യുവമോര്‍ച്ച മുംബൈ അദ്ധ്യക്ഷനെ ബോധപൂര്‍വ്വം കടം തിരിച്ചടക്കാത്ത വ്യക്തിയായി വിശേഷിപ്പിച്ച് ബാങ്ക് ഓഫ് ബറോഡ; 76 കോടി രൂപ തിരിച്ചടച്ചെന്ന് നേതാവ്
yuvamorcha
യുവമോര്‍ച്ച മുംബൈ അദ്ധ്യക്ഷനെ ബോധപൂര്‍വ്വം കടം തിരിച്ചടക്കാത്ത വ്യക്തിയായി വിശേഷിപ്പിച്ച് ബാങ്ക് ഓഫ് ബറോഡ; 76 കോടി രൂപ തിരിച്ചടച്ചെന്ന് നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 7th June 2019, 5:45 pm

ബോധപൂര്‍വ്വം കടം തിരിച്ചടക്കാത്ത വ്യക്തിയായി യുമോര്‍ച്ച മുംബൈ അദ്ധ്യക്ഷനെ വിശേഷിപ്പിച്ച് ബാങ്ക് ഓഫ് ബറോഡ. മോഹിത് കാംബോജ് എന്ന യുവമോര്‍ച്ച നേതാവിനെയാണ് കടമെടുത്ത തുക തിരിച്ചടക്കാത്ത വ്യക്തിയായി ബാങ്ക് ഓഫ് ബറോഡ പരസ്യം ചെയ്തത്. അടുത്തിടെ തന്റെ പേരിലെ കാംബേജ് എന്ന് മാറ്റി ഭാരതീയ എന്ന് ചേര്‍ത്ത് വാര്‍ത്തകളിലിടം നേടിയിരുന്നു മോഹിത്.

മോഹിതുമായി ബന്ധമുള്ള അവ്യാന്‍ ഓര്‍ണമെന്റ്‌സിനു വേണ്ടി കടമെടുത്ത പണമാണ് തിരിച്ചടക്കാത്തത്. ആര്‍ബിഐ നിയമങ്ങളനുസരിച്ച് മോഹിതിനെതിരെയും ജിതേന്ദ്ര കപൂര്‍ എന്നീ വ്യക്തിക്കെതിരെയും ആണ് ബാങ്ക് നടപടി ആരംഭിച്ചിരിക്കുന്നത്. ഇത് പ്രകാരമാണ് ഇവര്‍ രണ്ടും പേരും ബോധപൂര്‍വ്വം പണം തിരിച്ചടക്കാത്തവരായി പരസ്യം ചെയ്തത് എന്നത് എന്ന് ബാങ്ക് അധികൃതര്‍ പറയുന്നു.

എന്നാല്‍ താന്‍ കമ്പനിയുടെ പ്രമോട്ടറോ ഡയറക്ടറോ അല്ല എന്നും വ്യക്തിപരമായി ജാമ്യം നില്‍ക്കുക മാത്രമാണ് ചെയ്തിരിക്കുന്നത് എന്നാണ് മോഹിതിന്റെ വാദം. 76 കോടി രൂപയോളം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ തിരിച്ചടച്ചുവെന്നും മോഹിത് പറയുന്നു. 2016 മുതലാണ് മോഹിത് മുംബൈയിലെ യുവമോര്‍ച്ച അദ്ധ്യക്ഷനായി പ്രവര്‍ത്തനം തുടങ്ങിയത്.