19 കോടിയുടെ ജി.എസ്.ടി കുടിശ്ശിക; ബി.ജെ.പി. വിമത നേതാവിന്റെ പഞ്ചസാര ഫാക്ടറിക്ക് നോട്ടീസ്
national news
19 കോടിയുടെ ജി.എസ്.ടി കുടിശ്ശിക; ബി.ജെ.പി. വിമത നേതാവിന്റെ പഞ്ചസാര ഫാക്ടറിക്ക് നോട്ടീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th September 2023, 7:51 pm

മുംബൈ: ബി.ജെ.പി. വിമത നേതാവ് പങ്കജ മുണ്ടെയുടെ പഞ്ചസാര ഫാക്ടറിക്ക് 19 കോടി രൂപയുടെ ജി.എസ്.ടി കുടിശ്ശിക നോട്ടീസ്. മുംബൈയിലെ ബീഡ് ജില്ലയില്‍ പങ്കജയുടെ ഉടമസ്ഥതയിലുള്ള വൈദ്യനാഥ് ഷുഗര്‍ ഫാക്ടറിക്കാണ് ജി.എസ്.ടി വകുപ്പ് നോട്ടീസ് അയച്ചത്. ഫാക്ടറി സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെങ്കിലും തന്റെ ഭാഗത്ത് നിന്ന് വീഴ്ചകളൊന്നും ഉണ്ടായിട്ടില്ലെന്ന് മുണ്ടെ പ്രതികരിച്ചു.

സഹകരണ വകുപ്പില്‍ നിന്ന് സാമ്പത്തിക സഹായത്തിനായി അപേക്ഷിച്ച മറ്റ് ഫാക്ടറികള്‍ക്ക് ആനുകൂല്യം ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ തന്റെ ഫാക്ടറിയെ തഴഞ്ഞുവെന്നും അവര്‍ ആരോപിച്ചു. നോട്ടീസില്‍ പറഞ്ഞിരിക്കുന്ന കണക്കുകള്‍ പലിശയുമായി ബന്ധപ്പെട്ടതാണെന്നും കുറച്ച് മാസങ്ങള്‍ക്ക് ആരംഭിച്ച നടപടി ക്രമങ്ങളില്‍ തങ്ങള്‍ അധികാരികളുമായി സഹകരിക്കുന്നുണ്ടെന്നും പങ്കജ പറഞ്ഞു. തുടര്‍ച്ചയായ വരള്‍ച്ച കാരണം ഫാക്ടറി സാമ്പത്തിക പ്രതിസന്ധിയിലാണെന്നും പ്രശ്‌ന പരിഹാരത്തിനായി ബാങ്കില്‍ പണയപ്പെടുത്തിയിരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘ഏതാണ്ട് എട്ട്, ഒമ്പത് ഫാക്ടറികള്‍ സാമ്പത്തിക സഹായത്തിനായി കേന്ദ്രത്തിന് അപേക്ഷ നല്‍കിയിരുന്നു. എന്റെ ഫാക്ടറിക്ക് മാത്രമാണ് സഹായം ലഭിക്കാതിരുന്നത്. സഹായം ലഭിച്ചിരുന്നെങ്കില്‍ ഇന്ന് ഞങ്ങള്‍ക്ക് ഈ പ്രതിസന്ധി നേരിടേണ്ടി വരില്ലായിരുന്നു,’ പങ്കജ പറഞ്ഞു.

അന്തരിച്ച ബി.ജെ.പി നേതാവ് ഗോപിനാഥ് മുണ്ടെയുടെ മകളാണ് പങ്കജ മുണ്ടെ. 2019ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പങ്കജ പരാജയപ്പെടുകയായിരുന്നു. പങ്കജയെ പിന്തുണച്ച് എന്‍.സി.പി നേതാവ് സുപ്രിയ സുലെ രംഗത്തെത്തി. ബി.ജെ.പി. പഴയ വിശ്വസ്തരോട് എങ്ങനെയാണ് അനീതി കാണിക്കുന്നു എന്നതിന്റെ തെളിവാണ് പങ്കജക്കെതിരെയുള്ള നടപടിയെന്ന് സുപ്രിയ ആരോപിച്ചു.

മറ്റ് ബി.ജെ.പി. ഫാക്ടറികള്‍ക്ക് കേന്ദ്രത്തിന്റെ സഹായം ലഭിച്ചപ്പോള്‍ പങ്കജയുടെ ഫാക്ടറി ഒഴിവാക്കപ്പെട്ടു. ഫാക്ടറിക്ക് പുതിയ വായ്പകള്‍ക്കുള്ള സര്‍ക്കാര്‍ ഗ്യാരണ്ടി ലഭിച്ചില്ലെന്നും സുപ്രിയ പറഞ്ഞു. മഹാവികാസ് അഘാടി സര്‍ക്കാര്‍ പങ്കജയുടെ ഫാക്ടറിയെ സഹായിച്ചിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.

Content Highlights: BJP leader Pankaja Munde’s factory gets Rs 19 crore GST notice