| Wednesday, 9th February 2022, 7:47 pm

തമിഴ് പുലികളെ അനുകൂലിച്ചെന്നതിന്റെ പേരില്‍ ബി.ജെ.പി നേതാവിന്റെ ഫേസ്ബുക്ക് അക്കൗണ്ടിന് വിലക്ക്; ഫേസ്ബുക്കിന്റെ മറുപടി തേടി ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തന്റെ അക്കൗണ്ട് നിയന്ത്രിക്കാനും അസാധുവാക്കാനുമുള്ള ഫേസ്ബുക്കിന്റെ തീരുമാനത്തിനെതിരെ ബി.ജെ.പി തമിഴ്നാട് വക്താവ് എസ്.ജി. സൂര്യ നല്‍കിയ ഹരജിയില്‍ ദല്‍ഹി ഹൈക്കോടതി ഫേസ്ബുക്കിന്റെ നിലപാട് ആരാഞ്ഞു.

ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റക്കും കേന്ദ്ര സര്‍ക്കാറിനും എസ്.ജി സൂര്യയുടെ ഹരജിയില്‍ ജസ്റ്റിസ് വി. കാമേശ്വര റാവു നോട്ടീസ് അയച്ചിട്ടുണ്ട്.

യൂട്യൂബില്‍ നിന്ന് കമ്മ്യൂണിറ്റി വയലേഷന്റെ പേരില്‍ വിലക്കേര്‍പ്പെടുത്തിയിരുന്ന രണ്ട് വീഡിയോകളെ കുറിച്ച് പോസ്റ്റ് ഷെയര്‍ ചെയ്തതിന്റെ പേരില്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഒരുമാസത്തേക്ക് വിലക്കിയിരുന്നതായി സൂര്യ പറഞ്ഞു.

താന്‍ പോസ്റ്റുകളിലൂടെ പറയാന്‍ ശ്രമിച്ചതിനെ ഫേസബുക്ക് തെറ്റായി വ്യാഖ്യാനിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹരജിക്കാരനോട് ഒരു കാര്യവും തിരക്കാതെയുള്ള ഫേസ്ബുക്കിന്റെ പ്രവര്‍ത്തനം അഭിപ്രായ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്ന് ഹരജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

ബി.ജെ.പിയുടെ തമിഴ്നാട് വക്താവ് എന്നതിലുപരി തമിഴ്നാട് ഭാരതീയ ജനതാ യുവമോര്‍ച്ചയുടെ വൈസ് പ്രസിഡന്റ് കൂടിയാണ് താനെന്ന് ഹരജിക്കാരന്‍ കോടതിയെ അറിയിച്ചു.

എസ്.ജി. സൂര്യയുടെ രണ്ട് പോസ്റ്റുകളും തമിഴ് പുലികളെ അനുകൂലിച്ചുള്ളതാണെന്നും ഫേസ്ബുക്കിന്റെ കമ്മ്യൂണിറ്റി മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നുമാണ് ഫേസ്ബുക്ക് പറയുന്നത്.

തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വിലക്കേര്‍പ്പെടുത്തുന്നതിന് മുമ്പ് എപ്രകാരമായിരുന്നൊ ഉണ്ടായിരുന്നത് അതുപോലെ തന്നെ തിരിച്ച് നല്‍കണമെന്നും എസ്.ജി. സൂര്യ കോടതിയില്‍ പറഞ്ഞു.

2000ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി റൂള്‍സ്, 2021ലെ എഡിറ്റ് ചെയ്യാനോ പരിഷ്‌ക്കരിക്കാനോ ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിനെ പ്രാപ്തമാക്കുന്ന ഒരു വ്യവസ്ഥയും
ഈ കേസില്‍ പാലിച്ചിട്ടില്ലെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.


Content Highlights: BJP leader’s Facebook account banned for supporting pro – LTTE

We use cookies to give you the best possible experience. Learn more