അഹമ്മദാബാദ്: ഗുജറാത്തില്‍ പോളിങ് ബൂത്ത് കൈയ്യേറിയ ബി.ജെ.പി നേതാവിന്റെ മകന്‍ അറസ്റ്റില്‍. ബൂത്തില്‍ അതിക്രമിച്ച് കയറി കള്ളവോട്ട് ചെയ്തുവെന്നും ആരോപണമുണ്ട്. പോളിങ് സ്റ്റേഷനില്‍ പ്രവേശിച്ച് പ്രതി ബൂത്തിലെ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ലൈവ് നല്‍കിയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
വിജയ് ഭാഭോര്‍ എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്. ദാഹോദ് ലോക്സഭാ മണ്ഡലത്തിലെ സിറ്റിങ് എം.പിയും സ്ഥാനാര്‍ത്ഥിയുമായ ജസ്വന്ത്സിങ് ഭാഭോറിന്റെ മകനും ബി.ജെ.പി പ്രവര്‍ത്തകനുമാണ് വിജയ് ഭാഭോര്‍.
പ്രതിയുടെ സുഹൃത്തുക്കളോടൊപ്പമാണ് ബി.ജെ.പി പ്രവര്‍ത്തകന്‍ ബൂത്തിലേക്ക് അതിക്രമിച്ച് എത്തിയത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ വിജയ് ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
മഹിസാഗര്‍ ജില്ലാ പൊലീസാണ് വിജയ്‌യെ അറസ്റ്റ് ചെയ്തത്. ലൈവ് നല്‍കിയ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് പിന്‍വലിച്ചെങ്കിലും ദൃശ്യങ്ങള്‍ ഇപ്പോഴും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. വോട്ടിങ് യന്ത്രം തന്റെ പിതാവിന്റേതാണെന്ന് വിജയ് പറയുന്നതായി വീഡിയോയിലുണ്ട്.
അതേസമയം ബൂത്തില്‍ കയറി ഇന്‍സ്റ്റഗ്രാമില്‍ ലൈവ് വീഡിയോ ചെയ്ത ബി.ജെ.പി പ്രവര്‍ത്തകനായ വിജയ് ജനാധിപത്യത്തെ അവഹേളിച്ചുവെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. വീഡിയോയുടെ കോപ്പി അടക്കമുള്ള തെളിവുകള്‍ സഹിതം കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.
സംഭവത്തില്‍ മഹിസാഗര്‍ ജില്ലയിലെ സന്ത്രംപൂര്‍ നിയമസഭാ മണ്ഡലത്തിലെ 220 പര്‍ത്താംപൂര്‍ ബൂത്തില്‍ റീ പോളിങ് നടത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പരാതിയില്‍ അന്വേഷണം നടക്കുകയാണെന്ന് റിട്ടേണിങ് ഓഫീസര്‍ അറിയിച്ചു.
Content Highlight: BJP leader’s son arrested for trespassing at polling booth in Gujarat