| Thursday, 23rd April 2020, 11:13 pm

ബി.ജെ.പി നേതാവ് പ്രതിയായ പാനൂര്‍ പീഡന കേസ് ക്രൈംബ്രാഞ്ചിന്; നടപടി പൊലീസിന്റെ വീഴ്ചയെത്തുടര്‍ന്ന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: ബി.ജെ.പി നേതാവും അധ്യാപകനുമായ കുനിയില്‍ പദ്മരാജന്‍ പ്രതിയായ പാനൂര്‍ പീഡനക്കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന്. കേസന്വേഷണത്തില്‍ പൊലീന് വീഴ്ചയുണ്ടായെന്ന ആരോപണത്തിന് പിന്നാലെയാണ് കേസ് ക്രൈം ബ്രാഞ്ചിന് വിട്ടത്. ഐ.ജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.

പാനൂരില്‍ നാലാം ക്ലാസുകാരിയായ വിദ്യാര്‍ത്ഥിനിയെ സ്‌കൂളില്‍ വച്ച് പീഡിപ്പിച്ചെന്നാണ് കേസ്. പ്രതിക്കെതിരെ ഇരയായ പെണ്‍കുട്ടിയുടെ സഹപാഠി പൊലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ പൊലീസിന്റെ അന്വേഷണത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ശിശുക്ഷേമ സമിതി ഉയര്‍ത്തിയത്. പൊലീസിനെതിരെ പെണ്‍കുട്ടിയുടെ വീട്ടുകാരും ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

പൊലീസ് പെണ്‍കുട്ടിയെ കൊണ്ട് പലസ്ഥലങ്ങളിലും എത്താന്‍ ആവശ്യപ്പെട്ടുവെന്ന് കുടുംബം പറഞ്ഞു. ഇത് കുട്ടിയില്‍ മാനസിക സമ്മര്‍ദ്ദമുണ്ടാക്കി. കണ്ണൂരില്‍ കൗണ്‍സിലിങ്ങ് കേന്ദ്രങ്ങളുണ്ടായിട്ടും സിഡബ്യൂസിയെ (ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി – ശിശുക്ഷേമ സമിതി) അറിയിക്കാതെ നാലാംക്ലാസുകാരിയെ കോഴിക്കോടേക്ക് കൊണ്ടുപോയത് തെറ്റാണെന്ന് ശിശുക്ഷേമ സമിതി ചെയര്‍മാന്‍ ആരോപിച്ചു.

ആദ്യം ചൈല്‍ഡ് ലൈന്‍ അംഗങ്ങള്‍ വീട്ടില്‍ വന്ന് മൊഴിയെടുത്തു. പിന്നീട് പാനൂര്‍ പോലീസ് മൊഴിയെടുത്ത് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. പിറ്റേന്ന് വൈദ്യ പരിശോധന നടത്തുകയും മട്ടന്നൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുട്ടിയെ ഹാജരാക്കി മജിസ്ട്രേറ്റിനു മുന്നില്‍ മൊഴി കൊടുക്കുകയും ചെയ്തു.

എന്നാല്‍ പ്രതിയെ അറസ്റ്റു ചെയ്യാതെ കുട്ടിയെ വീണ്ടും വീണ്ടും ചോദ്യം ചെയ്യുകയാണ് പിന്നീടുണ്ടായത്. ഡി.വൈ.എസ്.പി മാധ്യമങ്ങളോട് പ്രതി കുറ്റം ചെയ്തുവെന്ന് തെളിഞ്ഞതായി പറഞ്ഞിട്ടുണ്ട്. എന്നാല്‍ പല പ്രാവശ്യം ഡി.വൈ.എസ്.പിയും സി.ഐയും നാലാം ക്ലാസുകാരിയായ കുട്ടിയെ ചോദ്യം ചെയ്യുകയുണ്ടായി.

പിന്നീട് മാര്‍ച്ച് 27 ന് കുട്ടിയുടെ മാനസിക നില പരിശോധിക്കണമെന്ന് പറഞ്ഞ് ലോക്ക് ഡൗണ്‍ കാലത്ത് തന്നെ കോഴിക്കോട് പ്രശസ്തമായ മാനസികാരോഗ്യ കേന്ദ്രത്തില്‍ കൊണ്ടുപോയി ഡോക്ടറെ കാണിച്ചത് കേസ് വഴിതിരിച്ചുവിടാനും പ്രതിയെ രക്ഷിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണെന്ന് സംശയിക്കുന്നുവെന്നും ആരോപണം ഉയര്‍ന്നിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more