| Sunday, 23rd May 2021, 2:53 pm

നേതൃമാറ്റം മാത്രം പോരാ നേതാക്കള്‍ക്ക് സ്വഭാവശുദ്ധിയും പക്വതയും വേണം; കെ. സുരേന്ദ്രനെതിരെ ഒളിയമ്പുമായി ബി.ജെ.പി നേതാവ് എം.എസ് കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ ഒളിയമ്പുമായി മുതിര്‍ന്ന ബി.ജെ.പി നേതാവ് എം.എസ് കുമാര്‍. എല്‍.ഡി.എഫിലെയും യു.ഡി.എഫിലെ തലമുറമാറ്റത്തെക്കുറിച്ച് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് എം.എസ് കുമാറിന്റെ ഒളിയമ്പ്.

നേതൃത്വം ചെറുപ്പമായാല്‍ മാത്രം സംഘടന രക്ഷപ്പെടുമോയെന്നാണ് ചോദ്യം. നേതൃസ്ഥാനത്തു എത്തുന്നവര്‍ എല്ലാ അര്‍ത്ഥത്തിലും സ്വഭാവശുദ്ധി ഉള്ളവരാകണം. അഴിമതിക്ക് അതീതരായിരിക്കണം. ഏതിനോടും പ്രതികരിക്കുമ്പോള്‍ പക്വത കാണിക്കുന്നവരാകണമെന്നും കുമാറിന്റെ കുറിപ്പില്‍ പറയുന്നു.

എല്ലാ തലമുറയിലും പെട്ട ജനങ്ങള്‍ക്ക് സ്വീകാര്യരാവണം. എങ്കില്‍ തീര്‍ച്ചയായും അവര്‍ നയിക്കുന്ന പ്രസ്ഥാനത്തിനു ജനപിന്തുണ ഉണ്ടാകും. തങ്ങള്‍ അല്ല ജനങ്ങള്‍ ആണ് യജമാനന്മാര്‍ എന്ന ബോധ്യം ഇണ്ടാകണമെന്നും കുറിപ്പില്‍ പറയുന്നുണ്ട്.

തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഏറ്റ പരാജയത്തിന് പിന്നാലെ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം പാര്‍ട്ടിയില്‍ നിന്ന് തന്നെ ഉയരുന്നുണ്ട്.

കെ. സുരേന്ദ്രന്റെ നേതൃത്വത്തിനെതിരെ നേരത്തെ തന്നെ എം.എസ് കുമാര്‍ പ്രതിഷേധം അറിയിച്ചിരുന്നു. കെ. സുരേന്ദ്രന്‍ അധ്യക്ഷനായ സംസ്ഥാന സമിതിയില്‍ കുമാറിനെ സംസ്ഥാന വക്താവായി നിയമിച്ചിരുന്നു. എന്നാല്‍ കുമാര്‍ ചുമതലയേറ്റിരുന്നില്ല.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 140 മണ്ഡലങ്ങളില്‍ 99 സീറ്റില്‍ വിജയിച്ചാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ തുടര്‍ഭരണം ഉറപ്പാക്കിയത്. ബാക്കിയുള്ള 41 സീറ്റില്‍ യു.ഡി.എഫ് ജയിച്ചു. സിറ്റിംഗ് സീറ്റായ നേമം പോലും കൈവിട്ട എന്‍.ഡി.എയ്ക്ക് സംസ്ഥാനത്ത് ഒരു സീറ്റ് പോലും നേടാനായില്ല.

2016 ല്‍ കിട്ടിയ വോട്ട് കണക്കില്‍ നാല് ശതമാനത്തിന്റെ ഇടിവാണ് ബി.ജെ.പിക്ക് ഉണ്ടായത്.

എം.എസ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം,

കേരളത്തില്‍ പുതുമുഖങ്ങളെ മന്ത്രിമാരാക്കി കൊണ്ട് പുതിയ ഒരു രാഷ്ട്രീയ സംസ്‌കാരം എല്‍.ഡി.എഫ് തുടങ്ങിവച്ചു. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിഛയിച്ചപ്പോഴും ഈ ഇച്ഛാശക്തി എല്‍.ഡി .എഫ് കാണിച്ചിരുന്നു. ഇപ്പോള്‍ ഇതാ കോണ്‍ഗ്രസ്സും പ്രതിപക്ഷനേതാവാവായി ശ്രീ വി.ഡി സതീശനെ നിച്ചയിച്ചത് വഴി തങ്ങളും മാറ്റത്തിന്റെ പാതയില്‍ ആണെന്ന് പറയുന്നു. ഇതെല്ലാം തലമുറ മാറ്റമാണെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. 75 കാരനായ പിണറായി നയിക്കുന്ന മന്ത്രിസഭയില്‍ 68 കാരനായ തോമസ് ഐസക് മാറി 68 കാരനായ എം.വി ഗോവിന്ദന്‍ വരുമ്പോഴും 66കാരനായ ചെന്നിത്തല മാറി 58 കാരനായ സതീശന്‍ വരുമ്പോഴും തലമുറ മാറ്റം എന്നാണ് വിശേഷിപ്പിക്കുന്നത്.

നേതൃം ചെറുപ്പം ആയാല്‍ മാത്രം സംഘടന രക്ഷപ്പെടുമോ? നേതൃസ്ഥാനത്തു എത്തുന്നവര്‍ എല്ലാ അര്‍ത്ഥത്തിലും സ്വഭാവശുദ്ധി ഉള്ളവരാകണം. അഴിമതിക്ക് അതീരായിരിക്കണം. ഏതിനോടും പ്രതികരിക്കുമ്പോള്‍ പക്വത കാണിക്കുന്നവരാകണം. എല്ലാ തലമുറയിലും പെട്ട ജനങ്ങള്‍ക്ക് സ്വീകാര്യരാവണം. എങ്കില്‍ തീര്‍ച്ചയായും അവര്‍ നയിക്കുന്ന പ്രസ്ഥാനത്തിനു ജനപിന്തുണ ഉണ്ടാകും. തങ്ങള്‍ അല്ല ജനങ്ങള്‍ ആണ് യജമാനന്മാര്‍ എന്ന ബോധ്യം ഇണ്ടാകണം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുകട

BJP leader MS Kumar FB post indirectly attack K Surendran

We use cookies to give you the best possible experience. Learn more