ന്യൂദല്‍ഹി: ശ്രീരാമന്‍ ചരിത്രപുരുഷനല്ലെന്ന ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാനി അവാം മോര്‍ച്ച പ്രസിഡന്റുമായ ജിതന്‍ റാം മാഞ്ചിയുടെ പ്രസ്താവനയില്‍ രൂക്ഷമായി പ്രതികരിച്ച് ബി.ജെ.പി നേതാക്കള്‍. രാമായണത്തിലും ചരിത്ര പുരുഷനായി ശ്രീരാമനെ കണക്കാക്കുന്നതിനേയും താന്‍ വിശ്വസിക്കുന്നില്ല എന്നായിരുന്നു മാഞ്ചിയുടെ പരാമര്‍ശം.
”രാമായണം ഒരു യഥാര്‍ത്ഥ സംഭവമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ശ്രീരാമന്‍ ഏതെങ്കിലുമൊരു സമയത്ത് ഈ ഭൂമിയില്‍ ജീവിച്ചിരുന്ന ആളല്ല. ശ്രീരാമന്‍ മഹാനായ ഒരു ചരിത്ര പുരുഷനാണെന്നതും ഞാന്‍ അംഗീകരിക്കുന്നില്ല,” എന്നായിരുന്നു മാഞ്ചി പറഞ്ഞത്. ഇതിനെതിരേയാണ് ഇപ്പോള്‍ ബി.ജെ.പി നേതാക്കള്‍ കടുത്ത ഭാഷയില്‍ പ്രതികരിച്ചിരിക്കുന്നത്.
മധ്യപ്രദേശിന് പിന്നാലെ ബിഹാര്‍ സര്‍ക്കാരും സ്‌കൂള്‍ സിലബസില്‍ രാമായണം ഉള്‍പ്പെടുത്താന്‍ ബി.ജെ.പി നേതാക്കള്‍ ആവശ്യപ്പെട്ടതിനോട് പ്രതികരിക്കുകയായിരുന്നു മാഞ്ചി.
നമ്മുടെ സമൂഹത്തില്‍ ശ്രീരാമന്റെയും രാമായണത്തിന്റെയും പ്രാധാന്യം മായ്ക്കപ്പെടാനാവാത്തതാണെന്നും വാര്‍ത്തയില്‍ ഇടം നേടാനാണ് മാഞ്ചി ഇത്തരം കാര്യങ്ങള്‍ പറയുന്നതെന്നുമായിരുന്നു ബിഹാറിലെ ബി.ജെ.പി വക്താവ് പ്രേം രഞ്ജന്‍ പട്ടേല്‍ പറഞ്ഞത്.
”ശ്രീരാമന്‍ നിലനില്‍ക്കുന്നതായി അദ്ദേഹം വിശ്വസിക്കുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് അദ്ദേഹത്തിന് ജിതന്‍ റാം മാഞ്ചി എന്ന പേര് മാതാപിതാക്കള്‍ നല്‍കിയത്, ജിതന്‍ രാക്ഷസ് മാഞ്ചി എന്ന് നല്‍കാതിരുന്നത്,” എന്നായിരുന്നു ബി.ജെ.പി എം.എല്‍.എ ഹരി ഭൂഷണ്‍ താക്കൂര്‍ പ്രതികരിച്ചത്.
ബി.ജെ.പിയെക്കൂടാതെ ബിഹാറിലെ പ്രതിപക്ഷമായ ആര്‍.ജെ.ഡിയും കോണ്‍ഗ്രസും വരെ മാഞ്ചിയുടെ പ്രതികരണത്തെ തള്ളി രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യന്‍ സമൂഹത്തില്‍ ശ്രീരാമന്റെ സ്വാധീനം ചോദ്യം ചെയ്യപ്പെടാത്തതാണെന്നും മാഞ്ചിയുടെ പ്രസ്താവന വെറും രാഷ്ട്രീയ മൈലേജിന് വേണ്ടിയാണെന്നുമായിരുന്നു ഇവര്‍ പ്രതികരിച്ചത്.
കര്‍ണാടകയില്‍ രണ്ട് വയസുള്ള ദളിത് ബാലന്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചതിന്റെ പേരില്‍ മാതാപിതാക്കള്‍ക്ക് പിഴ ഈടാക്കിയ സംഭവത്തെക്കുറിച്ചുള്ള വാര്‍ത്ത ജിതന്‍ റാം മാഞ്ചി തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവെച്ചതോടെയായിരുന്നു വാദപ്രതിവാദങ്ങളുടെ തുടക്കം.
”നൂറ്റാണ്ടുകളായി അനുഭവിക്കുന്ന വേദനയ്ക്ക് ശബ്ദം നല്‍കുകയാണ് ഞാന്‍. ഇപ്പോള്‍ ആരും പ്രതികരിക്കുന്നില്ല. സ്വയം പ്രഖ്യാപിതരായ വിശ്വാസത്തിന്റെ കാവല്‍ക്കാരും ഇത്തരം വിഷയങ്ങളില്‍ മിണ്ടാതിരിക്കുകയാണ്. അവര്‍ക്ക് ദളിതര്‍ അമ്പലങ്ങളില്‍ പ്രവേശിക്കുന്നതും മതപരമായ കാര്യങ്ങളില്‍ അഭിപ്രായം പറയുന്നതും സഹിക്കാന്‍ പറ്റുന്നില്ല,” എന്നായിരുന്നു മാഞ്ചി ട്വീറ്റ് ചെയ്തത്.
ഇതിന് പിന്നാലെയായിരുന്നു രാമായണത്തെക്കുറിച്ചുള്ള പ്രസ്താവന നടത്തിയത്. ബിഹാറില്‍ സര്‍ക്കാര്‍ രൂപീകരിച്ച എന്‍.ഡി.എ മുന്നണിയുടെ ഭാഗമാണ് ഹിന്ദുസ്ഥാനി അവാം മോര്‍ച്ച. ബി.ജെ.പിയാണ് കര്‍ണാടക ഭരിക്കുന്നതെന്നതും രാഷ്ട്രീയപരമായി പ്രശ്നം കൂടുതല്‍ വഷളാക്കി.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: BJP leader’s reactions on Jitan Ram Manjhi’s comment on Ramayana