കേന്ദ്ര സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതോടെ സി.പി.ഐ.എം-കോണ്‍ഗ്രസ് നേതാക്കള്‍ അവരുടെ വക്താക്കളായി മാറിയിരിക്കുകയാണെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്.
സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത് നിരോധനംകൊണ്ട് കാര്യമില്ലെന്നാണ്, സമാനമായിരുന്നു സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ അഭിപ്രായവും. ഇവര്‍ സ്വീകരിച്ച നിലപാട് തന്നെയാണോ സര്‍ക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു.
നേരത്തെ കേരളത്തില്‍ വി.എസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട് മതഭീകരവാദ സംഘടനയാണെന്ന് പരസ്യമായി പറഞ്ഞിരുന്നു. ഇപ്പോഴുള്ള പിണറായി സര്‍ക്കാരിനും ഇതേ നിലപാടാണോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു.
‘സിറിയയില്‍ ഐ.എസ് രൂപംകൊണ്ടത് ആര്‍.എസ്.എസ് ഉള്ളതുകൊണ്ടാണോ? അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ രൂപംകൊണ്ടത് അവിടെ ആര്‍.എസ്.എസ് ഉള്ളതുകൊണ്ടാണോ? ഫലസ്തീനില്‍ ഹമാസ് രൂപംകൊണ്ടത് ആര്‍.എസ്.എസ് ഉള്ളതുകൊണ്ടാണോ?
ഈജിപ്തില്‍ ഹില്ബുല്ല എന്ന ഭീകരപ്രസ്ഥാനം രൂപംകൊണ്ടത് അവിടെ ആര്‍.എസ്.എസ് ഉള്ളതുകൊണ്ടാണോ? അമേരിക്കയില്‍ വേള്‍ഡ് ട്രേഡ് സെന്ററിന് നേരെ ആക്രമണം നടന്നത് അവിടെ ആര്‍.എസ്.എസ് ഉള്ളതുകൊണ്ടാണോ?
1925ലാണ് ആര്‍.എസ്.എസ് രൂപംകൊണ്ടത്, എന്നാല്‍ കേരളത്തില്‍ മലപ്പുറം ജില്ലയില്‍ ഹിന്ദു വംശഹത്യ മതഭീകരന്മാര്‍ നടത്തിയത് 1921ലാണ്. അന്ന് ആര്‍.എസ്.എസ് ഉണ്ടായിരുന്നോ കേരളത്തില്‍? എന്ത് അടിസ്ഥാനത്തിലാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാഷും, കോണ്‍ഗ്രസ് നേതാക്കളായ വി.ഡി. സതീശനും രമേശ് ചെന്നിത്തലയും ആര്‍.എസ്.എസിനെതിരെ ഈ പ്രസ്താവന ഇറക്കിയത്.
നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ടിനെ മാന്യവല്‍ക്കരിക്കാനാണ് കേരളത്തിലെ ഭരണകക്ഷിയും പ്രതിപക്ഷവും ശ്രമിക്കുന്നത്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും, കോണ്‍ഗ്രസും വെള്ളവും വളവും ഉപയോഗിച്ചാണ് പോപ്പുലര്‍ ഫ്രണ്ട് ആഗോള ഭീകരസംഘടനയായത്,’ പി.കെ. കൃഷ്ണദാസ് പറഞ്ഞു.
അതേസമയം, കഴിഞ്ഞ ദിവസം പോപ്പുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളുടെയും നിരോധനത്തിന് പിന്നാലെ നിരോധിക്കുകയാണെങ്കില്‍ ആദ്യം നിരോധിക്കേണ്ടത് ആര്‍.എസ്.എസിനെയാണ് എന്നായിരുന്നു എം.വി. ഗോവിന്ദന്‍ പറഞ്ഞത്. ആര്‍.എസ്.എസിനെ കൂടെ നിരോധിക്കണം എന്നാണ് കോണ്‍ഗ്രസ് നേതാക്കളായ വി.ഡി. സതീശനും, രമേശ് ചെന്നിത്തലയും വിഷയത്തില്‍ പ്രതികരിച്ചത്.