| Friday, 12th February 2021, 4:21 pm

സ്ത്രീകള്‍ ശബരിമലയില്‍ കയറണമെന്നായിരുന്നു 70 % ആര്‍.എസ്.എസുകാരും ആദ്യം പറഞ്ഞത്; സി.പി.ഐ.എമ്മില്‍ ചേര്‍ന്ന ബി.ജെ.പി നേതാവ് എസ്. കൃഷ്ണകുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: ശബരിമല യുവതീ പ്രവേശനത്തെ ആര്‍.എസ്.എസ് എതിര്‍ത്തിരുന്നില്ലെന്ന് സി.പി.ഐ.എമ്മില്‍ ചേര്‍ന്ന അയ്യപ്പ ധര്‍മ സംരക്ഷണ സമിതി ചെയര്‍മാന്‍ എസ്. കൃഷ്ണകുമാര്‍. ഭൂരിപക്ഷം ആര്‍.എസ്.എസുകാര്‍ക്കും ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കണമെന്നായിരുന്നു താത്പര്യമെന്നും പിന്നീട് രാഷ്ട്രീയ ലക്ഷ്യത്തിനായി നിലപാട് മാറ്റിയതാണെന്നും അദ്ദേഹം ആരോപിച്ചു.

ആര്‍.എസ്.എസിലെ 70 ശതമാനം പേര്‍ക്കും സ്ത്രീകള്‍ ശബരിമലയില്‍ കയറണമെന്ന അഭിപ്രായമായിരുന്നു ഉണ്ടായിരുന്നത്. 30 ശതമാനം പേര്‍ മാത്രമായിരുന്നു സ്ത്രീകള്‍ കയറേണ്ടെന്ന് പറഞ്ഞിരുന്നത്.

പന്തളത്തെ നാമജപ ഘോഷയാത്രയ്ക്ക് ലഭിച്ച പിന്തുണ കണ്ടാണ് ആര്‍.എസ്.എസ് നിലപാട് മാറ്റിയത്. ശബരിമല വിധിയ്ക്ക് ഒരു വര്‍ഷം മുമ്പ് കെ. സുരേന്ദ്രന്‍ ഈ നിലപാട് വ്യക്തമാക്കിയിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

നാമജപ ഘോഷയാത്രയ്ക്ക് പിന്നാലെ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നെന്നും ബി.ജെ.പി വിട്ട് സി.പി.ഐ.എമ്മില്‍ ചേര്‍ന്നതിന് പിന്നാലെ കൃഷ്ണകുമാര്‍ പറഞ്ഞിരുന്നു.

ഭരണഘടനാ ബെഞ്ചിലിരിക്കുന്ന വിഷയത്തെ രാഷ്ട്രീയ ആയുധമാക്കി വീണ്ടും വിശ്വാസികളെ കച്ചവടം ചെയ്യാനുള്ള സമീപനമാണ് യു.ഡി.എഫും ബി.ജെ.പിയും സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഈ വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി കൊടുക്കാനിരിക്കുകയാണ് താനെന്നും പന്തളം കൊട്ടാരത്തിലെ ഓരോ കുടുംബവുമായും തനിക്ക് ആത്മബന്ധമുണ്ടെന്നും എസ് കൃഷ്ണ കുമാര്‍ പറഞ്ഞിരുന്നു. ബി.ജെ.പിയുടെ നിലപാടിനൊപ്പം കൊട്ടാരം നിന്നുകൊടുക്കില്ല, അതില്‍ ഒരു സംശയവും വേണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ബി.ജെ.പി നേതാവായിരുന്ന കൃഷ്ണകുമാറടക്കം മുപ്പതോളം ബി.ജെ.പി പ്രവര്‍ത്തകരാണ് പന്തളത്ത് സി.പി.ഐ.എമ്മില്‍ ചേര്‍ന്നത്. ശബരിമല നാമജപയാത്രയ്ക്ക് നേതൃത്വം നല്‍കിയ ആളാണ് എസ്. കൃഷ്ണകുമാര്‍. എന്നാല്‍ സി.പി.ഐ.എമ്മിലേക്ക് പോയവരുമായി പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ലെന്നാണ് ബി.ജെ.പി പറയുന്നത്.

ശബരിമല പ്രശ്നം നിയമസഭാ തെരഞ്ഞെടുപ്പില്‍ ആയുധമാക്കാനുള്ള യു.ഡി.എഫ്-ബി.ജെ.പി നീക്കത്തിനിടെയാണ് പന്തളത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ സി.പി.ഐ.എമ്മിലേക്ക് ചേക്കേറിയത്.

ശബരിമല സമരഭൂമിയാക്കാന്‍ പാടില്ലെന്ന ബി.ജെ.പി സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം മറികടന്നാണ് കെ.സുരേന്ദ്രന്‍ കാട്ടില്‍ കൂടി ശബരിമലയിലെത്തിയതെന്നും എസ്.കൃഷ്ണകുമാര്‍ വിമര്‍ശിച്ചു.

ശബരിമല വിഷയത്തില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനം ശരിയായിരുന്നു. ഇടതുമുന്നണി സര്‍ക്കാര്‍ ശബരിമല വിഷയത്തില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ തെറ്റില്ല. യു.ഡി.എഫും ബി.ജെ.പിയും ശബരിമലയെ രാഷ്ട്രീയ വിഷയമാക്കാതിരുന്നാല്‍ ഇവിടെ ഒരു പ്രശ്‌നവുമുണ്ടാകില്ല. ഇടതുമുന്നണി സര്‍ക്കാര്‍ ശബരിമലയ്ക്ക് എതിരാണെന്ന് പറഞ്ഞാല്‍ താന്‍ സമ്മതിക്കില്ലെന്നും അത് ശരിയല്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

ബി.ജെ.പിയുടെ വലിയ പ്രശ്‌നം, ഞാനും വിളക്കും എന്ന മനോഭാവമാണ്. ബാക്കിയുള്ളവര്‍ വിറകുവെട്ടുകാരും വെള്ളംകോരികളുമാണെന്നാണ് അവരുടെ തോന്നല്‍. അവരങ്ങനെ മാറിയിരിക്കുന്നു. ഇതാണ് കേരളത്തിലെ ബി.ജെ.പി ഇപ്പോഴനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നമെന്നും കൃഷ്ണകുമാര്‍ കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: BJP leader S Krishnakumar says RSS has positive to women entry in Sabarimala

We use cookies to give you the best possible experience. Learn more