| Wednesday, 2nd June 2021, 9:16 pm

കേള്‍ക്കുന്നത് ശരിയെങ്കില്‍ അത് രാജ്യദ്രോഹം; ബി.ജെ.പിയുടെ പണമിടപാട് കേസുകളില്‍ മുതിര്‍ന്ന നേതാവ് പി. പി മുകുന്ദന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് കേള്‍ക്കുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ അത് രാജ്യദ്രോഹക്കുറ്റമാണെന്ന് ബിജെപിയുടെ മുതിര്‍ന്ന നേതാവ് പി. പി മുകുന്ദന്‍. കുഴല്‍പ്പണ കേസുകളുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ സമഗ്രമായ അന്വേഷണം വേണമെന്നും പി. പി. മുകുന്ദന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് അവറിലായിരുന്നു മുകുന്ദന്റെ പ്രതികരണം.

കൊടകര കുഴല്‍പ്പണ കേസിന് പുറമെ ജെ.ആര്‍.പി. നേതാവ് സി. കെ ജാനുവിന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ 10 ലക്ഷം രൂപ നല്‍കി എന്നതുള്‍പ്പെടയുള്ള പണമിടപാട് കേസുകളില്‍ പ്രതികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരു കേഡര്‍ പാര്‍ട്ടി എന്ന നിലയ്ക്ക് ഇത് അംഗീകരിക്കാന്‍ കഴിയുന്നതല്ല. സമഗ്രമായ അന്വേഷണം നടത്തട്ടെ. പിണറായി സര്‍ക്കാറിന്റെ പൊലീസ് ആണല്ലോ. സ്വാഗതം ചെയ്യുന്നു. കേന്ദ്ര നേതൃത്വം ആഭ്യന്തരമായി ഇക്കാര്യത്തില്‍ അന്വേഷണം നടത്തണം. ബി.ജെ.പിയിലെ നേതാക്കള്‍ക്ക് മാനസികമായി വിഷമമുണ്ടാക്കിയ സംഭവമാണിത്. ഇത് സംഭവിക്കാന്‍ പാടില്ലായിരുന്നു.

25 ലക്ഷം എന്നത് ഇപ്പോള്‍ ഒന്നര കോടിയായി. ഇനിയും ഉണ്ടെന്ന് കേള്‍ക്കുന്നു. ഒരിക്കലും ഇതിനെ ന്യായീകരിക്കുന്നില്ല. ഇത് തെറ്റാണ്. ഇതില്‍ ബിജെപിക്കാരുണ്ടെങ്കില്‍ ശരിയായ നടപടിയെടുക്കണം. ഇങ്ങനെയൊന്ന് നടന്നിട്ടുണ്ടെങ്കില്‍ ഇത് രാജ്യദ്രോഹക്കുറ്റമാണ്. കേന്ദ്രത്തിന്റെ അന്വേഷണം തുടങ്ങിയിട്ടുണ്ട്. സുരേന്ദ്രനും അന്വേഷണത്തെ എതിര്‍ത്തിട്ടില്ല. സമഗ്രമായ അന്വേഷണം വേണം.

പ്രസീതയുടേതായി പുറത്ത് വന്ന പത്ത് ലക്ഷം നല്‍കിയെന്ന വാര്‍ത്തയിലും അന്വേഷണം നടക്കട്ടെ. അതിനെ ന്യായീകരിച്ചോ എതിര്‍ത്തോ എനിക്കൊന്നും പറയാനില്ല,’ പി. പി. മുകുന്ദന്‍ പറഞ്ഞു.

സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും എന്‍.ഡി.എയുടെ ഭാഗമാവുന്നതിനുമായി 10 ലക്ഷം രൂപ സി.കെ ജാനുവിന് കെ.സുരേന്ദ്രന്‍ നല്‍കിയെന്ന് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി സംസ്ഥാന ട്രഷറര്‍ പ്രസീതയായായിരുന്നു വെളിപ്പെടുത്തിയത്.

ഇതിന് പിന്നാലെ പ്രതികരണവുമായി സി. കെ. ജാനു രംഗത്തെത്തിയിരുന്നു. അടിസ്ഥാനരഹിതമായ ആരോപണമാണിതെന്നും പാര്‍ട്ടി പിടിച്ചടക്കാനുള്ള നടപടിയാണിതെന്നുമാണ് സി. കെ. ജാനു പറഞ്ഞത്.

കൊടകര കുഴല്‍പ്പണ കേസിലും ബി.ജെ.പിക്ക് കുരുക്ക് മുറുകുകയാണ്. കൊടകര കുഴല്‍പ്പണ കവര്‍ച്ചാക്കേസിലെ പ്രതികള്‍ തൃശ്ശൂര്‍ ബി.ജെ.പി. ഓഫീസില്‍ എത്തിയെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. പ്രതികളായ ദീപക്, രഞ്ജിത്ത് എന്നിവരാണ് തൃശ്ശൂര്‍ പാര്‍ട്ടി ഓഫീസില്‍ എത്തിയത്.

ഇവരെ നേതാക്കള്‍ വിളിച്ചുവരുത്തിയതാണോയെന്ന് അന്വേഷിക്കുമെന്നും അന്വേഷണ സംഘം പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: BJP Leader P P Mukundan says hawala cases in Kerala BJP is sedition

We use cookies to give you the best possible experience. Learn more