ശ്രീനഗര്‍: കത്‌വ കേസില്‍ പ്രതികള്‍ക്ക് വേണ്ടി റാലി നടത്തിയതിന് മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്ന ബി.ജെ.പി എം.എല്‍.എ ചൗധരി ലാല്‍ സിങ്ങിന് കശ്മീരില്‍ സ്വീകരണം. കതുവ ജില്ലയില്‍ വിവിധയിടങ്ങളിലായി കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടും ലാല്‍ സിങ്ങിന്റെ നേതൃത്വത്തില്‍ റാലി നടത്തി.
തെറ്റായ വിവരങ്ങളാണ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും ജമ്മുവിലെ ദോഗ്രകളായ തങ്ങളെ ബലാത്സംഗ അനുകൂലികളായാണ് ചിത്രീകരിക്കുന്നതെന്നും ലാല്‍സിങ് പറഞ്ഞു. കതുവ പെണ്‍കുട്ടി തങ്ങളുടെ മകളാണെന്നും സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുകയാണെന്നും ലാല്‍സിങ് പറഞ്ഞു.
കതുവ കേസില്‍ മെഹബൂബ മുഫ്തിക്കെതിരെയും ലാല്‍ സിങ് സംസാരിച്ചു. മനസാക്ഷിയുണ്ടായിരുന്നെങ്കില്‍ മെഹബൂബ രാജിവെക്കണമായിരുന്നുവെന്നും കേസില്‍ സംസ്ഥാന പൊലീസിന്റെ അന്വേഷണം വിശ്വസിക്കാന്‍ കഴിയില്ലെന്നും എം.എല്‍.എ കൂടിയായ ലാല്‍ സിങ് പറഞ്ഞു.
Read more: ‘ഒരു തൂക്കുകയര്‍ മുകളില്‍ കിടന്നാടുന്നത് ഞാന്‍ കാണുന്നുണ്ട്’; ടി.ജി മോഹന്‍ദാസിനോട് ‘മാപ്പ് പറഞ്ഞ്’ പരിഹസിച്ചു ദീപാ നിശാന്ത്
കേസിലെ പ്രതികള്‍ക്ക് വേണ്ടി ഹിന്ദു ഏകതാ മഞ്ച് കത്വയില്‍ നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്ത് സംസാരിച്ചതിന്റെ പേരില്‍ മന്ത്രിമാരായ ചൗധരി ലാല്‍ സിങിനും ചന്ദര്‍ പ്രകാശ് ഗംഗയ്ക്കും കഴിഞ്ഞ ദിവസം മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നിരുന്നു. ദേശീയപതാക ഉയര്‍ത്തിയായിരുന്നു ജാഥ.
ജമ്മുകശ്മീര്‍ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്താനായത്. കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യത്തെ അനുകൂലിക്കുന്നില്ലെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് തൃപ്തനാണെന്നും കോടതി പറഞ്ഞിരുന്നു.