പങ്കജ് മുണ്ടേ ബി.ജെ.പി വിട്ടേക്കുമെന്ന് സൂചന; 12 പാര്‍ട്ടി എം.എല്‍.എമാര്‍ക്കൊപ്പം ശിവസേനയില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്; ട്വിറ്റര്‍ ബയോ മാറ്റി
India
പങ്കജ് മുണ്ടേ ബി.ജെ.പി വിട്ടേക്കുമെന്ന് സൂചന; 12 പാര്‍ട്ടി എം.എല്‍.എമാര്‍ക്കൊപ്പം ശിവസേനയില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്; ട്വിറ്റര്‍ ബയോ മാറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd December 2019, 11:49 am

മുംബൈ: മഹാരാഷ്ട്രയില്‍ മാറിമറഞ്ഞ രാഷ്ട്രീയസമവാക്യത്തില്‍ ഉലഞ്ഞ് ബി.ജെ.പി നേതൃത്വം. ബി.ജെ.പി നേതാവും ഫഡ്‌നാവിസ് മന്ത്രിസഭയിലെ മന്ത്രിയുമായ പങ്കജ് മുണ്ടേ പാര്‍ട്ടി വിടുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഒടുവില്‍ പുറത്തുവരുന്നത്.

പിതാവും അന്തരിച്ച മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ഗോപിനാഥ് മുണ്ടെയുടെ ഓര്‍മ്മദിനമായ ഡിസംബര്‍ 12 ന് മുന്‍പ് താന്‍ നിര്‍ണായക തീരുമാനമെടുക്കുമെന്ന് പങ്കജ് മുണ്ടെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം പങ്കജ് മുണ്ടെ ശിവസേനയ്‌ക്കൊപ്പം ചേര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇവര്‍ക്കൊപ്പം 12 എം.എല്‍.എമാര്‍ കൂടി ബി.ജെ.പി വിട്ട് ശിവസേന പാളയത്തിലെത്തുമെന്ന് മഹാരാഷ്ട്രാ രാഷ്ട്രീയത്തിലെ ഗതിമാറ്റങ്ങള്‍ കൃത്യമായി പ്രവചിച്ചുകൊണ്ട് ശ്രദ്ധാകേന്ദ്രമായിക്കൊണ്ടിരിക്കുന്ന കട്ടാന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

നവംബര്‍ 18 നാണ് കട്ടാന്യൂസ് എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ തുടങ്ങിയത്. രണ്ട് ദിവസത്തിന് ശേഷം, അജിത് പവാര്‍ എന്‍.സി.പി യെ പിളര്‍ത്തി ബി.ജെ.പി.യുമായി കൈകോര്‍ത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധ്യതയുണ്ടെന്ന് ഇവര്‍ വാര്‍ത്ത നല്‍കിയിരുന്നു. വാര്‍ത്ത നല്‍കി മൂന്നാംനാള്‍ ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.

‘70,000 കോടി രൂപയുടെ ജലസേചന കുംഭകോണക്കേസില്‍ ഉള്‍പ്പെട്ട അജിത് പവാറിന് അഴിമതി വിരുദ്ധ ബ്യൂറോ ക്ലീന്‍ ചിറ്റ് നല്‍കുന്നു.” എന്ന വാര്‍ത്ത നവംബര്‍ 24 ന് കട്ട ന്യൂസ് നല്‍കി. ഇതും തൊട്ടടുത്ത ദിവസം സംഭവിച്ചു. ഏറ്റവും ഒടുവിലായാണ് പങ്കജ് മുണ്ടേയുടെ ശിവസേന പ്രവേശനം കട്ടാ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അതിനിടെ ട്വിറ്റര്‍ ബയോയിലും പങ്കജ് മുണ്ടെ മാറ്റം വരുത്തിയിട്ടുണ്ട്. ബി.ജെ.പി നേതാവ്, മുന്‍ മന്ത്രി എന്നെഴുതിയ ബയോ മാറ്റി RT’s r not endorsements (എന്റെ റീട്വീറ്റുകള്‍ എന്റെ അഭിപ്രായമാകണമെന്നില്ല ) എന്നാണ് ബയോയുടെ സ്ഥാനത്ത് രേഖപ്പെടുത്തിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മഹാരാഷ്ട്രയിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചും ഭാവി നടപടികളെക്കുറിച്ചും ആത്മപരിശോധന നടത്തേണ്ടതുണ്ട് എന്ന് പങ്കജ മുണ്ടെ ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. സ്വയം ഒരു തീരുമാനത്തിലെത്താന്‍ തനിക്ക് 8-10 ദിവസങ്ങള്‍ കൂടി വേണമെന്നും മുണ്ടെ പറഞ്ഞു.

