| Sunday, 5th May 2019, 7:00 pm

സംസ്ഥാനത്തെ ദേശീയപാതാ വികസനം അട്ടിമറിക്കാന്‍ പി.എസ് ശ്രീധരന്‍ പിള്ള കേന്ദ്രത്തിനു കത്തെഴുതി; കത്തിന്റെ പകര്‍പ്പ് പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തിലെ ദേശീയപാതാ വികസനം അട്ടിമറിക്കാന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള കേന്ദ്രത്തിനു കത്തെഴുതിയെന്ന് ആരോപണം. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്തെഴുതിയെന്നാണ് ആരോപണം.

കത്തിന്റെ പകര്‍പ്പ് കൈരളി ന്യൂസാണ് പുറത്തു വിട്ടത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ ലെറ്റര്‍ പാഡിലാണ് കത്തെഴുതിയിരിക്കുന്നത്. 2018 സെപ്തംബര്‍ 14 ആണ് കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന തിയ്യതി.

ഇടപ്പള്ളി മൂത്തകുന്നം റോഡിലെ സ്ഥലം ഏറ്റെടുക്കല്‍ നിര്‍ത്തി വെക്കണമെന്നാണ് കത്തിലെ ആവശ്യം. പ്രളയം കൂടി കണക്കിലെടുത്താകണം മുമ്പോട്ടു പോകേണ്ടതെന്നും കത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

എന്‍.എച്ച് 66നു വേണ്ടി ദേശീയപാതാ അതോറിറ്റിയുടെ സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട കാര്യങ്ങളും പ്രതിഷേധങ്ങളും കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

കണ്ണൂരിലെ ദേശീയപാതാ വികസനത്തിനെതിരെ ജനകീയ പ്രക്ഷോഭമുള്ളതും കത്തില്‍ സൂചിപ്പിക്കുന്നു. ‘എന്‍.എച്ച് 17 സംയുക്ത സമിതി’ എന്ന സംഘടനയുടെ പേരും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇവര്‍ക്കെല്ലാം വേണ്ടിയാണ് താന്‍ കത്തെഴുതുന്നതെന്നും കത്തില്‍ പറയുന്നുണ്ട്.

അതേസമയം, കേരളത്തിലെ എന്‍.എച്ച് 66 നാലുവരിയാക്കുന്ന പദ്ധതി നിര്‍ത്തവെക്കണമെന്ന് കേന്ദ്രം പറഞ്ഞിരുന്നു. കേരളത്തെ മുന്‍ഗണനാ പട്ടികയില്‍ നിന്നും ഒഴിവാക്കുകയായിരുന്നു.

കാസര്‍ഗോഡ് ഒഴികേയുള്ള ജില്ലകളിലെ സ്ഥലമെടുപ്പ് നിര്‍ത്തിവെക്കാനാണ് ദേശീയപാതാ അതോറിറ്റിയുടെ ഉത്തരവ്. ഇതോടെ അടുത്ത രണ്ട് വര്‍ഷത്തേക്ക് തുടര്‍ നടപടികളൊന്നും ഉണ്ടാകില്ല.

എന്നാല്‍ കാലാവധി പൂര്‍ത്തിയാകുന്ന 2021നകം നാലുവരി പാതയുടെ നിര്‍മാണം പൂര്‍ത്തീകരിക്കാനായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി. ഇതിനു വേണ്ടി സ്ഥലമെടുപ്പു നടപടികള്‍ തെക്കന്‍ ജില്ലകളില്‍ 80 ശതമാനവും വടക്കന്‍ ജില്ലകളില്‍ 60 ശതമാനവും പൂര്‍ത്തിയായിരിക്കുകയാണ്. 1111 ഹെക്ടര്‍ ഭൂമിയാണ് ദേശീയപതാ വികസനത്തിനു വേണ്ടി ഏറ്റെടുക്കേണ്ടത്.

Latest Stories

We use cookies to give you the best possible experience. Learn more