തായതോടെയാണ് ശ്രദ്ധ തേടുന്നത്. വിഷയം സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായതോടെ പര്‍വേശിനെ പൊലീസ് അറസ്റ്റ് ചെയ്തു.