| Friday, 25th January 2019, 8:24 am

ബി.ജെ.പി മുന്‍ ഉപാധ്യക്ഷന്‍ ജയന്തിഭായ് ഭാനുശാലിയുടെ കൊലപാതകം: പ്രതി പാര്‍ട്ടി നേതാവായ ഛബില്‍ പട്ടേല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: ഗുജറാത്തിലെ ബി.ജെ.പി മുന്‍ ഉപാധ്യക്ഷന്‍ ജയന്തിഭായ് ഭാനുശാലി തീവണ്ടിയില്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ പാര്‍ട്ടി നേതാവായ ഛബില്‍ പട്ടേലിന് മുഖ്യപങ്കുള്ളതായി പൊലീസ് സ്ഥിരീകരണം. രാഷ്ട്രീയവൈരം മൂലം വാടകക്കൊലയാളികളെ വെച്ച് ജയന്തിഭായിയെ കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.

ജനുവരി എട്ടിന് പുലര്‍ച്ചെയാണ് ഭുജില്‍നിന്ന് അഹമ്മദാബാദിലേക്കുള്ള സായാജിനഗരി എക്‌സ്പ്രസില്‍ ഭാനുശാലി വെടിയേറ്റു മരിച്ചത്. മുന്‍ എം.എല്‍.എയും 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അബ്ദാസയിലെ ബി.ജെ.പി. സ്ഥാനാര്‍ഥിയുമായിരുന്ന ഛബില്‍ പട്ടേലും പൊതുപ്രവര്‍ത്തക മനീഷ ഗോസ്വാമിയും ചേര്‍ന്നാണ് കൃത്യം ആസൂത്രണം ചെയ്തതെന്ന് എ.ഡി.ജി.പി. അജയ് തോമര്‍ പറഞ്ഞു.


പൂനെയില്‍നിന്നുള്ള വാടകക്കൊലയാളികളായ അഷറഫ് അന്‍വര്‍ ശൈഖ്, ദാദാ വഗലേ എന്ന ശശികാന്ത് എന്നിവരാണ് കൊലപാതകം നടത്തിയത്. കൊല നടത്തിയ ശേഷം ചങ്ങല വലിച്ച് തീവണ്ടി നിര്‍ത്തി ഇവര്‍ രക്ഷപ്പെടുകയായിരുന്നു.

ഭാനുശാലി 2007ല്‍ അബ്ദാസയിലെ എം.എല്‍.എയായിരുന്നു. ബി.ജെ.പി.യുടെ കച്ച് ജില്ലാ പ്രസിഡന്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്. കോണ്‍ഗ്രസിലായിരുന്ന ഛബില്‍ പട്ടേല്‍ 2012ല്‍ ഭാനുശാലിയെ തോല്‍പ്പിച്ച് എം.എല്‍.എയായി. പിന്നീട് ഛബില്‍ പട്ടേല്‍ ബി.ജെ.പി.യില്‍ ചേരുകയായിരുന്നു.

2017ലെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം ഭാനുശാലിയാണെന്നും എതിരാളിയെ കൊലപ്പെടുത്തുമെന്നും ഛബില്‍ ഭീഷണിപ്പെടുത്തിയിരുന്നു. പരസ്പരം ഹണിട്രാപ്പില്‍ പെടുത്താനും ശ്രമമുണ്ടായി. ഇതിനെ തുടര്‍ന്ന് ഭാനുശാലിക്ക് ബി.ജെ.പി. ഉപാധ്യക്ഷ സ്ഥാനം രാജിവെക്കേണ്ടി വന്നിരുന്നു.


ഈ കേസുകളുമായി ബന്ധപ്പെട്ട് ഭാനുശാലിയുമായി ശത്രുതയുണ്ടായ മനീഷ ഗോസ്വാമി ഛബില്‍ പട്ടേലുമായി ഗൂഢാലോചന നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൃത്യം ആസൂത്രണം ചെയ്ത ശേഷം ഛബില്‍ പട്ടേല്‍ വിദേശത്തേക്ക് കടന്നു.

കൊലയാളികള്‍ തിരികെ പൂനയ്ക്കു പോയതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചു. ഇവര്‍ക്കാവശ്യമായ സഹായങ്ങള്‍ ചെയ്ത രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എല്ലാ പ്രതികളേയും വൈകാതെ അറസ്റ്റുചെയ്യുമെന്ന് എ.ഡി.ജി.പി. അറിയിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more