തമിഴ്നാട്ടിലെ സ്ത്രീ ക്ഷേമ പദ്ധതിയെ 'ഭിക്ഷ' എന്ന് വിശേഷിപ്പിച്ച് ഖുശ്ബു സുന്ദര്‍, വിവാദം
national news
തമിഴ്നാട്ടിലെ സ്ത്രീ ക്ഷേമ പദ്ധതിയെ 'ഭിക്ഷ' എന്ന് വിശേഷിപ്പിച്ച് ഖുശ്ബു സുന്ദര്‍, വിവാദം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th March 2024, 10:17 am

ചെന്നൈ: തമിഴ്നാട് സര്‍ക്കാര്‍ വീട്ടമ്മമാര്‍ക്ക് പ്രതിമാസം 1000 രൂപ നല്‍കുന്ന പദ്ധതിയെ ‘പിച്ചൈ’ എന്ന് വിളിച്ച് ദേശീയ വനിതാ കമ്മീഷന്‍ (എന്‍.സി.ഡബ്ല്യു) അംഗവും ബി.ജെ.പി നേതാവുമായ ഖുശ്ബു സുന്ദര്‍.

തമിഴ് ചലച്ചിത്ര നിര്‍മാതാവ് ജാഫര്‍ സാദിഖിന്റെ അറസ്റ്റിലും, 2000 കോടി രൂപയുടെ മയക്കുമരുന്ന് വേട്ടയുമായും ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച ഖുഷ്ബു, ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) സര്‍ക്കാര്‍ 1000 രൂപ ‘ഭിക്ഷ’ നല്‍കിയാല്‍ സ്ത്രീകള്‍ വോട്ടുചെയ്യില്ലെന്ന് പറയുകയുണ്ടായി.

പരാമര്‍ശത്തെ തുടര്‍ന്ന് ഡി.എം.കെ.യുടെ വനിതാ വിഭാഗം ഖുശ്ബുവിനെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധം നടത്തി.

വിമര്‍ശനങ്ങളോട് പ്രതികരിച്ച ഖുശ്ബു തന്റെ അഭിപ്രായത്തെ ന്യായീകരിച്ച് എക്സില്‍ പോസ്റ്റ് ചെയ്തു. വാര്‍ത്തകളില്‍ തുടരാന്‍ ഡി.എം.കെ.ക്ക് താന്‍ ആവശ്യമാണെന്നും മയക്കുമരുന്ന് ഭീഷണി നിയന്ത്രിക്കാന്‍ മാത്രമാണ് താന്‍ പറഞ്ഞതെന്നും അവര്‍ പറഞ്ഞു.

1982-ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എം.ജി. രാമചന്ദ്രന്‍ പാവപ്പെട്ടവര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കിയത് അവര്‍ക്കുനേരെ എറിയുന്ന ‘പിച്ച’യാണെന്ന് മുന്‍ കേന്ദ്രമന്ത്രി മുരസൊലി മാരന്‍ പറഞ്ഞതിനെ ആരും അപലപിച്ചിട്ടില്ലെന്നും എക്സിലെ പോസ്റ്റില്‍ പറഞ്ഞു. കെ. പൊന്‍മുടി, ഇ.വി വേലു തുടങ്ങിയ ഡി.എം.കെ നേതാക്കള്‍ സ്ത്രീകള്‍ക്കും സംസ്ഥാനത്തെ ജനങ്ങള്‍ക്കുമെതിരെ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ ഉദാഹരണങ്ങളും അവര്‍ ഉദ്ധരിച്ചു.

‘നിങ്ങളെല്ലാവരും അന്ധരും മൂകരും ബധിരരുമാണോ? മയക്കുമരുന്ന് മൂലമുള്ള വിപത്ത് നിര്‍ത്തൂ, ടാസ്മാക്കില്‍ നിന്ന് ലഭിക്കുന്ന കമ്മീഷന്‍ കുറയ്ക്കൂ എന്ന് മാത്രമാണ് ഞാന്‍ പറയുന്നത്. പുരുഷന്മാര്‍ ടാസ്മാക്കില്‍ ചിലവഴിക്കുന്ന പണം ലാഭിക്കാന്‍ ഞങ്ങളുടെ സ്ത്രീകളെ സഹായിക്കൂ. പുരുഷന്മാര്‍ മദ്യപിക്കുന്നത് കാരണം സ്ത്രീകള്‍ അനുഭവിക്കുന്ന വേദനയുടെ അളവ് നിങ്ങളുടെ പണത്തേക്കാള്‍ വളരെ കൂടുതലാണ്. അവരെ സ്വതന്ത്രരാക്കുക, അവര്‍ക്ക് നിങ്ങളുടെ 1,000 രൂപ ആവശ്യമില്ല,’ ഖുശ്ബു തന്റെ പോസ്റ്റില്‍ പറഞ്ഞു.

തമിഴ്നാട് സാമൂഹ്യക്ഷേമ, വനിതാ ശാക്തീകരണ മന്ത്രി ഗീതാ ജീവന്‍, ‘കലൈഞ്ജര്‍ മഗളിര്‍ ഉറിമൈ തിട്ടത്തെ’ പിച്ചൈ എന്ന് വിളിച്ച നടി ഖുശ്ബു, ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്ന 1.16 കോടി സ്ത്രീകളെ അവര്‍ അപമാനിക്കുകയാണ് ചെയ്തത്,’ ഖുശ്ബുവിന്റെ പരാമര്‍ശത്തോട് പ്രതികരിച്ചുകൊണ്ട് പറഞ്ഞു.

Content Highlight: BJP Leader Khushbu calls Tamilnadu women centric scheme as alms