ന്യൂദല്‍ഹി: ബി.ജെ.പി നേതാവ് കപില്‍ മിശ്രയ്ക്ക് വൈ കാറ്റഗറി സുരക്ഷ ഒരുക്കി കേന്ദ്രസര്‍ക്കാര്‍. സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി കപില്‍ മിശ്ര അപേക്ഷ നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് മിശ്രയക്ക് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
വൈ കാറ്റഗറി സുരക്ഷപ്രകാരം ആറ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കപില്‍ മിശ്രയ്ക്ക് സുരക്ഷയൊരുക്കും. രണ്ട് പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസര്‍മാര്‍ നഗരത്തിനകത്തും പുറത്തും മുഴുവന്‍ സമയവും കപില്‍ മിശ്രയ്‌ക്കൊപ്പമുണ്ടാകും.
ഫോണ്‍കോളിലൂടെയും ട്വിറ്ററിലൂടെയും വാട്‌സ് ആപ്പ് സന്ദേശങ്ങളിലൂടെയും തനിക്ക് ഇന്ത്യക്കകത്തു നിന്നും പുറത്തു നിന്നും ഭീഷണി വരുന്നുണ്ട് ഞായറാഴ്ച കപില്‍ മിശ്ര ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.
ദല്‍ഹിയില്‍ മുസ്ലിങ്ങള്‍ക്കെതിരെ നടന്ന കലാപത്തിന് കാരണം കപില്‍മിശ്രയുടെ വിവാദ പരാമര്‍ശമാണെന്ന ആരോപണം നിലനില്‍ക്കെയാണ് മിശ്രയ്ക്ക് കേന്ദ്രസര്‍ക്കാര്‍ വൈ കാറ്റഗറി സുരക്ഷ അനുവദിച്ചിരിക്കുന്നത്.
രാജ്യദ്രോഹികളെ വെടിവെച്ചു കൊല്ലണം എന്നായിരുന്നു കപില്‍ മിശ്ര ആഹ്വാനം ചെയ്തത്. ഇത് വലിയ വിവാദമായിരുന്നു. ബി.ജെ.പി നേതാക്കളായ മനോജ് തിവാരിയും ഗൗതം ഗൗതം ഗംഭീറും മിശ്രയ്‌ക്കെതിരെ രംഗത്തുവന്നിരുന്നു.
ബി.ജെ.പി നേതാവ് കപില്‍ മിശ്രയുടെയും കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്റേയും വിദ്വേഷ പ്രസംഗങ്ങളാണ് ദല്‍ഹി കലാപത്തിലേക്ക് വഴിയൊരുക്കിയതെന്നും ഇവര്‍ക്കെതിരെ എത്രയും പെട്ടെന്ന് കേസെടുക്കണമെന്നുമുള്ള ഹര്‍ഷ് മന്ദറിന്റെ ഹരജി ഇന്നലെ സുപ്രീം കോടതി പരിഗണിച്ചിരുന്നു.
ഇവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന കേസില്‍ വാദം കേള്‍ക്കാന്‍ തയ്യാറാണെന്നും എന്നാല്‍ സുപ്രീംകോടതിക്ക് മേല്‍ വലിയ സമ്മര്‍ദ്ദമുണ്ടെന്നുമായിരുന്നു ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ പറഞ്ഞത്.