|

ജാനുവിനെ വിളിച്ചതില്‍ സുരേന്ദ്രനു വീഴ്ച പറ്റി, രാജിക്കാര്യത്തില്‍ അദ്ദേഹം തീരുമാനമെടുക്കണം: ബി.ജെ.പി. നേതാവ് പി.പി. മുകുന്ദന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കുഴല്‍പ്പണ വിവാദങ്ങളില്‍പ്പെട്ട ബി.ജെ.പി. സംസ്ഥാന അധ്യക്ഷനെതിരെ മുതിര്‍ന്ന നേതാവ് പി.പി. മുകുന്ദന്‍. വിവാദങ്ങള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ത്തുവെന്നും രാജിക്കാര്യത്തില്‍ സുരേന്ദ്രന്‍ തന്നെ തീരുമാനമെടുക്കണമെന്നുമാണു പി.പി. മുകുന്ദന്‍ പറഞ്ഞത്. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ജാനുവിനു പണം നല്‍കാമെന്നു കെ. സുരേന്ദ്രന്‍ പറഞ്ഞതു വീഴ്ചയാണ്. രാജിക്കാര്യത്തില്‍ അധ്യക്ഷന്‍ തന്നെ തീരുമാനം എടുക്കേണ്ടതുണ്ടെന്നും മുകുന്ദന്‍ പറഞ്ഞു.

‘ഈ പണത്തിന്റെ ഉറവിടം കണ്ടുപിടിക്കണം. ബന്ധമില്ലെന്നാണു സുരേന്ദ്രന്‍ പറയുന്നത്. പാര്‍ട്ടിക്കാര്‍ ദുഃഖിതരാണ്. കഴിഞ്ഞ ദിവസം സുരേഷ് ഗോപിക്കെതിരെയും അന്വേഷണം നടക്കുന്നതായി കണ്ടു. ഇതൊക്കെ പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിക്കും. രണ്ടു സംസ്ഥാനങ്ങള്‍ ഉള്‍പ്പെട്ട കേസായതിനാല്‍ ഇ.ഡി. വരുന്നതില്‍ തെറ്റില്ല.

സുരേന്ദ്രന്റെ രാജിയുമായി ബന്ധപ്പെട്ടു പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര അന്വേഷണത്തിനു ശേഷം ദേശീയ നേതൃത്വം ആയിരിക്കും തീരുമാനമെടുക്കുക. എന്റെ അഭിപ്രായമനുസരിച്ചു രാജിക്കാര്യം സുരേന്ദ്രനാണു തീരുമാനിക്കേണ്ടത്. രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ചതു പരീക്ഷണമായിരുന്നു. അതില്‍ എന്റെ അഭിപ്രായം ഞാന്‍ നേരത്തെ പറഞ്ഞതാണ്. രണ്ടിടത്തും തോറ്റു,’ പി.പി. മുകുന്ദന്‍ പറഞ്ഞു.

പാര്‍ട്ടിക്കുള്ളില്‍ അഴിച്ചുപണി വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊടകര കുഴല്‍പ്പണ വിവാദങ്ങളുമായി ബന്ധപ്പെട്ടു നേരത്തെയും മുകുന്ദന്‍ പ്രതികരിച്ചിരുന്നു. പണമിടപാടുമായി ബന്ധപ്പെട്ടു കേള്‍ക്കുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ രാജ്യദ്രോഹക്കുറ്റമാണെന്നായിരുന്നു മുകുന്ദന്‍ നേരത്തെ പ്രതികരിച്ചത്.

കഴിഞ്ഞ ദിവസം നടന്ന ബി.ജെ.പി കോര്‍ കമ്മിറ്റി യോഗത്തിലും സംസ്ഥാന നേതൃത്വത്തിനെതിരെ പി.കെ കൃഷ്ണദാസ് പക്ഷം വിമര്‍ശനമുന്നയിച്ചിരുന്നു.

കെ. സുരേന്ദ്രന്‍ രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കേണ്ടിയിരുന്നില്ലെന്നു കൃഷ്ണദാസ് പക്ഷം പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയം പാളിയെന്നും ആരോപണമുയര്‍ന്നു. പാര്‍ട്ടിയ്ക്കുള്ളില്‍ കൂട്ടായ ചര്‍ച്ചകള്‍ നടത്തിയില്ലെന്നും ഒരു വിഭാഗം നേതാക്കളെ ഇരുട്ടത്തു നിര്‍ത്തിയെന്നും കൃഷ്ണദാസ് പക്ഷം ആരോപിച്ചു.

പാര്‍ട്ടിയില്‍ സമഗ്ര അഴിച്ചുപണി ആവശ്യമാണെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു. എന്നാല്‍ യോഗത്തിനു മുമ്പു പാര്‍ട്ടി നേതാക്കള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സുരേന്ദ്രനു പിന്തുണ നല്‍കിയിരുന്നു. സുരേന്ദ്രനെ ഒറ്റയ്ക്കു ആക്രമിക്കുകയാണെന്നായിരുന്നു കുമ്മനം രാജശേഖരന്‍ പറഞ്ഞത്.

അതേസമയം കൊടകര കുഴല്‍പ്പണ കേസിന്റെ അന്വേഷണം കെ. സുരേന്ദ്രന്റെ മകനിലേക്കും നീങ്ങിയിരിക്കുകയാണ്. ധര്‍മരാജനും സുരേന്ദ്രന്റെ മകനും തമ്മില്‍ ഫോണില്‍ ബന്ധപ്പെട്ടതായാണു പൊലീസ് കണ്ടെത്തിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: BJP leader P.P. Mukundan about K surendran and his resignation

Latest Stories

Video Stories