'സുരേഷ് താങ്കള്‍ പറയുന്ന ഇംഗ്ലീഷ് ഞങ്ങള്‍ക്ക് മനസിലാവുന്നില്ല'; ചാനല്‍ ചര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ച് ബി.ജെ.പി നേതാവ്
Sabarimala women entry
'സുരേഷ് താങ്കള്‍ പറയുന്ന ഇംഗ്ലീഷ് ഞങ്ങള്‍ക്ക് മനസിലാവുന്നില്ല'; ചാനല്‍ ചര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ച് ബി.ജെ.പി നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th October 2018, 11:09 pm

തിരുവനന്തപുരം: ശബരിമലയില്‍ സുപ്രീംകോടതി ഉത്തരവനുസരിച്ച് സ്ത്രീപ്രവേശനത്തിന് സുരക്ഷയൊരുക്കണമെന്ന് പറയുന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ച് ബി.ജെ.പി നേതാവ് എസ്. സുരേഷ്.

ന്യൂസ് 18 ചാനലില്‍ നടന്ന ചര്‍ച്ചയിലാണ് ബി.ജെ.പി നേതാവിന്റെ സ്വന്തം നിലയിലുള്ള വ്യാഖ്യാനം. രെഹ്ന ഫാത്തിമയെ പോലുള്ള ആളുകളെ ശബരിമലയിലേക്ക് കയറ്റാന്‍ സാധ്യതയുണ്ട് അതുകൊണ്ട് ശക്തമായ സംവിധാനം ഉണ്ടാകണമെന്നാണ് ഉത്തരവ് പറയുന്നതെന്നാണ് എസ്. സുരേഷ് പറഞ്ഞത്.

ശബരിമല സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നത്. സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീംകോടതി ഉത്തരവിനെതിനെ സംസ്ഥാനത്ത് അക്രമാസക്തമായ സമരങ്ങള്‍ നടക്കുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു കേന്ദ്രത്തിന്റെ ഈ നിര്‍ദ്ദേശം.

ശബരിമല ക്ഷേത്രപ്രവേശനത്തിന് കര്‍ശനമായ സുരക്ഷ ഒരുക്കണമെന്ന് കേന്ദ്ര സര്‍ക്കാരാണു സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചതെന്നു മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് വ്യക്തമാക്കിയിരുന്നു. കത്ത് മുഖേനെയാണ് കേന്ദ്രം സുരക്ഷയുടെ കാര്യങ്ങള്‍ അറിയിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

“സംഘര്‍ഷം ഒഴിവാക്കാനും ക്രമസമാധാനം സംരക്ഷിക്കാനും ആവശ്യമാണെങ്കില്‍ യുക്തമായ നിരോധന ഉത്തരവുകള്‍ പുറപ്പെടുവിക്കാനും സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാനും നടപടികള്‍ സ്വീകരിക്കണമെന്ന നിര്‍ദേശവും കത്തിലുണ്ട്. ഈ പശ്ചാത്തലത്തില്‍ ശബരിമലയില്‍ ദര്‍ശനത്തിനായി എത്തിച്ചേരുന്ന എല്ലാവര്‍ക്കും ആവശ്യമായ സുരക്ഷയും സൗകര്യങ്ങളും ഒരുക്കുന്ന പൊലീസ് നടപടിക്ക് കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയുണ്ടെന്നതു വ്യക്തമാണെന്നും” മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞിരുന്നു.