ഭോപ്പാല്‍: മധ്യപ്രദേശിലെ സിദ്ധിയില്‍ ബി.ജെ.പി നേതാവ് ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രം ഒഴിച്ചു. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സിദ്ധി ബി.ജെ.പി എം.എല്‍എ കേദാര്‍ നാഥിന്റെ അടുത്ത അനുയായിയായ പര്‍വേശ് ശുക്ലയാണ് വീഡിയോയിലെ ബി.ജെ.പി നേതാവെന്ന് ഫ്രീ പ്രസ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിരവധിപ്പേരാണ് ഇതിനോടകം വീഡിയോയ്ക്ക് നേരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
‘മധ്യപ്രദേശിലെ ബി.ജെ.പി എം.എല്‍.എ കേദാര്‍ ശുക്ലയുടെ എം.എല്‍.എ പ്രതിനിധി പ്രവേശ് ശുക്ലയുടേതാണ് ഈ മനുഷ്യരഹിതമായ വീഡിയോ. ഈ വീഡിയോ കണ്ട് കഴിഞ്ഞപ്പോള്‍ തോന്നിയ ദേഷ്യം എത്രമാത്രമാണെന്ന് പറഞ്ഞറിയിക്കാന്‍ സാധിക്കില്ല.
മുഖ്യമന്ത്രിക്ക് അല്‍പമെങ്കിലും നാണവും മനുഷ്യത്വവും ബാക്കിയുണ്ടെങ്കില്‍ പാവങ്ങള്‍ക്ക് മേല്‍ ഉപയോഗിക്കുന്ന ബുള്‍ഡോസര്‍ ഈ ബി.ജെ.പിക്കാരനെതിരെയും ഉപയോഗിക്കണം,’ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ശ്രീനിവാസ് ബി.വി പറഞ്ഞു.
കോണ്‍ഗ്രസ് വക്താവ് അബ്ബാസ് ഹഫീസും വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.
‘ആദിവാസികളോട് താത്പര്യമുണ്ടെന്ന് പറയുന്ന ബി.ജെ.പി നേതാവാണ് ഇത്തരത്തില്‍ പാവപ്പെട്ട ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രം ഒഴിക്കുന്നത്. അപലപനീയമായ പ്രവര്‍ത്തിയാണിത്.
പൃഥ്വിരാജ് ചൗഹാന്‍, ഇതാണോ നിങ്ങളുടെ ആദിവാസികളോടുള്ള സ്‌നേഹം? ഇതിനെ ജംഗിള്‍ രാജ് എന്നാണോ വിളിക്കേണ്ടത്? എന്തുകൊണ്ടാണ് ബി.ജെ.പി നേതാവിനെ അറസ്റ്റ് ചെയ്യാത്തത്?, ‘ അദ്ദേഹം പറഞ്ഞു.
ദല്‍ഹിയിലെ ആം ആദ്മി എം.എല്‍.എ നരേഷ് ബല്‍യാനും വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
‘ഈ വീഡിയോ മധ്യപ്രദേശിലാണെന്നാണ് പറയപ്പെടുന്നത്. ഈ വ്യക്തി ബി.ജെ.പി എം.എല്‍.എയുമായി നല്ല ബന്ധമുള്ളയാളാണെന്നാണ് ലഭിക്കുന്ന വിവരം. ബഹുമാനപ്പെട്ട പൃഥ്വിരാജ് ചൗഹാന്‍ ഈ രാക്ഷസന്‍ ഇത് ചെയ്യുന്നത് ആ പാവത്തിന്റെ മുഖത്തല്ല, മറിച്ച് നിങ്ങളുടെ വ്യവസ്ഥയ്ക്ക് നേരെയാണ്. ആ പാവം വ്യക്തിയെ ആരും ബുദ്ധിമുട്ടിക്കാതെ നോക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്,’ അദ്ദേഹം പറഞ്ഞു.
എഴുത്തുകാരനും അധ്യാപകനുമായ അശോക്‌സ്‌വെയിനും സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ചു.
‘ഇന്ത്യയിലെ മധ്യപ്രദേശില്‍ ഒരു ബ്രാഹ്‌മണ യുവാവ് ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രം ഒഴിക്കുന്നു. രാജ്യത്ത് എന്താണ് സംഭവിക്കുന്നത്,’ എന്ന ക്യാപ്ഷനോട് കൂടിയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്.
content highlights: BJP leader pours urine on tribal youth’s face in Madhya Pradesh; Video