പിതാവിന്റെ അറുപതാം ജന്മദിനമായ ഡിസംബര്‍ 12 ന് മുന്‍പ് ഒരു തീരുമാനം പറയുമെന്നും ഡിസംബര്‍ 12 ന് ബീഡ് ജില്ലയിലുള്ള പിതാവിന്റെ സ്മൃതി മണ്ഡലത്തിലേക്ക് അനുനായികള്‍ എത്തിച്ചേരണമെന്നും മുണ്ടെ ആവശ്യപ്പെട്ടിട്ടുണ്ട്.

‘സംസ്ഥാനത്തെ മാറിയ രാഷ്ട്രീയ സാഹചര്യം പരിശോധിക്കുമ്പോള്‍ മുന്നോട്ടുള്ള വഴി ചിന്തിക്കുകയും തീരുമാനിക്കുകയും ചെയ്യേണ്ടതുണ്ട്.
എനിക്ക് എന്നോട് തന്നെ ആശയവിനിമയം നടത്താന്‍ കുറച്ച് സമയം ആവശ്യമാണ്,

‘നിലവിലെ രാഷ്ട്രീയ മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ നമ്മുടെ ഭാവി തീരുമാനിക്കേണ്ടതുണ്ട്. അടുത്തതായി എന്തുചെയ്യണം? ഏത് പാതയാണ് സ്വീകരിക്കേണ്ടത്? നമുക്ക് ആളുകള്‍ക്ക് എന്ത് നല്‍കാനാകും? നമ്മുടെ ശക്തി എന്താണ്? ജനങ്ങളുടെ പ്രതീക്ഷകള്‍ എന്താണ്?- എല്ലാം പരിശോധിക്കേണ്ടതുണ്ട്. ഈ എല്ലാ കാര്യങ്ങളെക്കുറിച്ചും ഞാന്‍ ചിന്തിക്കുകയും ഡിസംബര്‍ 12 ന് മുന്‍പായി നിങ്ങളുടെ മുന്‍പില്‍ വരികയും ചെയ്യും,” എനിക്ക് ധാരാളം കാര്യങ്ങള്‍ സംസാരിക്കാനുണ്ട്”- പങ്കജ് മുണ്ടെ പറഞ്ഞു.

കഴിഞ്ഞ മഹാരാഷ്ട്ര സര്‍ക്കാരില്‍ ഗ്രാമവികസന, ശിശു വികസന മന്ത്രിയായിരുന്നു മുണ്ടെ. ഒക്ടോബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബന്ധു കൂടിയായി എന്‍.സി.പി നേതാവ് ധനഞ്ജയ് മുണ്ടെയോട് 30,000 ത്തിലധികം വോട്ടുകള്‍ക്കാണ് പങ്കജ് മുണ്ടെ പരാജയപ്പെട്ടത്.

അതേസമയം ബി.ജെ.പിയില്‍ നിന്നും മുണ്ടെ അകലുകയാണെന്ന വാര്‍ത്ത മഹാരാഷ്ട്ര ബി.ജെ.പി വക്താവ് ഷിരീഷ് ബോറാല്‍ക്കര്‍ നിഷേധിച്ചു.

സംസ്ഥാനത്ത് ബി.ജെ.പിക്ക് വേണ്ടി മുണ്ടെ പ്രവര്‍ത്തിക്കുമെന്നും ബി.ജെ.പിയുമായി അഭിപ്രായവ്യത്യാസമുണ്ടെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ അവര്‍ പറഞ്ഞിട്ടില്ലെന്നുമായിരുന്നു ഷീരീഷ് ബോറാല്‍ക്കറിന്റെ വിശദീകരണം.

ബി.ജെ.പിയെ കെട്ടിപ്പടുക്കുന്നതില്‍ വളരെയധികം സംഭാവന നല്‍കിയ ഗോപിനാഥ് മുണ്ടെയുടെ മകളാണ് പങ്കജ് മുണ്ടേയെന്നും അവര്‍ പാര്‍ട്ടിക്കൊപ്പം ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.