ആലപ്പുഴ: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരായ പ്രമേയത്തെ ബി.ജെ.പി നേതാവും എം.എല്‍.എയുമായ ഒ. രാജഗോപാല്‍ അനുകൂലിക്കുമെന്ന് വിശ്വസിക്കുന്നില്ലെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി എം.ടി രമേശ്.
കര്‍ഷക നിയമത്തെ നേരത്തെ അനുകൂലിച്ച ആളാണ് രാജേട്ടനെന്നും എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നുമായിരുന്നു എം.ടി രമേശ് പറഞ്ഞത്.
‘അദ്ദേഹം പറഞ്ഞ കാര്യം എന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. അതിനുള്ള സാധ്യതയും ഞാന്‍ കാണുന്നില്ല. അതെന്താണെന്ന് പരിശോധിക്കാം. രാജേട്ടന്‍ തന്നെ കഴിഞ്ഞ ദിവസം കാര്‍ഷിക നിയമത്തെ അനുകൂലിച്ച് സംസാരിക്കുകയും സംസ്ഥാനത്തിന്റെ ഇത്തരം രാഷ്ട്രീയ നിലപാടുകളെ വിമര്‍ശിക്കുകയും ചെയ്തിട്ടുള്ളതാണ്.
നിയമസഭാ സമ്മേളനം വിളിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ ഗവര്‍ണര്‍ മടക്കിയപ്പോള്‍ അതിന്റെ ഔചിത്യത്തെ കേരളജനതയ്ക്ക് മുന്‍പാകെ കൃത്യമായി ബോധ്യപ്പെടുത്തിയ ആളാണ് രാജേട്ടന്‍. അതുകൊണ്ട് തന്നെ ഞാനത് വിശ്വസിക്കുന്നില്ല. പരിശോധിച്ച ശേഷം കാര്യങ്ങള്‍ പറയാം’, എന്നായിരുന്നു എം.ടി രമേശ് പറഞ്ഞത്.
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നിയമസഭ പാസ്സാക്കിയ പ്രമേയത്തെ എതിര്‍ത്തിട്ടില്ലെന്ന് രാജഗോപാല്‍ പറഞ്ഞിരുന്നു. കേരള നിയമസഭയുടെ പൊതു അഭിപ്രായത്തെ മാനിക്കുകയായിരുന്നെന്നും അതുകൊണ്ടാണ് താന്‍ പ്രമേയത്തെ അനുകൂലിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പ്രമേയത്തില്‍ പറഞ്ഞ ചിലകാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസമുണ്ട്. അത് ചൂണ്ടിക്കാണിച്ചു. അതിന് ശേഷം മറ്റെല്ലാം കൂടിച്ചേര്‍ന്ന സമഗ്രമായ റെസലൂഷനെ പിന്തുണച്ചു. കേന്ദ്രസര്‍ക്കാരിന്റെ സമീപനത്തിനെ സ്റ്റേറ്റില്‍ നിന്ന് ബി.ജെ.പിക്കാരനായ ഞാന്‍ എതിര്‍ക്കുന്നത് ശരിയല്ല. അതുകൊണ്ട് എതിര്‍ത്തില്ല, എന്നായിരുന്നു രാജഗോപാല്‍ പറഞ്ഞത്.
കേന്ദ്രം പാസ്സാക്കിയ നിയമ പിന്‍വലിക്കണമെന്ന ആവശ്യത്തോട് യോജിക്കുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് തീര്‍ത്തും എന്നായിരുന്നു മറുപടി. അതുകൊണ്ടാണല്ലോ അനുകൂലിച്ച് വോട്ടു ചെയ്തതെന്നും രാജഗോപാല്‍ പറഞ്ഞു.
തന്റെ നിലപാട് പാര്‍ട്ടിയില്‍ ആഭ്യന്തര പ്രശ്നമുണ്ടാക്കില്ല. കേന്ദ്രനിയമം പിന്‍വലിക്കണമെന്ന് ബി.ജെ.പി എം.എല്‍.എ ആവശ്യപ്പെടുന്നതില്‍ ഒരു പ്രശ്നവും വരുന്നില്ല.
ഇത് ഡെമോക്രാറ്റിക് സ്പിരിറ്റാണെന്നാണ് വിശ്വസിക്കുന്നത്. പാര്‍ട്ടി നിലപാടിന് വിരുദ്ധമല്ലേ എന്ന ചോദ്യത്തിന്, പാര്‍ട്ടി നിലപാടായിട്ട് ഇഷ്ടമുണ്ടാകില്ലായിരിക്കും. ജനാധിപത്യ സംവിധാനത്തില്‍ ഇത്തരം കാര്യങ്ങളില്‍ കോംപ്രമൈസ് ഒക്കെ വേണം. നമ്മള്‍ പിടിച്ച മുയലിന് കൊമ്പ് രണ്ട് എന്നു പറഞ്ഞ് പിടിച്ചു നില്‍ക്കേണ്ട കാര്യമില്ല. അഭിപ്രായ സമന്വയം അനുസരിച്ച് പോകണമെന്നായിരുന്നു രാജഗോപാല്‍ പറഞ്ഞത്.
എന്നാല്‍ രാജഗോപാലിന്റെ പ്രസ്താവന കേട്ടിട്ടില്ലെന്നും അദ്ദേഹവുമായി സംസാരിച്ച ശേഷം മറുപടി പറയാമെന്നുമാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞത്. രാജഗോപാല്‍ പറഞ്ഞതെന്തെന്ന് പരിശോധിക്കുമെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു. പ്രമേയം നിയമസഭയെ അവഹേളിക്കുന്നതാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: BJP Leader on O Rajagopal Stand On Farmlaws Kerala Assembly