| Sunday, 12th February 2023, 10:55 am

ഛത്തീസ്ഗഡില്‍ വീണ്ടും ബി.ജെ.പി നേതാവിനെ കൊലപ്പെടുത്തി; പിന്നില്‍ മാവോയിസ്‌റ്റെന്ന് സംശയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

റായ്പൂര്‍: ഛത്തീസ്ഗഡില്‍ വീണ്ടും ബി.ജെ.പി നേതാവിനെ കൊലപ്പെടുത്തി. ബി.ജെ.പിയുടെ നാരായണപൂര്‍ ജില്ല വൈസ് പ്രസിഡന്റായ സാഗര്‍ സഹുവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പിന്നില്‍ മാവോയിസ്‌റ്റെന്നാണ് പൊലീസിന്റെ സംശയം. ഈ മാസം കൊല്ലപ്പെടുന്ന മൂന്നാമത്തെ ബി.ജെ.പി നേതാവാണിയാള്‍.

പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ ഇതിന് പിന്നില്‍ മാവോയിസ്റ്റുകളാണെന്ന് സംശയിക്കുന്നു. സംഭവ സ്ഥലത്ത് നിന്ന് എ.കെ-47ന്റെ വെടിയുണ്ടകള്‍ ലഭിച്ചിട്ടുണ്ട്. മാവോയിസ്റ്റുകള്‍ ഉപയോഗിക്കുന്ന തരത്തിലുള്ള തോക്കിന്റെ വെടിയുണ്ടകളാണിവ. എന്നാല്‍ മാവോയിസ്റ്റ് ലഘുലേഖകളോ മറ്റ് വസ്തുക്കളോ കണ്ടുകിട്ടിയിട്ടില്ല. എല്ലാ വശങ്ങളും അന്വേഷിച്ച് ശരിയായ പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും സമീപത്തെ വനപ്രദേശങ്ങളില്‍ നിന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ബസ്തര്‍ റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജനറല്‍ സുന്ദരാജ്. പി പറഞ്ഞു.

സാഗര്‍ സഹുവിനെ വീട്ടില്‍ കയറി ഭാര്യയ്ക്ക് മുന്നില്‍ വെച്ചാണ് രണ്ടംഗ സംഘം കൊലപ്പെടുത്തിയത്. ഏകദേശം ഒമ്പത് മണിയോട് കൂടി വധിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷി വിവരണം. തിരിച്ചറിയാന്‍ സാധിക്കാത്ത രണ്ട് പേര്‍ കൊലചെയ്തയുടനെ സംഭവ സ്ഥലം വിട്ട് പോകുകയായിരുന്നു.

തലയിലും കഴുത്തിലും വെടിയേറ്റ സഹുവിനെ ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കഴിഞ്ഞ മാസം സഹു മാവോയിസ്റ്റ് ഭീഷണി നേരിട്ടിരുന്നുവെന്നും ഇതില്‍ പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നെങ്കിലും വേണ്ട നടപടികള്‍ കൈകൊണ്ടില്ലെന്നും മുന്‍ ബി.ജെ.പി എം.എല്‍.എ കേദാര്‍ കശ്യപ് ആരോപിച്ചു.

അടുത്ത കാലത്തൊന്നും സഹു പരാതിയുമായി പൊലാസീനെ സമീപിച്ചിട്ടില്ലെന്ന് എസ്.പി പുഷ്‌കര്‍ ശര്‍മ പറഞ്ഞു.

എന്നാല്‍ സമീപ പ്രദേശത്തെ ഖനനത്തെ പിന്തുണച്ചതിന് സഹുവിനെ ഭീഷണിപ്പെടുത്തുന്ന ലഖുലേഖ കഴിഞ്ഞ തവണ ലഭിച്ചിരുന്നുവെന്ന് മറ്റൊരു പൊലീസ് അറിയിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ബി.ജെ.പി അധ്യക്ഷന്‍ ജെ.പി. നദ്ദ സഹുവിന്റെ വീട്ടില്‍ പോയി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു. കോണ്‍ഗ്രസ് സര്‍ക്കാറിന് കീഴില്‍ മാവോയിസ്റ്റ് ആക്രമണങ്ങള്‍ നിരന്തരം സംഭവിച്ച് കൊണ്ടിരിക്കുന്നു. ഈ മാസത്തിലെ മൂന്നാമത്തെ ബി.ജെ.പി പ്രവര്‍ത്തകനാണ് മരണപ്പെടുന്നതെന്നും പാര്‍ട്ടി ഇതിനെതിരെ ശക്തമായി ഇടപെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫെബ്രുവരി രണ്ടാം തിയ്യതിയാണ് മറ്റൊരു ബി.ജെ.പി നേതാവായ നീല്‍കാന്ത് കാകേ കൊല്ലപ്പെട്ടത്. ഒരു കല്യാണ ചടങ്ങില്‍ പങ്കെടുക്കവേയായിരുന്നു നീല്‍കാന്തിനെ കൊലപ്പെടുത്തിയത്. എന്നാല്‍ ഈ മൂന്ന് കൊലപാതകങ്ങളും മാവോയിസ്റ്റുകളാണ് ചെയ്തതെന്ന് പൊലീസിന് തെളിയിക്കാന്‍ സാധിച്ചിട്ടില്ല.

CONTENT HIGHLIGHT: BJP leader killed again in Chhattisgarh; Suspected to be Maoist behind

We use cookies to give you the best possible experience. Learn more