അംബേദ്കര്‍ ജയന്തി ദിനത്തില്‍ വിവേകാനന്ദ പ്രതിമക്ക് മുന്നില്‍ ആദരവുമായി ബി.ജെ.പി നേതാവ്: വിമര്‍ശനത്തിന് പിന്നാലെ ട്വീറ്റ് പിന്‍വലിച്ചു
national news
അംബേദ്കര്‍ ജയന്തി ദിനത്തില്‍ വിവേകാനന്ദ പ്രതിമക്ക് മുന്നില്‍ ആദരവുമായി ബി.ജെ.പി നേതാവ്: വിമര്‍ശനത്തിന് പിന്നാലെ ട്വീറ്റ് പിന്‍വലിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 14th April 2023, 4:12 pm

ഹൈദരാബാദ്: അംബേദ്കര്‍ ജയന്തി ദിനത്തില്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയുമായി ബന്ധപ്പെട്ട് വിമര്‍ശനങ്ങള്‍ നേരിട്ട് കൊണ്ടിരിക്കുകയാണ് തെലങ്കാനയിലെ ബി.ജെ.പി നേതാവും യുവമോര്‍ച്ച കോ-കണ്‍വീനറുമായ കാസിറെഡ്ഡി സിന്ധു റെഡ്ഡി.

അംബേദ്കറുടെ 132ാം ജന്മവാര്‍ഷിക ദിനമായ ഏപ്രില്‍ 14ന് വിവേകാനന്ദന്റെ പ്രതിമക്ക് മുന്നില്‍ ആദരവര്‍പ്പിക്കുന്ന ചിത്രമാണ് കാസിറെഡ്ഡി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. പോസ്റ്റ് പിന്നീട് ഡിലീറ്റ് ചെയ്തു.

‘ഇന്ത്യന്‍ സമൂഹത്തിന്റെ പുരോഗതിക്ക് വലിയ സംഭാവനകള്‍ നല്‍കിയ, സാമൂഹ്യനീതി, സമത്വം എന്നീ സങ്കല്‍പങ്ങളോട് പ്രതിബദ്ധത പുലര്‍ത്തിയ ഡോ. ബി.ആര്‍ അംബേദ്കറിന്റെ ഓര്‍മകള്‍ക്ക് മുന്നില്‍, അദ്ദേഹത്തിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ ആദരവ് നേരുന്നു,’ എന്നാണ് വിവേകാനന്ദന്റെ പ്രതിമക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് കാസിറെഡ്ഡി ട്വിറ്ററില്‍ കുറിച്ചത്.

അംബേദ്കറിനെയും വിവേകാനന്ദനെയും തിരിച്ചറിയാന്‍ കഴിയാത്ത വാട്ട്‌സ് ആപ്പ് വിദ്യാര്‍ത്ഥികളാണ് ബി.ജെ.പി നേതാക്കളെന്നും ബി.ജെ.പിയില്‍ തുടര്‍ന്നു പോകണമെങ്കില്‍ ഇത്തരം അറിവുകളാണ് ആവശ്യമെന്നുമൊക്കെയുള്ള കമന്റുകള്‍ പോസ്റ്റിനു താഴെ വന്നിരുന്നു.


വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ അംബേദ്കര്‍ പ്രതിമയില്‍ മാല ചാര്‍ത്തുന്ന മറ്റൊരു ചിത്രം കാസി റെഡ്ഡി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.

‘ബാബാസാഹിബ് അംബേദ്കറും സ്വാമി വിവേകാനന്ദനും തമ്മിലുള്ള വ്യത്യാസം ബി.ജെ.പി നേതാക്കള്‍ അറിയണം, വാട്ട്‌സ് ആപ്പ് യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ്‌’ തെലങ്കാനയിലെ ഭാരത് രാഷ്ട്ര സമിതി നേതാവ് കൃഷാങ്ക് ട്വിറ്ററില്‍ കുറിച്ചു.

ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ ഉള്‍പ്പെടെയുള്ളവര്‍ കാസി റെഡ്ഡിയുടെ പോസ്റ്റിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

Content Highlights: BJP leader pays respects in front of Vivekananda statue on Ambedkar Jayanti