| Monday, 23rd November 2020, 3:36 pm

നെറ്റ്ഫ്‌ളിക്‌സ് സീരീസിലെ ക്ഷേത്രത്തിലെ ചുംബന രംഗം ലവ് ജിഹാദെന്ന് ബി.ജെ.പി നേതാവ്; 'പരാതി മധ്യപ്രദേശ് സര്‍ക്കാര്‍ പരിശോധിക്കുന്നു'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നെറ്റ്ഫ്‌ളിക്‌സിന്റെ മിനി സീരീസായ ‘ എ സ്യൂട്ടബിള്‍ ബോയ്’ക്കെതിരെ നല്‍കിയ പരാതി പരിശോധിച്ച് വരുന്നതായി മധ്യപ്രദേശ് സര്‍ക്കാര്‍. ഹിന്ദു പെണ്‍കുട്ടിയും മുസ്‌ലിം ആണ്‍കുട്ടിയും ക്ഷേത്രത്തിന്റെ മുന്നില്‍ വെച്ച് ചുംബിക്കുന്ന രംഗങ്ങള്‍ ചിത്രീകരിച്ചതിനെതിരെ നല്‍കിയ പരാതിയാണ് പരിശോധിച്ചു വരുന്നതായി സര്‍ക്കാര്‍ പറഞ്ഞത്.

ബി.ജെ.പി യൂത്ത് വിങ്ങ് നേതാവ് ഗൗരവ് തിവാരിയാണ് രേവ പൊലീസില്‍ പരാതി ഫയല്‍ ചെയ്തിരിക്കുന്നത്. ക്ഷേത്രത്തിലെ ശിവലിംഗത്തിന് മുന്നില്‍വെച്ചാണ് നിരവധി ചുംബന രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നതെന്ന് തിവാരി തന്റെ പരാതിയില്‍ എടുത്ത് പറയുന്നുണ്ട്.

നര്‍മദ നദിയുടെ തീരത്തുള്ള മഹേശ്വര ക്ഷേത്രത്തില്‍ വെച്ചാണ് ഇത് ഷൂട്ട് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

ഹിന്ദു പെണ്‍കുട്ടിയും മുസ്‌ലിം യുവാവും തമ്മില്‍ ചുംബിച്ചതിനെ നിലവില്‍ ഹിന്ദുത്വവാദികള്‍ ഉയര്‍ത്തിക്കൊണ്ട് വരുന്ന ലവ് ജിഹാദുമായും തിവാരി ബന്ധപ്പെടുത്തുന്നുണ്ട്. ഈ രംഗങ്ങള്‍ നിലവില്‍ ഒരുപാട് പ്രശ്‌നങ്ങളുള്ള ഒരു രാജ്യത്തെ സ്ഥിതി കൂടുതല്‍ വഷളാക്കാന്‍ ആളുകളെ പ്രേരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലവ് ജിഹാദില്‍ തങ്ങളുടെ സര്‍ക്കാര്‍ കര്‍ശനമായ നിയമങ്ങളാണ് കൊണ്ട് വരുന്നതെന്ന് പരാതിയില്‍ പറയുന്ന തിവാരി ലവ് ജിഹാദിനെതിരെ അടുത്ത അസംബ്ലിയില്‍ ബില്‍ പാസാക്കുമെന്നും പറഞ്ഞു.

സീരീസിലെ ചുംബന രംഗങ്ങള്‍ അശ്ലീലമാണെന്നാണ് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞത്.

‘ക്ഷേത്രത്തില്‍ ഭജന പാടിക്കൊണ്ടിരിക്കുന്ന സമയത്ത് ഒരു യുവാവ് ഒരു പെണ്‍കുട്ടിയെ അതിന്റെ മുന്നില്‍ വെച്ച് ചുംബിക്കുന്നത് നമ്മുടെ വികാരം വ്രണപ്പെടുത്തുന്നതാണ്,’ നരോത്തം മിശ്ര പറഞ്ഞു.

പ്രശസ്ത ഇന്ത്യന്‍ അമേരിക്കന്‍ ചലച്ചിത്രകാരി മീര നായര്‍ ഒരുക്കിയ ‘ എ സ്യൂട്ടബിള്‍ ബോയ്’ എന്ന മീനി സീരീസിലെ ഒരു രംഗത്തെ ചൊല്ലിയാണ് ഹിന്ദുത്വ വാദികള്‍ വിവാദങ്ങള്‍ സൃഷ്ടിച്ചത്.

സംഭവത്തില്‍ ഒ.ടി.ടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സിനെ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ വാദികള്‍ ട്വിറ്ററില്‍ ‘ബോയ്കോട്ട് നെറ്റ്ഫ്ളിക്സ്’ ക്യാമ്പയിന്‍ ആരംഭിച്ചിരുന്നു.

ഹിന്ദുത്വ വികാരങ്ങളെ വ്രണപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നതെന്നും ഇന്ത്യാ വിരുദ്ധ സന്ദേശമാണ് നെറ്റ്ഫ്ളിക്സിന്റെ എ സ്യൂട്ടബിള്‍ ബോയ് എന്ന സീരീസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നുമാണ് ഹിന്ദുത്വവാദികള്‍ ഉയര്‍ത്തുന്ന വിമര്‍ശനം.

എന്നാല്‍ ഇവര്‍ക്ക് മറുപടിയുമായി നിരവധി പേര്‍ ട്വിറ്ററില്‍ എത്തിയിട്ടുണ്ട്. അമ്പലത്തിനകത്ത് വെച്ച് ഏഴ് വയസുള്ള ബാലികയെ ബലാത്സംഗം ചെയ്ത് കൊന്നപ്പോള്‍ പ്രശ്നമില്ലാത്തവരാണ് ഇപ്പോള്‍ ക്ഷേത്രത്തിനകത്ത് ചുംബന രംഗം ചിത്രീകരിച്ചപ്പോള്‍ വിമര്‍ശിക്കുന്നത് എന്ന് വിഷയത്തില്‍ നിരവധി പേര്‍ ട്വീറ്റ് ചെയ്തു.

സ്വാതന്ത്ര്യാനന്തര ഇന്ത്യ പശ്ചാത്തലമാക്കി വിക്രം സേഥ് എഴുതിയ പ്രശസ്ത നോവലിന്റെ അതേ പേരിലുള്ള മിനി സീരീസാണ് ‘ എ സ്യൂട്ടബിള്‍ ബോയ്’ ആദ്യം ബിബിസിയുടെ സ്ട്രീമിങ്ങ് പ്ലാറ്റ്ഫോം ആയ ബിബിസി ഐ പ്ലെയറിലാണ് സ്യൂട്ടബിള്‍ ബോയ് പ്രദര്‍ശനത്തിനെത്തിയത്. ഇതിന് ശേഷമാണ് നെറ്റ്ഫ്ളിക്സിലും സീരീസ് പ്രദര്‍ശനം തുടങ്ങിയത്.

ഒ.ടി.ടി പ്ലാറ്റ്ഫോമുകളെയും ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകളെയും കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന് കീഴിലാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് ഹിന്ദുത്വവാദികള്‍ ട്വിറ്ററില്‍ ബോയ്കോട്ട് നെറ്റ്ഫ്ളിക്സ് ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: BJP leader links kissing scenes in Netflix’s ‘A Suitable Boy’ to love jihad and files complaint

We use cookies to give you the best possible experience. Learn more