| Saturday, 3rd October 2020, 11:25 pm

'ഇത് റേപ്പ് ടൂറിസം'; രാഹുലിന്റെയും പ്രിയങ്കയുടെയും ഹാത്രാസ് സന്ദര്‍ശനത്തില്‍ ബി.ജെ.പി നേതാവ് എസ്. സുരേഷിന്റെ പരാമര്‍ശം വിവാദത്തില്‍, വ്യാപക വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഹാത്രാസില്‍ ബലാംത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ കുടുംബത്തെ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സന്ദര്‍ശിച്ചതില്‍ സംസ്ഥാന ബി.ജെ.പി നേതാവ് എസ്.സുരേഷ് നടത്തിയ പ്രതികരണം വിവാദത്തില്‍.

ഈ റേപ്പ് ടൂറിസം കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന രാജസ്ഥാനിലേക്കായിരുന്നു രാഹുല്‍ നടത്തേണ്ടിയിരുന്നത് എന്നാണ് എസ്. സുരേഷിന്റെ പരാമര്‍ശം.

‘ ഉത്തര്‍പ്രദേശില്‍ ഇപ്പോള്‍ സംഭവിക്കുന്നത് നിയമ സംവിധാനങ്ങള്‍ സംരക്ഷിക്കാനുള്ള ഒരു സര്‍ക്കാരിന്റെ പരിശ്രമമാണ്. രാഹുല്‍ ഗാന്ധിയുടെ പ്രിയങ്കരനായ അശോക് ഗെഹ്‌ലോട്ട് എന്നു പറയുന്ന നേതാവ് അവിടെ രണ്ട് കൊച്ചുകുട്ടികളെ റേപ്പ് ചെയതപ്പോള്‍ അത് ബലം പ്രയോഗിച്ചുള്ള റേപ്പ് അല്ല എന്നു പറഞ്ഞു. ഒരു വിഡ്ഢിയായ മുഖ്യമന്ത്രി രാജസ്ഥാനിലിരിക്കുമ്പോള്‍ ആ രാജസ്ഥാനിലേക്കായിരുന്നു ആള്‍ക്കാര്‍ വിമര്‍ശിക്കുന്ന റേപ്പ് ടൂറിസം എന്ന പോലെയുള്ള ഈ യാത്ര നടത്തേണ്ടിയിരുന്നത്. കാരണം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റേപ്പ് നടന്നു കൊണ്ടിരിക്കുന്നത് രാജസ്ഥാനിലാണ്,’ എസ് സുരേഷ് പറഞ്ഞു.

രാഹുലും പ്രിയങ്കയും ഹാത്രാസില്‍ കൊല്ലപ്പട്ട ദളിത് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കുന്നതിനു മുന്നോടിയായി നടന്ന സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ 24 ന്യൂസ് ചാനലില്‍ നടത്തിയ ചര്‍ച്ചയിലാണ് സംസ്ഥാന ബി.ജെ.പി നേതാവിന്റെ പരാമര്‍ശം. സുരേഷിന്റെ പരാമര്‍ശത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. പരാമര്‍ശത്തില്‍ എസ്. സുരേഷ് മാപ്പു പറയണമെന്നാവശ്യപ്പെട്ടു കൊണ്ട് നിരവധി പേര്‍ രംഗത്തു വന്നിട്ടുണ്ട്.

ഇതിനിടെ രാഹുലും പ്രിയങ്കയും ഹാത്രാസ് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ചു മടങ്ങി. നീതിക്ക് വേണ്ടി തങ്ങള്‍ നിലകൊള്ളുമെന്നും പെണ്‍കുട്ടിയുടെ കുടുംബത്തിന് സംരക്ഷണം നല്‍കണമെന്നും പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മാധ്യമങ്ങളോട് പറഞ്ഞു.

എവിടെയെങ്കിലും എന്തെങ്കിലും തെറ്റ് നടന്നാല്‍ അവിടെ നീതി ഉറപ്പാക്കാന്‍ ഞങ്ങളുണ്ടാവും. ആര്‍ക്കും ഞങ്ങളെ തടുക്കാനാവില്ല,’ രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.

കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് സംരക്ഷണം വേണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.’ തങ്ങളുടെ മകളെ അവസാനമൊരുനോക്ക് കാണാന്‍ പോലും കുടുംബത്തിന് കഴിഞ്ഞില്ല. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തങ്ങളുടെ ഉത്തരവാദിത്വം മനസ്സിലാക്കണം. നീതി നടപ്പാക്കുന്നതു വരെ ഞങ്ങള്‍ പോരാട്ടം തുടരും,’ പ്രിയങ്ക ഗാന്ധി പറഞ്ഞു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മയുമായി സംസാരിച്ച ശേഷമാണ് പ്രിയങ്കയുടെ പ്രതികരണം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: BJP Leader S.Suresh insult rahul and priyanka hathras visit as rape tourism

We use cookies to give you the best possible experience. Learn more