തിരുവനന്തപുരം: സംസ്ഥാന ബി.ജെ.പിയില്‍ ഭിന്നത രൂക്ഷമാകുന്നു. ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന് പിന്നാലെ ബി.ജെ.പി മുന്‍ ഉപാധ്യക്ഷനും ദേശീയ നിര്‍വാഹക സമിതി അംഗവുമായ മുതിര്‍ന്ന നേതാവ് പി.കെ വേലായുധനും സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. തനിക്ക് പാര്‍ട്ടി പദവി വാഗ്ദാനം ചെയ്ത് സുരേന്ദ്രന്‍ പറ്റിച്ചുവെന്ന് വേലായുധന്‍ പറഞ്ഞു.
‘ മക്കള്‍ വളര്‍ന്ന് അവര്‍ ശേഷിയിലേക്ക് വരുമ്പോള്‍ അച്ഛനേയും അമ്മയേയും വൃദ്ധസദനത്തിലേക്ക് കൊണ്ടിട്ട പോലയാണ് ഇത്. എന്നെപ്പോലെ ഒട്ടേറെ പേര്‍ ഇതുപോലെ വീടുകളില്‍ ഇരിക്കുകയാണ്. ഈ വിഷമം പറയാനാണ് സംസ്ഥാന അധ്യക്ഷനെ വിളിച്ചത്. ഈ നിമിഷം വരെ അദ്ദേഹം എന്നെ വിളിച്ചിട്ടില്ല. എന്റെ മണ്ഡലമായ പെരുമ്പാവൂരില്‍ ഒന്നോ രണ്ടോ തവണ അദ്ദേഹം വന്നുപോയിട്ടും എന്നെ കണ്ടിട്ടില്ല. ഞങ്ങള്‍ക്ക് പരാതി പറയാനുള്ള ഏക സ്ഥാനം സുരേന്ദ്രനാണ്. അത് കേള്‍ക്കാനുള്ള ബാധ്യത സുരേന്ദ്രനുണ്ട്. അടിയന്തരാവസ്ഥയുടെ സമയത്ത് സമരം ചെയ്ത് തല്ലുകൊണ്ട് ജയിലില്‍ കിടന്നു. രണ്ട് ജയിലിലാണ് കിടന്നത്. ഒരു ആശയത്തില്‍ ഉറച്ചുനിന്നതാണ്. പക്ഷേ ഇന്ന് വളരെ വേദനയുണ്ട്’ , കരഞ്ഞുകൊണ്ടായിരുന്നു വേലായുധന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പിനായി നടന്ന വോട്ടിങ്ങില്‍ സുരേന്ദന് വേണ്ടി വോട്ട് ചെയ്ത ആളാണ് താനെന്നും എന്നാല്‍ നിരവധി തവണ സുരേന്ദ്രനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും തങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ സുരേന്ദ്രന്‍ തയ്യാറായില്ലെന്നും പി.കെ വേലായുധന്‍ പറഞ്ഞു.
ശോഭാ സുരേന്ദ്രന്റെ പരസ്യമായ വിമര്‍ശനത്തിന് പിന്നാലെയാണ് മുന്‍ ഉപാധ്യക്ഷനും ദേശീയ നിര്‍വാഹക സമിതി അംഗവുമായ ഒരു മുതിര്‍ന്ന നേതാവ് കൂടി സംസ്ഥാന അധ്യക്ഷനെതിരെ പരസ്യവിമര്‍ശനവുമായി രംഗത്തെത്തുന്നത്.
പാര്‍ട്ടിയില്‍ നിന്ന് തന്നെ തഴയുന്നെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ തന്നെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുകയാണെന്നും ചൂണ്ടിക്കാട്ടി ബി.ജെ.പി ദേശീയ നേതൃത്വത്തിന് ശോഭാ സുരേന്ദ്രന്‍ കത്തയച്ചിരുന്നു.
ഇതിനിടെ ബി.ജെ.പിയുമായി ഇടഞ്ഞ സഖ്യകക്ഷിയായ ബി.ഡി.ജെ.എസുമായി ശോഭാ സുരേന്ദ്രന്‍ ധാരണ ഉണ്ടാക്കാന്‍ ശ്രമിക്കുന്നെന്ന വാര്‍ത്തയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
ബി.ജെ.പി അണികളില്‍ നിര്‍ണായക സ്വാധീനം ഉള്ള നേതാക്കളില്‍ ഒരാളാണ് ശോഭാ സുരേന്ദ്രന്‍. തെരഞ്ഞെടുപ്പിനിടെ ശോഭാ പാര്‍ട്ടി വിട്ടാലും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുമായി സഹകരിക്കാതിരുന്നാലും അത് ബി.ജെ.പിക്കും ആര്‍.എസ്.എസിനും വലിയ ക്ഷീണം ഉണ്ടാക്കും.
എന്നാല്‍ തന്റെ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് ശോഭാ സുരേന്ദ്രന്‍. ഞായറാഴ്ച നടന്ന പാര്‍ട്ടിയുടെ സമരശൃംഖലയില്‍ നിന്നും ശോഭാ സുരേന്ദ്രന്‍ വിട്ടുനിന്നിരുന്നു.
കെ. സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കി തെരഞ്ഞെടുത്തതിന് പിന്നാലെ ബി.ജെ.പിയില്‍ ഭിന്നത രൂക്ഷമായിരുന്നു. പാര്‍ട്ടി പുനസംഘടന സംബന്ധിച്ചും ആരോപണങ്ങളുയര്‍ന്നിരുന്നു.
സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കിയതിന് ശേഷം പാര്‍ട്ടിയില്‍ അവഗണന നേരിടുന്നവരെ ചേര്‍ത്ത് ശോഭ പാര്‍ട്ടിക്കുള്ളില്‍ തന്നെ ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു. അവരുടെ കൂടി അഭിപ്രായങ്ങള്‍ പരിഗണിച്ചാണ് കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയത്.
സുരേന്ദ്രന്റെ രാഷ്ട്രീയ ഭാവിക്ക് തടസ്സമാകും എന്ന് മനസിലാക്കി അദ്ദേഹം തന്നെ തഴയുകയായിരുന്നെന്നും ശോഭ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ശോഭ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും കോര്‍ കമ്മിറ്റിയിലെ ഏക വനിതാ അംഗവുമായി തുടരുമ്പോഴാണ് സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായി ചുമതലയേല്‍ക്കുന്നത്.
പാര്‍ട്ടിയുടെ അംഗത്വ വിതരണവുമായി ബന്ധപ്പെട്ട അഞ്ചംഗ ദേശീയ സമിതിയില്‍ വരെ ഉണ്ടായിരുന്ന തന്നെ കോര്‍കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി 2004ല്‍ വഹിച്ചിരുന്ന പദവികളിലേക്ക് തരം താഴ്ത്തിയെന്നും പരാതിയില്‍ അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.ശോഭയുടെ പരാതിക്കുപിന്നാലെ സംസ്ഥാന ബി.ജെ.പിയില്‍ അസംതൃപ്തരായവരുടെ കൂട്ടായ്മയും പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: BJP Leader PM Velayudhan Against K Surendran