ഇന്ദ്രനേയും ചന്ദ്രനേയും പേടിയില്ലെന്നത് തള്ള് മാത്രം; ശ്രീറാമിനെ പിന്‍വലിച്ച നടപടി തികഞ്ഞ ഭീരുത്വം: കെ. സുരേന്ദ്രന്‍
Kerala News
ഇന്ദ്രനേയും ചന്ദ്രനേയും പേടിയില്ലെന്നത് തള്ള് മാത്രം; ശ്രീറാമിനെ പിന്‍വലിച്ച നടപടി തികഞ്ഞ ഭീരുത്വം: കെ. സുരേന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st August 2022, 11:24 pm

തിരുവനന്തപുരം: ആലപ്പുഴ കളക്ടറായി നിയമിച്ച ശ്രീറാം വെങ്കിട്ടരാമനെ നീക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം ഭീരുത്വമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍.

ഒരു വിഭാഗം ആളുകളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി തീരുമാനം പിന്‍വലിച്ച നടപടി തികഞ്ഞ ഭീരുത്വമായിപ്പോയി. സംഘടിത ശക്തികള്‍ക്കുമുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കിയത് തെറ്റായ സന്ദേശം തന്നെയാണ് നല്‍കുന്നതന്നും കെ. സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.

സര്‍വ്വീസില്‍ തിരിച്ചെടുത്തയാളെ ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്ന് പറയുന്നത് നീതീകരിക്കാനാവില്ല. ഇന്ദ്രനേയും ചന്ദ്രനേയും പേടിയില്ലെന്നൊക്കെ പറയുന്നത് വെറും തള്ളുമാത്രമായിപ്പോകുന്നു. നട്ടെല്ലിന് ഉറപ്പില്ലാത്തവര്‍ ഇത്തരം തീരുമാനങ്ങള്‍ എടുക്കാന്‍ പാടില്ലായിരുന്നുവെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടകയില്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ കൂടെ പങ്കുവെച്ചാണ് സുരേന്ദ്രന്‍ ശ്രീറാമിനെ കളക്ടര്‍ സ്ഥാനത്ത് നിന്നും നീക്കിയതിലുള്ള അഭിപ്രായം പറഞ്ഞത്.

അതേസമയം, ആലപ്പുഴ ജില്ലാ കളക്ടര്‍ സ്ഥാനത്ത് നിന്ന് ശ്രീറാം വെങ്കിട്ടരാമനെ മാറ്റി വി.ആര്‍.കൃഷ്ണ തേജയെ പുതിയ ആലപ്പുഴ കളക്ടറായി നിയമിച്ചു. ശ്രീറാമിനെ സിവില്‍ സപ്ലൈസ് വകുപ്പിലേക്കാണ് മാറ്റിയത്. സപ്ലൈകോ ജനറല്‍ മാനേജരായാണ് പുതിയ നിയമനം. സപ്ലൈകോയുടെ കൊച്ചി ഓഫീസിലാണ് ശ്രീറാം ഇനി പ്രവര്‍ത്തിക്കേണ്ടത്. ജോയിന്റ് സെക്രട്ടറിക്ക് തുല്യമായ പദവിയാണിത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മാധ്യമപ്രവര്‍ത്തകനായിരുന്ന ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ കോടതി ഏതു ശിക്ഷ വിധിച്ചാലും കേരളത്തില്‍ ആരും അതിനെതിരെ രംഗത്തുവരുമെന്ന് തോന്നുന്നില്ല.

അദ്ദേഹത്തെ കളക്ടര്‍ ആയി നിയമിക്കേണ്ടിയിരുന്നോ എന്നകാര്യത്തിലും തര്‍ക്കമുന്നയിക്കാന്‍ നമ്മുടെ നാട്ടില്‍ അവകാശമുണ്ട്. എന്നാല്‍ അദ്ദേഹത്തിനെ കളക്ടറായി നിയമിച്ച ശേഷം ഒരു വിഭാഗം ആളുകളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി തീരുമാനം പിന്‍വലിച്ച നടപടി തികഞ്ഞ ഭീരുത്വമായിപ്പോയി.


സംഘടിത ശക്തികള്‍ക്കുമുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കിയത് തെറ്റായ സന്ദേശം തന്നെയാണ് നല്‍കുന്നത്. സര്‍വ്വീസില്‍ തിരിച്ചെടുത്തയാളെ ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്ന് പറയുന്നത് നീതീകരിക്കാനാവില്ല. ഇന്ദ്രനേയും ചന്ദ്രനേയും പേടിയില്ലെന്നൊക്കെ പറയുന്നത് വെറും തള്ളുമാത്രമായിപ്പോകുന്നു. നട്ടെല്ലിന് ഉറപ്പില്ലാത്തവര്‍ ഇത്തരം തീരുമാനങ്ങള്‍ എടുക്കാന്‍ പാടില്ലായിരുന്നു.

Content Highlight: BJP Leader K Surendran’s reaction about the removal of Sreeram Venkitaraman from the post of Alappuzha district collector